بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

വെല്‍ഫെയര്‍ പാര്‍ട്ടി നിലവില്‍വന്നു
അബ്ബാദ്
ദേശീയ തലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ സംഘടന നിലവില്‍ വന്നു. ന്യൂദല്‍ഹി മാവ്‌ലങ്കര്‍ ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഏപ്രില്‍ 18-നാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്നതാണ് മുദ്രാവാക്യം. മുജ്തബ ഫാറൂഖ് ആണ് പ്രസിഡന്റ്. കേരളത്തില്‍ നിന്നുള്ള ഫാദര്‍ അബ്രഹാം ജോസഫ്, കര്‍ണാടക മുന്‍മന്ത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ലളിതാ നായിക്, മുന്‍ ബി.എസ്.പി എം.പി ഇല്യാസ് ഖാസ്മി, മര്‍കസി ജംഇയ്യത്ത് അഹ്‌ലെ ഹദീസ് മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് ഖില്‍ജി, ഓള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ പ്രസിഡന്റ് സഫറുല്‍ ഇസ്‌ലാം ഖാന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്. ഡോ. എസ്.ക്യു.ആര്‍ ഇല്യാസ്, പി.സി ഹംസ, മുന്‍ ബീഹാര്‍ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ പ്രഫ. സുഹൈല്‍ അഹ്മദ് ഖാന്‍, സാമൂഹിക പ്രവര്‍ത്തകരായ രമ പഞ്ചല്‍, ഖാലിദ പര്‍വീന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരും പ്രഫ. രാമസൂര്യറാവു (ആന്ധ്രാപ്രദേശ്), സുബ്രഹ്മണി (തമിഴ്‌നാട്), അഡ്വ. ആമിര്‍ റഷീദ്, അഖ്തര്‍ ഹുസൈന്‍ അഖ്തര്‍ എന്നിവര്‍ സെക്രട്ടറിമാരും അബ്ദുസ്സലാം വാണിയമ്പലം ട്രഷററുമാണ്.


ദേശീയ പ്രസിഡന്റ് മുജ്തബ ഫാറൂഖ് മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയാണ്. ജമാഅത്തെ ഇസ്‌ലാമി മഹാരാഷ്ട്ര അമീര്‍, ദേശീയ സെക്രട്ടറി, കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ ഇന്ത്യന്‍ മുസ്‌ലിംസ് സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ ജോ. സെക്രട്ടറി തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ-മാധ്യമരംഗത്തും സജീവ സാന്നിധ്യമാണ്.


വൈസ് പ്രസിഡന്റ് ഇല്യാസ് ആസ്മി പരിചയസമ്പന്നനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. ഉത്തര്‍പ്രദേശുകാരനായ ആസ്മി മുസ്‌ലിം-ദലിത് സാഹോദര്യ രാഷ്ട്രീയത്തിന്റെ ഏറ്റവും ആദ്യ പരീക്ഷണമായ മുസ്‌ലിം മജ്‌ലിസിന്റെ ശില്‍പികളില്‍ ഒരാളാണ്. 1967-ല്‍ യു.പി അസംബ്ലി അംഗമായി. പിന്നീട് സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി എന്നീ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് മൂന്നു തവണ ലോക്‌സഭാംഗമായിട്ടുണ്ട്.


ഫാദര്‍ അബ്രഹാം ജോസഫ് കൊല്ലം ജില്ലയിലെ അഞ്ചല്‍ നിവാസിയും കാത്തലിക് വൈദികനുമാണ്. വിദ്യാര്‍ഥികാലം തൊട്ടേ സജീവമായി സാമൂഹിക, രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം ജനകീയ പ്രതിരോധ സമിതി എക്‌സിക്യൂട്ടീവ് മെമ്പറാണ്. കൊല്ലം ജില്ലയിലെ വിവിധ ജനകീയ സമരങ്ങളിലെ സജീവ സാന്നിധ്യമാണ് ഫാദര്‍.


മൗലാനാ അബ്ദുല്‍ വഹാബ് ഖില്‍ജി ജംഇയ്യത്ത് അഹ്‌ലെ ഹദീസിന്റെ മുന്‍ ദേശീയ ജന. സെക്രട്ടറിയും ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റിന്റെ ദേശീയ പ്രസിഡന്റുമാണ്. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ ഇന്ത്യന്‍ മുസ്‌ലിംസിന്റെ എക്‌സിക്യൂട്ടീവ് മെമ്പറായ ഈ സലഫി പണ്ഡിതന്‍ തലസ്ഥാനത്തെ ന്യൂനപക്ഷാവകാശ സമരങ്ങളിലെ നിറസാന്നിധ്യമാണ്.


ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറയുടെ ദേശീയ ആക്ടിംഗ് പ്രസിഡന്റും മില്ലി ഗസറ്റിന്റെ പത്രാധിപരുമാണ്. ഫലസ്ത്വീന്‍, മധേഷ്യന്‍ കാര്യങ്ങളിലെ ആധികാരിക സ്വരമായ ഡോ. ഖാന്‍ അന്താരാഷ്ട്ര ഇസ്‌ലാമിക ലോകത്തെ പരിചയസമ്പന്നനാണ്.


ലളിതാ നായിക് കര്‍ണാടകയിലെ മുന്‍ മന്ത്രിയാണ്. ദലിത്-ആദിവാസി അവകാശ പ്രവര്‍ത്തക കൂടിയാണവര്‍.


ജന. സെക്രട്ടറിയായ ഡോ. എസ്.ക്യൂ.ആര്‍ ഇല്യാസ് ദേശീയ ന്യൂനപക്ഷ, മനുഷ്യാവകാശ, രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യമാണ്. ബാബരി മസ്ജിദ് കമ്മിറ്റി, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയവയുടെ നേതൃരംഗത്ത് നിറഞ്ഞുനിന്ന ഡോ. ഇല്യാസ് പരിചയസമ്പന്നനായ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ്. അഫ്കാറെ മില്ലിയുടെ എഡിറ്ററാണ്.


പ്രഫ. സുഹൈല്‍ അഹ്മദ് ഖാന്‍ ബീഹാര്‍ ന്യൂനപക്ഷ കമീഷന്റെ മുന്‍ ചെയര്‍മാനാണ്.


പ്രഫ. രമാ പഞ്ചല്‍ ഇന്‍ഡോര്‍ യൂനിവേഴ്‌സിറ്റിയിലെ റിട്ട. പ്രഫസറാണ്. ദലിത് ആക്ടിവിസ്റ്റാണ്.


ഖാലിദ പര്‍വീന്‍ ഹൈദരാബാദിലെ സജീവ സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. ജമാഅത്തെ ഇസ്‌ലാമി ആന്ധ്രപ്രദേശ് മീഡിയ സെക്രട്ടറിയാണ്.


പി.സി ഹംസ എസ്.ഐ.ഒ മുന്‍ അഖിലേന്ത്യാ പ്രസിഡന്റാണ്. മികച്ച സംഘാടകനും മാധ്യമ പ്രവര്‍ത്തകനും കൂടിയാണദ്ദേഹം.


ട്രഷറര്‍ ഡോ. അബ്ദുസ്സലാം വാണിയമ്പലം ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയ്യുടെ ഡയറക്ടറാണ്. പണ്ഡിതന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, സംഘാടകന്‍ എന്നീ മേഖലകളില്‍ മുദ്ര പതിപ്പിച്ചയാളാണ്.


സെക്രട്ടറിയായ പ്രഫ. രാമ സൂര്യ റാവു ആന്ധ്രപ്രദേശിലെ എല്ലൂരു സ്വദേശിയും ജനസേവകനുമാണ്. അഖ്തര്‍ ഹുസൈന്‍ അഖ്തര്‍ കാണ്‍പൂര്‍ സ്വദേശിയും സാമൂഹിക, രാഷ്ട്രീയ രംഗത്ത് പരിചയസമ്പന്നനുമാണ്. അഡ്വ. ആമിര്‍ റഷാദ് മുറാദാബാദ് സ്വദേശിയും രാഷ്ട്രീയ, നിയമ പ്രവര്‍ത്തകനുമാണ്.


സുബ്രഹ്മണി ചെന്നൈയിലെ അറിയപ്പെട്ട അഴിമതിവിരുദ്ധ പ്രവര്‍ത്തകനും തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനായി ഏറെ ശ്രമങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയുമാണ്.


© Prabodhanam Weekly, Kerala


welfare പാര്‍ട്ടി  മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനാണ്  വോട്ട് ചോദിക്കുന്നത്....!!!! 

എന്താണ്  ജമാഅത്തെ ഇസ്ലാമിയുടെ  മൂല്യാധിഷ്ഠിത രാഷ്ട്രീയം?


 അഥവാ അവര്‍ ഇന്ത്യയില്‍  കൊണ്ട് വരുവാന്‍ ഉദ്ദേശിക്കുന്ന "മാറ്റം "?!

മുന്‍പ് കേരളത്തില്‍ ജനകീയ മുന്നണി ഉണ്ടാക്കി  രാഷ്ട്രീയത്തില്‍  പ്രവര്‍ത്തിച്ച ജമാഅത്തെ ഇസ്ലാമിയുടെ
"ഇന്ത്യന്‍ ജനകീയ മുന്നണിയാണ് " ഈ welfare പാര്‍ട്ടി...
അത് കൊണ്ട് തന്നെ മുന്‍പ് അവരോടു ഉന്നയിച്ച ചില ചോദ്യങ്ങള്‍ ഇന്നും പ്രസക്തമാകുന്നു ..വായിക്കുക
===============================================
ജനകീയ മുന്നണി മാറ്റത്തിനാണ്‌ വോട്ട് ചോദിക്കുന്നത്. എന്ത് മാറ്റത്തിന്‌ ???

സ്ഥാപകന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ " അമുസ്ലിം പാചകക്കാരനില്‍ നിന്ന് മുസ്ലിം പാചകക്കാരനിലേക്കുള്ള "മാറ്റം". നിഷിദ്ധ വ്യവസ്ഥയുടെ മാറ്റമല്ല. ചലിപ്പിക്കുന്ന കരങ്ങളുടെ മാറ്റം.

"അതിനാല്‍ നിലവിലുള്ള ദുര്‍വ്യവസ്ഥിതിയെ അതേപടി നിലനിര്‍ത്തിക്കൊണ്ട്, അതിനെ ചലിപ്പിക്കുന്ന കൈകളെ മാത്രം മാറ്റുകയെന്ന ബാഹ്യമായ ഒരു പരിവര്‍ത്തനം കൊണ്ട് സം‍തൃപ്തിയടയുക നമുക്ക് സാദ്ധ്യമല്ല....."
ഇതായിരുന്നു "ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം" അന്ന്.


"നമ്മുടെ വിരോധം കേവലം മതേതര-ദേശീയ-ജനാധിപത്യ വ്യവസ്ഥിതിയോടാണ്‌. അതിനെ ചലിപ്പിക്കുന്ന കൈകള്‍ ഹിന്ദുവിന്‍റെയോ മുസല്‍മാന്‍റെയോ, പാശ്ചാത്യന്‍റെയോ ആരുടെ തന്നെയായാലും കൊള്ളാം. ഏതു നാട്ടില്‍ ‍, ഏതു ജനതയുടെ മേല്‍ ഈ ഭയങ്കരവിപത്ത് അടിച്ചേല്‍പിക്കപ്പെടുന്നതായാലും അവിടത്തെ ദൈവ ദാസന്മാരെ നാം ശക്തിയുക്തം ആഹ്വാനം ചെയ്യുന്നതായിരിക്കും, ആ വിപത്തിനെക്കുറിച്ച് ജാഗരൂകരാകുവാന്‍! അതിനെ തുടച്ചു മാറ്റി ഒരു ഉത്തമ സാമൂഹ്യവ്യവസ്ഥിതി സ്ഥാപിക്കുവാന്‍ "
വര്‍ഷങ്ങള്‍ക്ക് ശേഷം ജനാധിപത്യമാകുന്ന ഭയങ്കരവിപത്തിനെ ചലിപ്പിക്കുന്ന കൈകളെ മാറ്റി, സ്വയം അതിനെ ചലിപ്പിക്കാന്‍ ജമാഅത്തുകാര്‍ രംഗത്തു വന്നിരിക്കുന്നു.


ജമാഅത്ത് "രാഷ്ട്രീയ ശിര്‍ക്ക്" ഇതര മുസ്ലിംകളില്‍ ആരോപിച്ചതിന്‍റെ കാരണം കാണുക.


"3 ചോദ്യം 
എന്‍ വി മുഹമ്മദ് സക്കരിയ്യ.

കോണ്‍ഗ്രസ്സ്, ജനതാദള്‍ , മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നത് മൂലം മുജാഹിദ് പ്രവര്‍ത്തകര്‍ നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം അല്ലാഹു അല്ലാത്തവര്‍ക്കു വകവച്ചു കൊടുക്കുന്നുവെന്നും, ശിര്‍ക്ക് ചെയ്യുന്നുവെന്നും ജമാഅത്തെ ഇസ്ലാമിക്ക് വാദമുണ്ടോ?

മറുപടി. ശൈഖ് മുഹമ്മദ് കാരക്കുന്ന്

ഇന്ത്യയിലെ എല്ലാ മതേതര ജനാധിപത്യ രാഷ്ടീയ കക്ഷികളും നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന് പ്രഖ്യാപിച്ചവയാണ്‌. അല്ലാഹുവിന്നാണെന്ന് പ്രഖ്യാപിച്ച ഒരു പാര്‍ട്ടിയുമില്ല. അത്തരം സംഘടനകളുടെ ആദര്‍ശല‍ക്ഷ്യങ്ങളും ഭരണഘടനയും മനസ്സാ അംഗീകരിച്ച് അവയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന അവയുടെ പ്രഖ്യാപിത നയത്തോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നുണ്ടോ ഇല്ലേ എന്ന് തീരുമാനിക്കേണ്ടത് അങ്ങനെ ചെയ്യുന്നവരാണല്ലോ. നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന അവയുടെ കാഴ്ച്ചപ്പാട് ആത്മാര്‍ത്ഥമായി അംഗീകരിക്കുന്നെണ്ടെങ്കില്‍ അത് "ശിര്‍ക്ക്" തന്നെ."
(ഫെയ്സ് ടു ഫെയ്സ് പേജ് 184).


ജമാഅത്തു നേതാവിന്‍റെ മേല്‍ വിശദീകരണമനുസരിച്ച് ഇപ്പോള്‍ അവര്‍ കഠിനാധ്വാനം ചെയ്യുന്ന "ജനകീയ മുന്നണി"യെ പറ്റി ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.


1. ജനകീയ മുന്നണി, നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം ജനങ്ങള്‍ക്കോ അതോ അല്ലാഹുവിന്നാണ്‌ എന്നോ പ്രഖ്യാപിച്ചത്?
2. ജനകീയ മുന്നണിയുടെ ആദര്‍ശല‍ക്ഷ്യങ്ങള്‍ മനസ്സാ അംഗീകരിച്ച് അവയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജമാഅത്തുകാര്‍ നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന (ജനാധിപത്യ വ്യവസ്ഥ) അതിന്‍റെ പ്രഖ്യാപിത നയത്തോട് ആത്മാര്‍ത്തത പുലര്‍ത്തുന്നുണ്ടോ ഇല്ലയോ ?
3. ഇപ്പോള്‍ കോണ്‍ഗ്രസ്സ്, ജനതാദള്‍ , മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ജനകീയമുന്നണിയും തമ്മില്‍ "ജനങ്ങള്‍ക്ക് നിയമനിര്‍മ്മാണാധികാരം (ജനാധിപത്യം)" നല്‍കുന്ന വിഷയത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ ? ( അഴിമതിയുടെ കാര്യത്തിലല്ല.)
4. ഇക്കാലഘട്ടത്തിലെ "ഭയങ്കര വിപത്തായ" ജനാധിപത്യ- മതേതര വ്യവസ്ഥ അഴിമതിയും സ്വജനപക്ഷപാതവും മുഖേന ദുര്‍ബലമായി തകരുന്നതിനെ സഹായിക്കലാണോ, അല്ല അതിനെ ശുദ്ധീകരിച്ച് ശക്തമാക്കലാണോ "ഇബാദത്ത്"?
5. കോണ്‍ഗ്രസ്സ്, ജനതാദള്‍ ‍, മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിംകളും ജനകീയ മുന്നണിയില്‍ ചേര്‍ന്ന് ജനാധിപത്യം ശക്തമാക്കാന്‍ ശ്രമിക്കുന്ന ജമാഅത്തുകാരും തമ്മില്‍ "രാഷ്ടീയ ശിര്‍ക്ക്" ചെയ്യുന്ന വിഷയത്തില്‍ (അത് ശിര്‍ക്കാണെങ്കില്‍ ) എന്തെങ്കിലും വ്യത്യാസമുണ്ടോ?
ഭരണകൂടം നീതി കാണിക്കുന്നെങ്കില്‍ അതിനെ എതിര്‍ത്ത് പകരം അരാജകത്വം വരുത്തരുത് എന്ന് പറഞ്ഞതിനെ വരെ അവര്‍ പരിഹസിച്ചു. താഴെ കാണുക.


" മുജാഹിദുകള്‍ പറയുന്നു: " ഭരണം നീതിയോട് കൂടിയതാണെങ്കില്‍ എതിര്‍ക്കേണ്ടതില്ലെന്നും അനീതിയാണെങ്കില്‍ എതിര്‍ക്കേണ്ടതാണെന്നുമുള്ളത് ഇസ്ലാമിന്‍റെ മറ്റൊരു തത്വമാണ്‌. അവിടെ മുസ്ലിം ഗവണ്‍‍മെന്‍റോ അമുസ്ലിം ഗവണ്‍‍മെന്‍റോ എന്നതല്ല, നീതിയോ അനീതിയോ എന്നതാണ്‌ പ്രശ്നം" 

(ഇബാദത്തും ഇത്വാഅത്തും കെ പി മുഹമ്മദ് മൌലവി)

നീതിയും അനീതിയും ഏതെന്ന് തീരുമാനിക്കേണ്ടത് അല്ലാഹുവാണ്‌, ഈ തത്വം തന്നെ അമുസ്ലിം ഗവണ്‍മെന്‍റ് അംഗീകരിക്കുകയില്ല. നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം അല്ലാഹുവിനാണെന്ന് അംഗീകരിക്കാതിരിക്കലാണ്‌ ഏറ്റവും വലിയ അനീതി. ഒരമുസ്ലിം ഭരണകൂടം അല്ലാഹുവിന്‍റെ നിയമനിര്‍മ്മാണാധികാരം അംഗീകരിക്കുന്ന പ്രശ്നമില്ലല്ലോ."
( ശൈഖ് മുഹമ്മദ് കാരക്കുന്ന്. ഫെയ്സ് ടു ഫെയ്സ് പേജ് 196)
അനീതിക്കെതിരില്‍ "കാരവന്‍" നയിച്ചവര്‍ ‍, "നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം അല്ലാഹുവിനാണെന്ന് അംഗീകരിക്കാതിരിക്കലായ ഏറ്റവും വലിയ അനീതിക്കെതിരില്‍ ‍" ഒരക്ഷരം ഉരിയാടിയിട്ടില്ല. ഇപ്പോള്‍ പാര്‍ട്ടിയായിട്ടും ആ വിഷയം പരിഗണനയിലില്ല.
ആര്‍ട്ടിക്കിള്‍
കടപ്പാട് :
അനീസ് ആലുവ

പ്രതികരണം : 

0 Responses so far.

Post a Comment

വന്നതിനും വായിച്ചതിനും നന്ദി . . താങ്കള്‍ക്കു വിഷയവുമായി ബന്ധപ്പെട്ടു പറയുവാനുള്ളത് ഇവിടെ എഴുതുക. കമന്റ്‌ moderation ഉണ്ട് . കോപ്പി പേസ്റ്റ് കമന്റ്‌ കല്‍ അനുവദനീയമല്ല .
മറ്റുള്ളവ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും .