بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

ദീന്‍ എന്ന അറബി പദത്തെ വളച്ചൊടിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമി നേതാക്കന്മാര്‍ ഉണ്ടാക്കിയ ഫിത്നകള്‍ ചെറുതല്ല. ഇന്ത്യയിലെ മുസ്ലിംകള്‍ നിയമനിര്‍മ്മാണത്തിനുള്ള പരമാധികാരം ഗവണ്‍മെന്റിന് വക വച്ചുകൊടുത്തുകൊണ്ട് ശിര്‍ക്കില്‍ അകപ്പെട്ടിരിക്കുകയാണ് എന്നതായിരുന്നു അവരുടെ ഒരു വാദം. എന്നാല്‍ അവരുടെ പ്രസ്തുത സിദ്ധാന്തത്തിനു വിപരീതമായിക്കൊണ്ട് ഒരു ലേഖനം 1971 ജൂണില്‍ പ്രബോധനം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഇന്ത്യയിലെ മുസ്ലിംകളില്‍ ആരുംതന്നെ നിയമനിര്‍മ്മാണത്തിനുള്ള പരമാധികാരം സര്‍ക്കാരിന് വക വച്ചുകൊടുക്കുന്നില്ലെന്നും, എന്തിനേറെ, ഇന്ദിരാഗാന്ധിയുടെ ആരാധകര്‍പോലും അവര്‍ക്ക് പരമാധികാരം നല്‍കി അവര്‍ക്ക് ഇബാദത്ത് ചെയ്യുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ജമാഅത്ത് നേതൃത്വം പഠിപ്പിച്ചിരുന്ന സിദ്ധാന്തത്തിന് വലിയ തിരിച്ചടിയായ ആ ലേഖനത്തെകുറിച്ച് ശൈഖ് മുഹമ്മദ് കാരക്കുന്നിന് ഇപ്രകാരം പറയേണ്ടി വന്നു:

“പ്രബോധനത്തിലെ പ്രസ്തുത വാചകം അനവധാനമാണ്. ജമാഅത്തിന്റെ വീക്ഷണവുമായോ പ്രസ്തുത വാചകം ഉള്‍ക്കൊള്ളുന്ന ലേഖനത്തിന്റെ മൊത്തം ആശയവുമായോ പൊരുത്തപ്പെടുന്നില്ല ആ വാചകം. സ്വതന്ത്രവും പരമവുമായ നിയമനിര്‍മാണത്തിന് മനുഷ്യര്‍ക്ക് അധികാരമുണ്ടൈന്ന് വിശ്വസിക്കുന്നവര്‍ തന്നെയാണ് രാജ്യനിവാസികളില്‍ പലരും, ഭൌതികവാദികള്‍ വിശേഷിച്ചും. അതിനാല്‍ സ്വതന്ത്രമായി നിയമനിര്‍മാണത്തിന് തങ്ങള്‍ക്ക് പരമാധികാരമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തികളും സംഘടനകളും സര്‍ക്കാറുകളും ത്വാഗൂത്തുകളാണെന്നും അവരെ നിരുപാധികം അനുസരിക്കല്‍ ശിര്‍ക്കാണെന്നും ജമാഅത്ത് വിശ്വസിക്കുന്നു.” (ശൈഖ് മുഹമ്മദ് കാരക്കുന്ന്. മുഖാമുഖം. പേജ്. 44-45)



പ്രബോധനത്തിലെ ആ ഭാഗം കേവലം ശ്രദ്ധക്കുറവാണെന്നും, ജമാഅത്തെ ഇസ്ലാമിയുടെ വീക്ഷണവുമായും, ആ ലേഖനത്തിന്റെ മൊത്തം ആശയവുമായും ആ ഭാഗം പൊരുത്തപ്പെടുന്നില്ലെന്നും പറഞ്ഞ് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഇരട്ടത്താപ്പ് നയം സ്വീകരിക്കുകയാണ് മുഖാമുഖത്തിലൂടെ ലേഖകന്‍ ചെയ്യുന്നത്. എന്നാല്‍ ഈ അഭിപ്രായത്തോട് കെ.സി. അബ്ദുല്ല മൌലവി സ്വീകരിച്ച നിലപാട് അറിയേണ്ടത് പ്രസക്തമാണ്. അദ്ദേഹം അത് പൂര്‍ണ്ണമായും നിരാകരിക്കുകയാണ് ചെയ്തത്. ഇബാദത്ത് ഒരു സമഗ്രപഠനം എന്ന പുസ്തകത്തില്‍ അതിനെക്കുറിച്ച് അദ്ദേഹം സവിസ്തരം വിവരിക്കുന്നുണ്ട്. അതിങ്ങനെയാണ്:

“കേരളത്തിലുണ്ടായിരുന്ന ഇ.എം.എസ്. മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കുകയുണ്ടായി. പക്ഷേ, ഇ.എം.എസ്. മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കിയാല്‍ അവ ഹലാലായിത്തീരുമെന്നോ അവ ഹലാലാക്കാനുള്ള അന്തിമമായ അധികാരം ഇ.എം.എസിനുണ്ടെന്നോ ഇവിടെയുള്ള മുസ്ലിംകളാരും വിശ്വസിക്കുന്നില്ല. വല്ല മോഡേണിസ്റുകളും അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ ഇ.എം.എസിനെ ദൈവമാക്കുക തന്നെയാണ് ചെയ്യുന്നത്. ഇതേപോലെ ഇന്ത്യയിലുള്ള മുസ്ലിംകളാരും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും നിരോധിക്കുന്നതെന്തും ഹറാമുമാണെന്ന് വിശ്വസിക്കുകയോ നിരുപാധികമായ നിയമനിര്‍മ്മാണത്തിനുള്ള പരമാധികാരം അവര്‍ക്ക് വകവെച്ചു കൊടുക്കുകയോ ചെയ്യുന്നില്ല. അവര്‍ നിര്‍മ്മിക്കുന്ന ഏതു നിയമവും ദൈവികനിയമങ്ങള്‍ പോലെ ശാശ്വതവും അലംഘനീയവുമാണെന്നും കൂറോടും ഭക്തിയോടുംകൂടി എക്കാലത്തും മാറ്റമില്ലാതെ അനുസരിക്കപ്പെടേണ്ടതാണെന്നും ഒരിക്കലും അതില്‍ ഭേദഗതി പാടില്ലെന്നും ഇവിടെ അമുസ്ലിംകളെന്നല്ല ഇന്ദിരാഗാന്ധിയുടെ ആരാധകര്‍പോലും വിശ്വസിക്കുന്നില്ല. അതിനാല്‍ അവരൊന്നുംതന്നെ പ്രധാനമന്ത്രിയുടെ നിയമങ്ങള്‍ പാലിക്കുകവഴി അവര്‍ക്ക് ഇബാദത്ത് ചെയ്യുന്നില്ല. അഥവാ വല്ല മോഡേണിസ്റുകളും അങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ ഇന്ദിരാഗാന്ധിക്ക് ഇബാദത്ത് ചെയ്യുന്നു. ഇന്ദിരാഗാന്ധിയെ ഇലാഹാക്കുകയും ചെയ്യുന്നു. അതേപോലെ സാക്ഷാല്‍ ഹലാലിന്റെയും ഹറാമിന്റെയും മാനദണ്ഡം ഖുര്‍ആനും സുന്നത്തുമാണെന്നാണ് ഇന്ത്യയിലുള്ള മുസ്ലിംകളെല്ലാം അത്മാര്‍ത്ഥമായി വിശ്വസിക്കുന്നത്. ഇനി മോഡേണിസ്റുകള്‍, ജനഹിതമോ ഇന്ത്യന്‍ ഭരണഘടനയോ ആണ് സാക്ഷാല്‍ ഹലാലിന്റെയും ഹറാമിന്റെയും മാനദണ്ഡമെന്നു വിശ്വസിക്കുന്നുവെങ്കില്‍ അവയെ അവര്‍ ദീനും ശരീഅത്തുമായി അംഗീകരിക്കുകയാണെന്നതില്‍ സംശയമില്ല. അവരുടെ ദൃഷ്ടിയില്‍ ബ്രിട്ടീഷ് പാര്‍ലിമെന്റു സ്വവര്‍ഗ്ഗസംഭോഗവും ഗര്‍ഭഛിദ്രവും നിയമവിധേയമാക്കിയതിനാല്‍ അവ രണ്ടും ഹലാലും ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റ് വര്‍ഗ്ഗസമത്വം ഹറാമാക്കിയതിനാല്‍ അത് ഹറാമും ആയിത്തീരും.”

ഈ മറുപടിയില്‍ സമര്‍പ്പിച്ച ആശയങ്ങള്‍ വളരെ വ്യക്തവും ലളിതവുമാണ്. ജമാഅത്തെ ഇസ്ലാമി ആരംഭംമുതലേ ശക്തമായി പ്രചരിപ്പിച്ചുവരുന്ന ആശയങ്ങളാണവ.


 ഏതു വായനക്കാരനും സുഗ്രാഹ്യമാണ് ഈ ആശയങ്ങള്‍, യോജിക്കുന്നതും യോജിക്കാത്തതും വേറെ കാര്യം.” (കെ.സി. അബ്ദുല്ല മൌലവി. ഇബാദത്ത് ഒരു സമഗ്ര പഠനം. പേജ് 48, 49)


കെ.സി. അബ്ദുല്ല മൌലവി അഭിപ്രായപ്പെട്ടതില്‍, ആരാണ് മേല്‍പറഞ്ഞ ആശയത്തോട് യോജിക്കുന്നത്? ആരാണിതിനോട് വിയോജിക്കുന്നത്? കേരളത്തിലെ ജമാഅത്തിന്റെ മുന്‍ കേരള ഹല്‍ഖാ അമീര്‍ ഇതിനോട് യോജിക്കുമ്പോള്‍ ഇപ്പോഴത്തെ അസ്സി. അമീറായ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഇതിനോട് വിയോജിക്കുന്നു.
 കാരക്കുന്നുകാരന്‍ പ്രസ്തുത ഭാഗം അനവധാനം അഥവാ ശ്രദ്ധക്കുറവ് എന്ന് പറയുമ്പോള്‍ കെ.സി. മൌലവി അതിനെ വളരെ ലളിതവും വ്യക്തവുമായത് എന്ന് പരിചയപ്പെടുത്തുന്നു!

 ഇത് കേവലം ജമാഅത്ത് ഇസ്ലാമിയോടുള്ള വിമര്‍ശനമല്ല, മറിച്ച് ഗൌരവമായ വിഷയമായിത്തന്നെ ഇത് വായനക്കാര്‍ എടുക്കണം. ഓരോ മുസ്ലിമും വളരെ പ്രധാനമായി കാണുന്ന ഒരു വിഷയമാണ് ഇബാദത്ത്, അതുപോലെത്തന്നെ ഇബാദത്ത് അല്ലാഹു അല്ലാത്തവര്‍ക്ക് ചെയ്താല്‍ ഉണ്ടാകുന്ന ശിര്‍ക്കും. ഇത്രയും ഗൌരവമായ ഒരു വിഷയത്തെ കുറിച്ചാണ് ജമാഅത്തെ ഇസ്ലാമിയുടെ രണ്ട് പ്രമുഖ നേതാക്കന്മാര്‍ പരസ്പരവിരുദ്ധമായി പ്രതികരിക്കുന്നത്. ഇത്തരം ഇരട്ടയായ വീക്ഷണം ജമാഅത്തെ ഇസ്ലാമിയുടെ തനതു സ്വഭാവത്തില്‍ പെട്ടതാണ് എന്നറിയാഞ്ഞിട്ടല്ല പ്രതികരിക്കുന്നത്, പക്ഷെ വിഷയം അക്വീദയാണ്; തൌഹീദും ശിര്‍ക്കും വേര്‍തിരിക്കുന്ന ഇബാദത്താണ്.

കെ.സി.യുടെ ലേഖനത്തില്‍ പറഞ്ഞതു പോലെ, ഇന്ത്യയിലെ മുസ്ലിംകള്‍ ആരും തന്നെ സര്‍ക്കാരിനെ ഇലാഹാക്കുന്നില്ല എന്ന് പറഞ്ഞതില്‍ മുജാഹിദുകളും ഉള്‍പ്പെടുമല്ലോ. പിന്നെ എന്തിനാണ് മുജാഹിദുകള്‍ രാഷ്ട്രീയ ശിര്‍ക്കിന്റെ ആളുകളാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് സാധാരണ ജനങ്ങള്‍ക്കിടയില്‍ ജമാഅത്തെ ഇസ്ലാമി ആശയക്കുഴപ്പം ഉണ്ടാക്കുന്നത്? സത്യത്തില്‍ ജമാഅത്ത് പ്രചരിപ്പിക്കുന്ന ആരോപണങ്ങളെല്ലാം പ്രയോക്താക്കള്‍ക്കു നേരെ തന്നെ തിരിച്ചടിയായിരിക്കുകയാണ്. ഒരുകാലത്ത് വോട്ടുചെയ്യല്‍ അനുവദനീയമല്ല എന്നുപറഞ്ഞു നടന്നവര്‍, ഇന്ന് അതിന്റെ സ്ഥാനപതികളായി ചമഞ്ഞ് വിലസുന്നത് അതിനുള്ള ഉദാഹരണങ്ങളില്‍ ഒന്നാണ്. പക്ഷേ, കാഞ്ഞിരക്കാ പിഴിഞ്ഞാല്‍ തേനടുെക്കാന്‍ ആകില്ല എന്നറിവുള്ളത് കൊണ്ടുതന്നെ ആ മാറ്റത്തിലും ജമാഅത്തെ ഇസ്ലാമിയില്‍ നിന്ന് നല്ലത് പ്രതീക്ഷിക്കാന്‍ വകയില്ല. അല്ലാഹുവിന്റെ പരമാധികാരവും വോട്ടിംഗുമൊക്കെയായി ബന്ധപ്പെടുത്തികൊണ്ട് മുമ്പ് പറഞ്ഞ അനേകം പ്രസ്താവനകള്‍ ഇവര്‍ക്ക് തിരുത്താനും വയ്യ, ജനങ്ങളുടെ മുമ്പില്‍ ജനാധിപത്യസംരക്ഷകരായി ചമയുകയും വേണം.

 എങ്കില്‍ പിന്നെ അതിനും ചില ന്യായം വേണ്ടിവരുമല്ലോ; ദാ അതുകേട്ടോളൂ:

 “പ്രത്യക്ഷത്തില്‍ ഇരുവിഭാഗവും ചെയ്യുന്നത് ഓരോ കാര്യമാണെങ്കിലും രണ്ടിന്റെയും അടിസ്ഥാനങ്ങള്‍ വ്യത്യസ്ഥങ്ങളായതിനാല്‍ അവയ്ക്കിടയില്‍ അന്തിമ വിശകലനത്തില്‍ അനല്‍പമായ അന്തരമുണ്ടായിരിക്കും. തിരഞ്ഞെടുപ്പിലെ വോട്ടിങ്ങില്‍ സംഭവിച്ചതും അതുതന്നെ. ബാഹ്യതലത്തില്‍ പ്രകടമായ അന്തരമില്ലാത്ത കാര്യങ്ങള്‍ പലപ്പോഴും ഇസ്ലാമിക പരിപ്രേക്ഷ്യമനുസരിച്ച് വിഭിന്ന ഫലങ്ങളുള്ളവയായിരിക്കും. ഖബര്‍ സന്ദര്‍ശനം (സിയാറത്ത്) നടത്തുന്ന വ്യക്തിയും ഖബറാരാധകനും ചെന്നു നില്‍ക്കാറുള്ളത് ഒരേ സ്ഥലത്താണല്ലോ. പക്ഷേ, ഒന്ന് സുന്നത്തും മറ്റേത് ശിര്‍ക്കുമാണ്. പല പ്രവര്‍ത്തനങ്ങളിലും ഈ അന്തരം പ്രകടമാണ്. ജീവിതത്തിലുടനീളം പരമാധികാരം അല്ലാഹുവിന്ന് മാത്രമാണെന്ന് വിശ്വസിക്കുന്ന വ്യക്തി, താനുള്‍ക്കൊള്ളുന്ന ഇസ്ലാമിക സമൂഹനേതൃത്വം ദീനിന്റെയും സമുദായത്തിന്റെയും നാടിന്റെയും ജനതയുടെയും നല്ല ലക്ഷ്യമാക്കി എടുത്ത തീരുമാനങ്ങള്‍ അനുസരിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതും, രാഷ്ട്രീയത്തില്‍ പരമാധികാരം ആര്‍ക്കുമാകാമെന്നും തൌഹീദും രാഷ്ട്രീയവുമായി ബന്ധമില്ലെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തി തന്റെ താല്‍പര്യത്തിനനുസരിച്ച് വോട്ട് ചെയ്യുന്നതും ഫലത്തില്‍ ഒരു സ്ഥാനാര്‍ത്ഥിക്കാണെങ്കില്‍ പോലും അവയ്ക്കിടയിലെ അന്തരം ഇസ്ലാമിന്റെ മൌലിക സിദ്ധാന്തങ്ങളറിയുന്ന ആരെയും തെര്യപ്പെടുത്തേണ്ടതില്ല.” (ശൈഖ് മുഹമ്മദ് കാരക്കുന്ന്. വിമര്‍ശകര്‍ക്ക് മറുപടി. പേജ്. 52)

ജമാഅത്തിന്റെ വോട്ടിനെ ഖബര്‍ സന്ദര്‍ശനമെന്ന സുന്നത്തിനോടും, മറ്റുള്ളവരുടേത് ഖബറാളികളോട് തേടുന്ന ഖബറാരാധകന്റെ ശിര്‍ക്കുമായി ഉപമിക്കുന്ന ലേഖകന്റെ മനഃസ്ഥിതിയില്‍ പുതുമയൊന്നുമില്ല. ജമാഅത്ത് രൂപീകരണത്തിന്റെ തുടക്കം മുതല്‍തന്നെ മുവഹ്ഹിദുകളായ സത്യവിശ്വാസികളുടെ മേല്‍ ശിര്‍ക്കാരോപിച്ച് സമുദായത്തില്‍ മേല്‍വിലാസം ഉണ്ടാക്കാന്‍ ശ്രമിച്ച ഇവര്‍ ഖവാരിജുകളുടെ പിന്‍ഗാമികളാണല്ലൊ. പക്ഷെ, പ്രചരിപ്പിക്കുന്ന കാര്യത്തില്‍ അല്പമെങ്കിലും ധാര്‍മ്മികത്വം കാത്തുസൂക്ഷിക്കാനുള്ള ശ്രമമെങ്കിലും ഇല്ലാതായിപ്പോയി എന്നതും ഒരു മതിപ്പായി കൊണ്ടുനടക്കുന്നതിലാണ് നമുക്ക് ഖേദം.

വോട്ട് ചെയ്യുന്ന സമയത്ത് യാതൊരു നിലക്കും രാജ്യത്തിന്റെ പരമാധികാരം ആര്‍ക്കുമാകാമെന്ന് വിശ്വസിക്കരുത്, കാരണം അത് ശിര്‍ക്കില്‍ അകപ്പെടാനുള്ള ഇടയാകും; സ്വതന്ത്രമായി നിയമനിര്‍മാണത്തിന് തങ്ങള്‍ക്ക് പരമാധികാരമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തികളും സംഘടനകളും സര്‍ക്കാറുകളും ത്വാഗൂത്തുകളാണെന്നും അവരെ നിരുപാധികം അനുസരിക്കല്‍ ശിര്‍ക്കാണ് (ശൈഖ് മുഹമ്മദ് കാരക്കുന്ന്. മുഖാമുഖം. പേജ്. 44, 45) എന്നുമൊക്കെയുള്ള ജമാഅത്തുകാരുടെ തര്‍ബിയത്തും തസ്കിയത്തും പക്ഷെ കുല തൊടാറായപ്പോള്‍ തളപ്പറ്റുപോയി എന്നു പറഞ്ഞതുപോലെ തിരഞ്ഞെടുപ്പ് ത്രില്ലില്‍ അണികള്‍ മറന്നു. അവരില്‍ കുത്തിനിറക്കാന്‍ ശ്രമിച്ച പല ആശയങ്ങളും നേരെ ചവറ്റുകൊട്ടയിലേക്കാണ് അനുയായികള്‍ എറിഞ്ഞത്. കാരണം രാജ്യത്തിന്റെ (ത്വാഗൂത്തിന്റെ) പരമാധികാരം ഉയര്‍ത്തിപ്പിടിക്കാന്‍ തോളോടു തോള്‍ ചേരേണ്ട സമയം ആസന്നായിരിക്കുന്നു എന്നും, ഇന്ത്യന്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനുള്ള സാമ്രാജ്യത്വ തന്ത്രങ്ങളെ പ്രതിരോധിക്കാന്‍ നാം കണ്ണും കാതും തുറന്നുവെക്കണം എന്നെല്ലാമുള്ള മുദ്രാവാക്യങ്ങള്‍ ഇതേ നേതാക്കന്‍മാരിലൂടെ തന്നെ മറുവാതില്‍ വഴി ഇവര്‍ക്ക് കിട്ടുകയായിരുന്നു. അല്ലാഹുവിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ തത്സ്വരൂപമാണ് ഇത്!

 മൌദൂദിയെ സംരക്ഷിക്കാനായി ഇന്നും ഒരു വശത്ത് ജനാധിപത്യത്തിനെതിരില്‍ അമ്പെറിയുമ്പോള്‍ ലോകത്തിലെ മുഴുവന്‍ ജനാധിപത്യ ധ്വംസകര്‍ക്കുമെതിരിലുളള സമരായുധവും മുഴുവന്‍ ജനാധിപത്യ വിശ്വാസികള്‍ക്കുമുള്ള സമ്മാനവുമാവണം നമ്മുടെ ബാലറ്റുകള്‍ എന്ന് അതേ തലച്ചോറുകള്‍ ഇലക്ഷന്‍ സീസണുകളില്‍ വിളിച്ചുപറയുകയാണ്. ഇവരാണ് പോലും സമഗ്ര ഇസ്ലാമിന്റെ വക്താക്കള്‍.! ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കള്‍ക്ക് ദീനിന്റെ അക്വീദ എന്താണ് എന്ന് തിരിഞ്ഞിട്ടില്ല എന്നതുമാത്രമല്ല, എഴുതിവിടുന്നതും പ്രവര്‍ത്തിക്കുന്നതും എന്താണ് എന്നതുപോലും മനസിലാക്കാനുള്ള വകതിരിവും നഷ്ടപ്പെട്ടിരിക്കുന്നു.

 മുജാഹിദുകള്‍ മുമ്പേ പറയാറുള്ളതു പോലെ, കേവല രാഷ്ട്രീയ കോണിലൂടെ മാത്രം ദീനിനെ പഠിക്കാന്‍ ശ്രമിച്ചതാണ് ഇവരുടെ അസ്ഥിരതയുടെ മുഖ്യകാരണം. ഇജ്തിഹാദിന്റെ പേരു പറഞ്ഞ് ശിര്‍ക്കും തൌഹീദുമൊക്കെ മാറിമറഞ്ഞു വരികയാണ്. ജമാഅത്ത് നേതാക്കള്‍ക്കിടയില്‍ പോലും ആദര്‍ശപരമായുള്ള സ്ഥൈര്യം കാണുന്നില്ല എന്നത് നമ്മള്‍ തുടക്കത്തില്‍ കണ്ടു, പിന്നെ അനുയായികളുടെ തദ്വിഷയകമായ ഘടന എങ്ങനെ ചിട്ടപ്പെടുത്താനാണ്. ഏതായാലും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി നിലകൊള്ളുന്ന ഈ ബിദ്ഈ പ്രസ്ഥാനം സത്യവിശ്വാസികള്‍ക്കും അതിന്റെ പ്രബോധകര്‍ക്കും വലിയ പ്രയാസമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇവരുടെ ശര്‍റില്‍ നിന്നും നമുക്ക് അല്ലാഹുവോട് രക്ഷ ചോദിക്കാം. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

അവലംബം  :islah  മാസിക 

11 സംവാദങ്ങള്‍:

  1. നല്ല പോസ്റ്റുകള്‍ ! ജമാഅത്തെ ഇസ്ലാമിയുടെ പൊയ്മുഖം വെളിവാക്കുന്ന ഇനിയും നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
    Replies
    1. ഇന്ഷ അല്ലഹ് തീര്‍ച്ചയായും ..:)

      Delete
  2. بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
    ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെപ്രവര്ത്തനത്തിന്റെ ഭാഗമാണ് . " നമുക്ക് തമ്മിൽ കലഹിച്ച് തീരാം...” “കഴിയുമെങ്കിൽ ഇന്നത്തെ മാധ്യമം എഡിറ്റോറിയൽ വായിക്കൂക.

    ReplyDelete
  3. بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
    ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെപ്രവര്ത്തനത്തിന്റെ ഭാഗമാണ് . " നമുക്ക് തമ്മിൽ കലഹിച്ച് തീരാം...” ഇതിനിടയിൽ ഇത്തിരി സമയം കിട്ടുമെങ്കിൽ ഇന്നത്തെ മാധ്യമം എഡിറ്റോറിയൽ വായിക്കുക.

    ReplyDelete
    Replies
    1. താങ്കള്‍ക്കു ഇത് കലഹമായി തോന്നിയാല്‍ എനിക്കെന്തു ചെയ്യാന്‍ കഴിയും .? ഇത്തരം വിഷയങ്ങള്‍ മാധ്യം എടിടോരിയാല്‍ ചര്‍ച്ച ചെയ്യാറില്ല . ജമാഅത്തെ ഇസ്ലാമിയില്‍ താങ്കള്‍ക്കു പരിചയമുള്ള വ്യക്തികള്‍ വ്യക്തിപരമായി നല്ല കാര്യങ്ങള്‍ ചെയ്യാറുണ്ട് എങ്കില്‍ അതൊന്നും ഇവിടെ ആരും വിമര്‍ശിക്കുന്നില്ല .ആക്ഷേപിക്കുന്നില്ല .

      ശിര്‍ക്ക് ചെയ്‌താല്‍ അല്ലാഹു പ്രവാചകനായി തിരഞ്ഞെടുത്ത മുഹമ്മദ്‌ നബിയുടെ പ്രവര്‍ത്തനങ്ങള്‍ പോലും നിഷ്ഫലമാകും എന്ന് പരിശുദ്ധ ഖുറാനില്‍ താങ്കള്‍ വായിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു . അപ്പോള്‍ അത്ര ഗുരുതരമായ ഒരു തിന്മയായ ശിര്‍ക്ക് എന്താണ് എന്ന കാര്യത്തില്‍ ഒരു വ്യക്തത വരുത്തേണ്ടത് പരലോകത്തില്‍ വിശ്വാസമുള്ള ഏതൊരു വിശ്വ്വസിയുടെയും ബാധ്യതയാണ് .അതിനായി പ്രമാണങ്ങളും വാദ ഗതികളും പരിശോധിക്കാം . സ്വന്തം അമനസാക്ഷി അനുസരിച്ച് അല്ലാഹുവിന്റെ കോടതിയില്‍ ബോധിപ്പിക്കാവുന്ന തീരുമാനം എടുക്കാം ... അല്ലാത്തവര്‍ക്ക് എന്തും ആവാം . നന്ദി വായനക്കും വരികള്‍ക്കും ..

      Delete
  4. ഇത്രയൊന്നും സാഹസപ്പെടേണ്ടതിലല്ലോ?. എന്താണ് രാഷ്ട്രീയമായി മുസ്ലിംകള്‍ എടുക്കേണ്ട നയനിലപാട് എന്ന് വ്യക്തമാക്കിയാല്‍ പോരെ. അതിന് ശേഷം ജമാഅത്ത് എടുത്ത നിലപാടുകളെ വിശകലനം ചെയ്യുകയും. അതില്‍ ഇന്നയിന്ന വശം ഇസ്ലാമുമായി യോജിച്ചുവരുന്നില്ല എന്ന് പറയുകയും ചെയ്താല്‍ വായിക്കുന്നവര്‍ക്ക് കാര്യം മനസ്സിലാകും.

    ജമാഅത്തിനെക്കുറിച്ച് അനാവശ്യവും അസത്യജഡിലവുമായ ഭീതിവിതക്കുക എന്നത് മാത്രമാണ് ഇത്തരം ലേഖനത്തിലൂടെ സംഭവിക്കുന്നത്. കേരളത്തിലെ യഥാസ്ഥിതികരെ പോലെ പുത്തന്‍വാദികളെ കരുതിയിരിക്കണം എന്ന അര്‍ഥ രഹിതമായ മുന്നറിയിപ്പ് കൊണ്ട് എന്ത് കാര്യം.

    ReplyDelete
    Replies
    1. അത് പോരല്ലോ മാഷെ അതിനു മുന്‍പ് ഈ രാജ്യത്തെ ഭരണ വ്യവസ്ഥ താഗൂതി ആണോ എന്ന് നോക്കേണ്ടേ ? അതിന്റെ നിയമങ്ങള്‍ അനുസരിച്ചാല്‍ ശിര്‍ക്ക് ആകുമോ എന്ന് നോക്കേണ്ടേ ? ഇത് വരെ പറഞ്ഞു കൊണ്ടിരുന്നതും നിങ്ങളൊരു ആളില്ലാ പാര്‍ട്ടി ഉണ്ടാക്കിയപ്പോള്‍ ബാക്കിയുള്ളവര്‍ മറക്കും എന്ന് കരുതിയോ ? അതോ ഇനിയിപ്പോള്‍ ആളില്ലാ പാര്‍ട്ടിയിലേക്ക് ആളെ കൂട്ടുക എന്ന അജണ്ട മാത്രമായി നിങ്ങള്‍ മാറിയോ ?

      Delete
  5. ആളുകള്‍ ജമാഅത്തെ ഇസ്ലാമിയെ സൂക്ഷിക്കട്ടേ.. സൂക്ഷിച്ച് പഠിക്കട്ടേ അത് സത്യവും ഇസ്ലാമികവുമാണ് എന്ന് ആര്‍ക്കും ബോധ്യപ്പെടും. ഒരു പ്രസ്ഥാനത്തെ അതിന്റെ വിമര്‍ശകരില്‍നിന്ന് കേള്‍ക്കുന്നത് കുഴപ്പമില്ല. പക്ഷെ സത്യം അറിയാന്‍ അത് മാത്രം പോരാ.. സമസ്തയുടെ അണികള്‍ സമസ്ത നേതാക്കള്‍ പറയുന്നത് മാത്രം കേട്ട് മുജാഹിദ് പ്രസ്ഥാനത്തെ വിലയിരുത്തിയാല്‍ എങ്ങനെയുണ്ടാകും.

    അതുകൊണ്ട് നമുക്ക് കാര്യങ്ങളെ കുതര്‍ക്കത്തില്‍നിന്ന് മുക്തമാക്കി സത്യസന്ധമായി കാണാം.

    ReplyDelete
    Replies
    1. താങ്കളുടെ മുന്‍ വിധികള്‍ മാറ്റി വെക്കാന്‍ തയ്യാറാവുക .സമസ്ത, മുജാഹിദ്, ജമാഅത്ത്, ഒക്കെ പറയുന്നത് കേള്‍ക്കുകയും പരിശുദ്ധ ഖുരാനിന്റെയും പ്രവാചക വചനങ്ങളുടേയും അടിസ്ഥാനത്തില്‍ പരിശോധിച്ച് പരലോക വിജയം കാംക്ഷിച്ചു നിലപാട് എടുക്കുകയും ചെയ്യുകയാണ് പോം വഴി . അല്ലാതെ വസ്തുതകള്‍ പറയുന്നതിനെ കുതര്‍ക്കമെന്നു ആക്ഷേപിച്ചു കടന്നു പോകലല്ല ...

      Delete
  6. This comment has been removed by the author.

    ReplyDelete
    Replies
    1. താങ്കളുടെ എഴുത്ത് വായിച്ചപ്പോള്‍ എനിക്ക് പറയാനുള്ളത് അത് തന്നെയാണ് .

      " അല്‍പജ്ഞാനം ഒരു കുറ്റമല്ല "


      ഇവിടെ ഒരാളുടെയും വ്യക്തിപരമായ കുറ്റമോ കുറവുകളോ പറഞ്ഞിട്ടില്ല . എന്നാല്‍ ഒരു മുസ്ലിം ജീവിതത്തില്‍ ഒരിക്കലും അറിഞ്ഞു കൊണ്ടോ അറിയാതെയോ വരാതിരിക്കാന്‍ ശ്രമിക്കേണ്ട ശിര്‍ക്ക് എന്ന കൊടിയ തിന്മയുടെ കാര്യത്തില്‍ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട് . അത് നിസ്സാരമാക്കുന്നവര്‍ക്ക് അങ്ങനാവാം . എന്റെ പരലോകത്ത് ഞാന്‍ തനിയെ നിങ്ങളുടെ പരലോകത്ത് നിങ്ങള്‍ തനിയെ ..:)

      നന്ദി വായനക്കും വരികള്‍ക്കും ..

      Delete

വന്നതിനും വായിച്ചതിനും നന്ദി . . താങ്കള്‍ക്കു വിഷയവുമായി ബന്ധപ്പെട്ടു പറയുവാനുള്ളത് ഇവിടെ എഴുതുക. കമന്റ്‌ moderation ഉണ്ട് . കോപ്പി പേസ്റ്റ് കമന്റ്‌ കല്‍ അനുവദനീയമല്ല .
മറ്റുള്ളവ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും .