മുജാഹിദ് പ്രസ്ഥാനത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ വേണ്ടി ഇവര്‍ എഴുതുന്നതു കാണുക:
``ജമാഅത്തെ ഇസ്‌ലാമിയെ എതിര്‍ക്കാനിറങ്ങുമ്പോള്‍ ഇസ്‌ലാമിക ഭരണത്തിനുവേണ്ടി ശ്രമിക്കേണ്ടതില്ലെന്നും ഭരണം ലഭിക്കുകയാണെങ്കില്‍ ഇസ്‌ലാമികമായി നടത്തിയാല്‍ മതിയെന്നും വാദിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ മറവില്‍ ഇസ്‌ലാമിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഇത്തരം ദയനീയമായ പരിണാമങ്ങളും വിചിത്രമായ വൈരുധ്യങ്ങളും വന്നുചേരുകതന്നെചെയ്യും''. (പ്രബോധനം വാരിക, 1998 ഒക്‌ടോബര്‍-17)
``ഭരണം ലഭിച്ചപ്പോള്‍ ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കുകയല്ല, ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കാന്‍ ഭരണം സ്ഥാപിക്കുകയായിരുന്നു നബി(സ) ചെയ്‌തതെന്നും സത്യവിശ്വാസികള്‍ അതാണ് ചെയ്യേണ്ടതെന്നും ഇതൊക്കെയും സംശയരഹിതമായി തെളിയിക്കുന്നു''. (പ്രബോധനം വാരിക, 1998 ഒക്‌ടോബര്‍ 17, പേജ് 35)
മുജാഹിദ് പ്രസ്ഥാനം ഇസ്‌ലാമിനെ തോല്പിക്കാന് ശ്രമിക്കുകയാണെന്ന് വരെ ഇവര്‍ ഇവിടെ ആരോപിക്കുന്നു. മുജാഹിദ് പ്രസ്ഥാനം എന്താണ് പറയുന്നതെന്ന്‌പോലും പഠിക്കാതെയാണ് ഇവര്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നത്. ഭരണത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് മുജാഹിദ് പ്രസ്ഥാനം പറയുന്നുണ്ടെങ്കില്‍ അതുകൊണ്ട് ഉദ്ദേശിക്കുന്നത്, സമൂഹത്തെ മുസ്‌ലിംകളായി പരിവര്‍ത്തിപ്പിക്കാതെ അധികാരത്തിനുവേണ്ടി പ്രവര്‍ത്തിച്ചാല്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുവാന്‍ സാധ്യമല്ല എന്നാണ് അതിനാല്‍ പരിവര്‍ത്തന പ്രവര്‍ത്തനം തുടങ്ങേണ്ടതു ഭരണം സ്ഥാപിച്ചിട്ടല്ല, അടിത്തറയില്‍ നിന്നാണ് എന്നത്രെ. അതായത് പരിശുദ്ധഖുര്‍ആനും നബിചര്യയും അടിസ്ഥാനമാക്കുന്ന ഒരു സമൂഹത്തെ സൃഷ്‌ടിക്കുക, അല്ലാഹുവിനും അവന്റെ ദൂതനും അനുസരണം കാണിക്കുന്നതിലും തൗഹീദിലും ജാഗ്രത പുലര്‍ത്തുന്ന ഒരു സമൂഹത്തെ സൃഷ്‌ടിക്കുക എന്നാണ്.
അല്ലാഹുവും അവന്റെ മലക്കുകളും ഇറങ്ങിവന്നു ഇവിടെ ഭരണം നടത്തുകയില്ല. മനുഷ്യനാണ് ഭരണം നടത്തുന്നത്. അതിനാല്‍ ആ മനുഷ്യനെ ഇസ്‌ലാമെന്താണെന്ന് ആദ്യം പഠിപ്പിക്കുക, സമൂഹത്തെ ശരിയായ മുസ്‌ലിംകളായി പരിവര്‍ത്തിപ്പിക്കാതെ അധികാരം കൈയില്‍ നല്‍കിയാല്‍ അതിന്റെ ഫലം എന്താണെന്നതിന് ഇന്ന് മുസ്‌ലിംലോകത്ത് നടക്കുന്ന സംഭവങ്ങള്‍ തന്നെ സാക്ഷിയാണ്. ശരിയായ ഇസ്‌ലാമിക ഭരണം ഇന്ന് ലോകത്തില്ലെന്നും ഇവര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
ഇസ്‌ലാമിക ഭരണത്തിന്റെ അടിത്തറ ഖുര്‍ആനും സുന്നത്തുമാണ്. വിശ്വാസപരമായി ഇതംഗീകരിക്കാത്തവരാണ് ഇന്ത്യയില്‍ കൂടുതലുള്ളത്. തൗഹീദ് അംഗീകരിക്കുക, ശിര്‍ക്കു ബിദ്‌അത്തുകളെ നിരാകരിക്കുക എന്നതാണ് ഇസ്‌ലാമിക ഭരണത്തിന്റെ മറ്റൊരു അടിത്തറ. എന്നാല്‍ ഖബ്‌റാരാധനയും ബിദ്‌അത്തുകളും തൗഹീദായും സുന്നത്തായും അവതരിപ്പിക്കുന്ന മുസ്‌ലിംകളാണ് ഇന്ത്യയില്‍ ഭൂരിപക്ഷമുള്ളത്. ഇവരുടെ കൈയില്‍ ഇന്ത്യയുടെ ഭരണചക്രം ലഭിക്കുന്നതിനെക്കാള്‍ ഇസ്‌ലാമിന്റെ താല്‍പര്യം സംരക്ഷിക്കപ്പെടുന്നതിനു നല്ലത് ഇന്ത്യന്‍ മതേതരത്വം അപകടം സംഭവിക്കാതെ നിലനില്‍ക്കലാണെന്ന് മുജാഹിദ് വിരോധം കൊണ്ട് അന്ധത ബാധിച്ചിട്ടില്ലാത്തവര്‍ക്കു ഗ്രഹിക്കുവാന്‍ പ്രയാസമുണ്ടാവുകയില്ല.
ഇസ്‌ലാമികരാഷ്‌ട്രം സ്ഥാപിക്കണോ വേണ്ടേ എന്നതല്ല, ജനാധിപത്യവും ഇന്ത്യന്‍ മതേതരത്വവും തകര്‍ക്കാന്‍ വര്‍ഗീയവാദികളെ അനുവദിക്കണോ വേണ്ടേ എന്നതാണ് ഇപ്പോഴത്തെ മൗലികപ്രശ്‌നമെന്ന് വകതിരിവുള്ളവരെ പറഞ്ഞറിയിക്കേണ്ടതില്ല. ഒരു ഏക്കര്‍ സ്ഥലത്തെ ഭരണം പോലും ഇല്ലാഞ്ഞിട്ടും, ഇസ്‌ലാഹീ പ്രസ്ഥാനത്തെ ഇസ്‌ലാമിനെ തോല്‍പിക്കാന്‍ ശ്രമിക്കുന്ന പ്രസ്ഥാനമായി ചിത്രീകരിക്കാന്‍ ധാര്‍ഷ്‌ട്യം കാണിച്ചവരുടെ കൈയില്‍ ഭരണം ലഭിച്ചാല്‍ തൗഹീദ് പ്രസ്ഥാനത്തെ ഇവര്‍ നിരോധിക്കുകയും അതിന്റെ പണ്ഡിതന്മാരെ ഉന്‍മൂലനം ചെയ്യുകയും ചെയ്യുമെന്ന് ന്യായമായും ആശങ്കിക്കാവുന്നതാണ്!
മനുഷ്യമനസ്സ് ഖുര്‍ആന്‍കൊണ്ടും നബിചര്യകൊണ്ടും സംസ്‌കരിക്കാതെ ഇത്തരക്കാരുടെ കൈയില്‍ ഭരണം ലഭിച്ചാല്‍ ഭ്രാന്തന്റെ കൈയില്‍ കഠാരി ലഭിച്ചതുപോലെയായിരിക്കും. ഇന്ന് മുസ്‌ലിം ലോകത്ത് അതാണ് കാണുന്നത്. പണ്ടുകാലത്ത് കണ്ടതും അതു തന്നെയാണ്. നബി കുടുംബത്തെ ഒരു തുള്ളി ദാഹജലം പോലും നല്‍കാതെ വധിച്ചുകളഞ്ഞത് ആരായിരുന്നു? ഞങ്ങളാണ് ശരിയായ മുസ്‌ലിംകളെന്നായിരുന്നു താര്‍ത്താരികളും തുര്‍ക്കികളും അവകാശപ്പെട്ടിരുന്നത്. ഇസ്‌ലാമിസ്റ്റുകളെ ദിവസേന വധിച്ചുകളയുന്നത് ഏതു രാഷ്‌ട്രത്തിലാണ്? സയ്യിദ് ഖുതുബിനെയും മറ്റും തൂക്കിക്കൊന്നത് ആരായിരുന്നു? അഫ്‌ഗാനിസ്‌താനില്‍ എന്താണ് നടക്കുന്നത്? ഇവരെല്ലാം അവകാശപ്പെടുന്നത് ഞങ്ങളുടെ ഭരണമാണ് ശരിയായ ഇസ്‌ലാമിക ഭരണം എന്നാണ്. എന്നാല്‍ ഇന്ത്യയില്‍ എത്ര പണ്ഡിതന്മാരെയാണ് ഭരണകൂടം തൂക്കിലേറ്റിയ്‌ത്?
ജമാഅത്തെ ഇസ്‌ലാമി ചിലപ്പോള്‍ സത്യം അറിഞ്ഞോ അറിയാതെയോ എഴുതാറുണ്ട്. അവര്‍ എഴുതിയ സത്യം മാത്രമാണ് മുജാഹിദുകള്‍ ഈ വിഷയത്തില്‍ എന്നും പറഞ്ഞിട്ടുള്ളത്.
``എന്നാല്‍ വൈയക്തിക ജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും സംസ്‌കരണത്തിനുമുമ്പായി രാഷ്‌ട്രഘടനയില്‍ പരിവര്‍ത്തനമുണ്ടാക്കുന്നതു കുതിരയ്‌ക്കു മുമ്പില്‍ വണ്ടികെട്ടാനുള്ള ശ്രമമാണ്. ഈ പശ്ചാത്തലത്തില്‍ വേണം ഇസ്‌ലാമിക രാഷ്‌ട്രസിദ്ധാന്തത്തെ കാണുന്നത്. ചുരുക്കത്തില്‍ വ്യക്തികളെ സംസ്‌കരിക്കുകയും ബഹുജനാഭിപ്രായം ഇസ്‌ലാമികസിദ്ധാന്തത്തിന്നനുകൂലമായി മാറ്റുകയുമത്രെ ഞങ്ങളുടെ പ്രവര്‍ത്തന ലക്ഷ്യം. ഇസ്‌ലാമിക രാഷ്‌ട്ര സ്ഥാപനമല്ല.''
(പ്രബോധനം മാസിക, പു 21, ലക്കം 9, 1962 ജൂലായ് 1,
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍, ആഭ്യന്തരമന്ത്രി ലാല്‍ബഹദൂര്‍ ശാസ്‌ത്രിയുടെ പ്രസ്‌താവനയ്‌ക്കു ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഖയ്യിം മുഹമ്മദ് യൂസുഫ് സാഹിബിന്റെ മറുപടി).
ഇതേ സംഗതി മുജാഹിദുകള്‍ പറഞ്ഞതുകൊണ്ടാണ് അവരെ ജമാഅത്തെ ഇസ്‌ലാമിയുടെ മറവില്‍ ഇസ്‌ലാമിനെ തോല്‍പിക്കാന്‍ ശ്രമിക്കുന്നവരെന്ന് ചിത്രീകരിച്ചതെന്ന് ഓര്‍ക്കുക.
``മുസ്‌ലിംകള്‍ സ്വജീവിതത്തില്‍ ദീന്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ ഇതരവിഭാഗങ്ങളില്‍ ഇസ്‌ലാം ആകര്‍ഷിക്കപ്പെടാതിരിക്കാന്‍ യാതൊരു കാരണവും അവശേഷിക്കുന്നില്ല. ചുരുങ്ങിയ പക്ഷം നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇസ്‌ലാമിനെ താത്വികമായെങ്കിലും അംഗീകരിക്കുകതന്നെ ചെയ്യുമെന്നതില്‍ സംശയമില്ല. അങ്ങനെ വരുമ്പോള്‍ ഇസ്‌ലാമിക ചിന്താഗതിക്ക് മാത്രമേ പ്രാബല്യമുണ്ടായിരിക്കുകയുള്ളൂ. ഇങ്ങനെയുള്ള ഒരു ചുറ്റുപാടില്‍ ഒരിസ്‌ലാമിക സ്റ്റൈയിറ്റിന്റെ രൂപീകരണവും ക്ഷിപ്രസാധ്യമാണല്ലോ. തങ്ങള്‍ക്ക് മുമ്പുള്ളവരെ പ്രതിനിധികളാക്കിയതുപോലെ നിങ്ങളില്‍ നിന്നും സത്യവിശ്വാസം കൈക്കൊള്ളുകയും സദ്‌കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌തവരെ ഭൂമിയില്‍ പ്രതിനിധികളാക്കുമെന്ന് അല്ലാഹു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു എന്ന ഖുര്‍ആന്‍വാക്യത്തില്‍ അടങ്ങിയിരിക്കുന്ന തത്വവും ഇതുതന്നെയാണ്. ഇന്നു മുസ്‌ലിംസമുദായം കേവലം ഒരു സമുദായമായവശേഷിച്ചിരിക്കുകയാണ്. മുസ്‌ലിംകളില്‍ നിന്ന് പ്രാസ്ഥാനിക ജീവിതം തീരെ നശിച്ചു പോയിരിക്കുകയാണ്''
(പ്രബോധനം, പു.7, ല.10, 1954 നവംബര്‍ 15, ഭൗതിക രാഷ്‌ട്രത്തില്‍ നിങ്ങള്‍ക്ക് ജീവിക്കാമോ?)
ഹുകൂമത്തെ ഇലാഹിക്കുവേണ്ടി പുതിയൊരു പരിശ്രമം നടത്തേണ്ടതായി വരികയില്ലെന്ന് എഴുതിയശേഷം ഇവര്‍ വിവരിച്ച മാര്‍ഗമാണ് മുകളില്‍ നാം വായിച്ചത്.
``ഇസ്‌ലാമിന്റെ താല്‌പര്യവും മുസ്‌ലിം സമുദായത്തിന്റെ സകലവിധ താല്‌പര്യങ്ങളും എപ്പോഴും ഒന്നായിക്കൊള്ളണമെന്നില്ല. ഈ പരമാര്‍ഥം ഇന്ന് തീരെ വിസ്‌മരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇതെത്ര പരിതാപകരം! സമുദായത്തിന്റെ വ്യാജതാല്‌പര്യങ്ങളെ അഗണ്യകോടിയില്‍ തള്ളിക്കളഞ്ഞു ഇസ്‌ലാമിന്റെ താല്‌പര്യത്തിനു മുന്‍ഗണന നല്‌കുകയല്ലാതെ ഒരു യഥാര്‍ഥ മുസ്‌ലിമിന് ഗത്യന്തരമില്ല''
(ജമാഅത്തെ ഇസ്‌ലാമി: ലക്ഷ്യം, മാര്‍ഗം. അബുലൈസ്, പേ. 58)
``മുസ്‌ലിം സമുദായത്തിന്റെ ജീവിതനിലവാരം അമുസ്‌ലിംകള്‍ക്ക് ഒട്ടും തന്നെ ആകര്‍ഷണീയമല്ലെന്ന പരമാര്‍ഥം മര്‍ക്കടമുഷ്‌ടിയില്ലാത്ത ഏതൊരാളും സമ്മതിക്കുന്നതാണ്. ഇനി മുസ്‌ലിംകളുടെ വല്ല പ്രത്യേകതയും വല്ല നിലക്കും പ്രകടമായിട്ടുണ്ടെങ്കില്‍ തന്നെ അതു മിക്കവാറും അവരുടെ സ്വകാര്യജീവിതത്തില്‍ മാത്രം പരിമിതമാണ്. സാമൂഹ്യപ്രശ്‌നങ്ങളെയും ഇടപാടുകളെയും സംബന്ധിച്ചിടത്തോളം അവരുടെ കര്‍മജീവിതത്തിനു യാതൊരു സവിശേഷതയും ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല''.
(ജമാഅത്തെ ഇസ്‌ലാമി: ലക്ഷ്യം, മാര്‍ഗം, പേജ്:77)
``ഞങ്ങള്‍ ആഗ്രഹിക്കുന്ന ജോലി നിര്‍വഹിക്കുന്നതിനുള്ള ഏറ്റവും ശരിയായ മാര്‍ഗം ആദ്യമായി മനുഷ്യന്റെ ചിന്തയെയും ഹൃദയത്തെയും സംസ്‌കരിക്കുക എന്നതാണ്. പ്രവാചകവര്യര്‍ ഇതേ മാര്‍ഗമാണ് സ്വീകരിച്ചിരുന്നത്. നബി(സ) തിരുമേനിയുടെ ഉത്തമ മാതൃകയും ഇതുതന്നെയാണ്
ജനങ്ങളുടെ ഹൃദയത്തില്‍ അല്ലാഹുവെക്കുറിച്ചുള്ള ഭയഭക്തിയും പരലോകത്തിലെ രക്ഷാശിക്ഷകളിലുള്ള വിശ്വാസവും അടിയുറപ്പിച്ച ശേഷമാണ് തിരുമേനി മദ്യനിരോധം പ്രഖ്യാപിച്ചതെന്നും അല്ലാത്തപക്ഷം മദ്യം ഉപേക്ഷിക്കാന്‍ ആരും അത്ര എളുപ്പം തയ്യാറാകുമായിരുന്നില്ലെന്നും ആഇശ(റ) പ്രസ്‌താവിക്കുന്നു.
തിരുമേനി (സ)തന്നെ അരുള്‍ചെയ്യുന്നതു നോക്കുക: അറിയുക, മനുഷ്യ ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് ശരിപ്പെട്ടാല്‍ ശരീരം മുഴുവന്‍ ശരിപ്പെട്ടു. അത് ദുഷിച്ചാല്‍ ശരീരമാകമാനം ദുഷിച്ചു. അതത്രെ ഹൃദയം. അതിനാല്‍ ഭരണവ്യവസ്ഥ മാറ്റുക, സാമ്പത്തിക സാമൂഹിക വ്യവസ്ഥയില്‍ മാറ്റം വരുത്തുക എന്നിങ്ങനെ ഏതു പ്രശ്‌നമാകട്ടെ ഹൃദയത്തിനും മസ്‌തിഷ്‌കത്തിനും സംസ്‌കരണം സിദ്ധിക്കാത്ത കാലത്തോളം അതൊരിക്കലും വിജയപ്രദമാകയില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇനി വിജയിച്ചാല്‍ തന്നെ വെറും താല്‍ക്കാലികം മാത്രമായിരിക്കും. കൂടുതല്‍ കാലം അതു നിലനില്‍ക്കുക സാധ്യമേയല്ല''.
(ജമാഅത്തെ ഇസ്‌ലാമി: ലക്ഷ്യം, മാര്‍ഗം പേജ് 64,65)
ഇതേ കാര്യം പറഞ്ഞതുകൊണ്ടാണ് ഇസ്‌ലാമികഭരണം വരുന്നതിന് മുജാഹിദുകള്‍ എതിരാണെന്നുള്ള തെറ്റിദ്ധാരണകള്‍ ഇവര്‍ സൃഷ്‌ടിക്കുന്നത്.
ആരിലും നിര്‍ബന്ധം ചെലുത്താതെ ഇസ്‌ലാമിന്റെ മഹത്വം പഠിപ്പിച്ചുകൊടുത്തും സ്വജീവിതത്തില്‍ അത് പകര്‍ത്തിയും മറ്റുള്ളവരെ ആകര്‍ഷിക്കുക. ഇതാണ് സ്ഥിരമായ ഇസ്‌ലാമിക പ്രവര്‍ത്തന ശൈലി.
ഇവരുടെ മാസികയില്‍ വന്ന ഒരു ചോദ്യവും അതിനു നല്‍കിയ മറുപടിയും ശ്രദ്ധിക്കുക:
ചോദ്യം: അനിസ്‌ലാമിക രാഷ്‌ട്രത്തില്‍ മുസ്‌ലിംകള്‍ ജീവിച്ചതിന്റെ മാതൃക നബിയുടെ മക്കാജീവിതമാണോ? ഇത്തരം പരിതഃസ്ഥിതികളില്‍ മറ്റൊരു രാഷ്‌ട്രം കെട്ടിപ്പടുക്കാന്‍ അവര്‍ ഇവിടെ നിന്നു കൊണ്ട്‌ശ്രമിക്കേണ്ടതുണ്ടോ?
ഉത്തരം: നബി(സ) ഇന്നത്തെ അര്‍ഥത്തില്‍ ഒരു രാഷ്‌ട്രീയ നേതാവായിട്ടല്ല മറിച്ച് സ്വന്തം സഹോദരങ്ങളായ മനുഷ്യര്‍ക്ക് ദൈവികസന്ദേശം എത്തിച്ചുകൊടുക്കുകയും അവരെ സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയും സംസ്‌കരിച്ചെടുക്കുകയും ചെയ്യുന്ന പ്രവാചകനായിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അങ്ങനെ പ്രസ്‌തുത സന്ദേശം സ്വീകരിച്ച് അതിന്നനുസരിച്ച് ജീവിക്കുന്ന ഒരു സമൂഹമുണ്ടായപ്പോള്‍ അവര്‍ സ്വാഭാവികമായും ഒരു രാഷ്‌ട്രമായിത്തീര്‍ന്നു. സമൂഹ ജീവിതത്തെ നിയന്ത്രിക്കുന്ന ഏതു ആദര്‍ശ ചിന്താഗതികളുടെയും സ്വഭാവം ഇതുതന്നെയാണ്. അതിന് രാഷ്‌ട്രം സ്ഥാപിക്കുക എന്ന് പറയാമെങ്കില്‍ പറഞ്ഞുകൊള്ളുക. അല്ലെങ്കില്‍ പറയേണ്ടതില്ല. അത് ഭാഷാപ്രയോഗത്തിലുള്ള വ്യത്യാസം മാത്രമാണ്. എന്നാല്‍ ഇസ്‌ലാമില്‍ വിശ്വാസമുള്ളവര്‍ക്ക് മാതൃക നബി(സ) തന്നെയാണെന്നതില്‍ സംശയമില്ല. അതിനാല്‍ ദൈവിക സന്ദേശമനുസരിച്ച് ജീവിക്കുകയും സ്വസഹോദരങ്ങളായ മനുഷ്യരെ അതിലേക്ക് ക്ഷണിക്കുകയുമാണ് മുസ്‌ലിംകളുടെ കര്‍ത്തവ്യം. ഫലം എന്തുതന്നെയായിരുന്നാലും നബിയുടെ മാതൃക അതാണെന്നതില്‍ സംശയമില്ല''
(പ്രബോധനം മാസിക, പുസ്‌തകം 38, ലക്കം 2, 1972 ജൂണ്‍, അനിസ്‌ലാമിക രാഷ്‌ട്രവും മുസ്‌ലിംകളും, പേജ് 38,39)
നബിയുടെ മാതൃക എന്തെന്ന് മുജാഹിദുകള്‍ പ്രസ്‌താവിച്ചതിന്റെ പേരിലാണ് അവര്‍ എവിടെയും ഇസ്‌ലാമികഭരണം വരുന്നതിന് എതിരാണെന്നും ഇസ്‌ലാമിനെ നശിപ്പിക്കുകയാണെന്നും ജമാഅത്തുകാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.
``മറ്റൊരുകാര്യം ഇവിടെ ശ്രദ്ധേയമാകുന്നു. ഈ സൂക്തങ്ങളില്‍ അധിക്ഷേപിക്കപ്പെട്ടവര്‍ അറബികളായ മുശ്‌രിക്കുകളത്രെ. അവികലരും സുരക്ഷിതരുമായ സന്താനങ്ങള്‍ ജനിക്കുവാന്‍ വേണ്ടി അവര്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചിരുന്നു. പക്ഷേ കുട്ടിയുടെ ജനനത്തിനുശേഷം ഇതരന്മാര്‍ക്കാണ് അവര്‍ നന്ദി രേഖപ്പെടുത്തിയിരുന്നത്. ഇതായിരുന്നു അവരുടെ പ്രത്യേകത. തീര്‍ച്ചയായും വളരെ നെറികെട്ട ഒരു നിലപാടാണിത്. എന്നാല്‍ ഇന്നത്തെ ഏകദൈവവാദികളുടെ ശിര്‍ക്കാണ് ഇതിനേക്കാള്‍ കൂടുതല്‍ നെറികെട്ടത്. ഇവര്‍ സന്താനങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നതുപോലും ദൈവേതരന്മാരോടാകുന്നു. ഗര്‍ഭകാലത്തു നടത്തുന്ന വഴിപാടുകള്‍ ഇതരന്മാര്‍ക്കാണ്. കുട്ടി ജനിച്ചശേഷമുള്ള നേര്‍ച്ചകള്‍ ഇതരന്മാരുടെ ഖബ്‌റുകള്‍ക്കും. എന്നിട്ടും ജാഹിലിയ്യാ കാലത്തെ അറബികള്‍ മുശ്‌രിക്കുകളും ഇവര്‍ മുവഹ്‌ഹിദുകളുമാണത്രെ. അവര്‍ക്ക് നരകവും ഇവര്‍ക്ക് സ്വര്‍ഗവും. അവരെ വിമര്‍ശിക്കുന്ന നാവുകള്‍ അതിരൂക്ഷങ്ങളാണെങ്കിലും ഇവരെ വിമര്‍ശിച്ചുപോയാല്‍ മതവൃത്തങ്ങളില്‍ എന്തെന്നില്ലാത്ത ഒരു കോളിളക്കം സംജാതമാവും. ഈ സ്ഥിതിവിശേഷത്തെപ്പറ്റിയാണ് പരേതനായ ഹാലി മുസദ്ദസിന്‍ പറഞ്ഞത്: ജൂതന്മാര്‍ വിഗ്രഹപൂജ നടത്തിയാല്‍ കാഫിര്‍, ദൈവത്തിനുപുത്രനെ സങ്കല്‌പിച്ചാല്‍ കാഫിര്‍, അഗ്നിയ്‌ക്കു മുമ്പില്‍ പ്രണമിച്ചാല്‍ കാഫിര്‍, നക്ഷത്രങ്ങള്‍ക്ക് ശക്തിയുണ്ടെന്നു വിശ്വസിച്ചാല്‍ കാഫിര്‍. എന്നാല്‍ വിശ്വാസികള്‍ക്കു വിശാലമാണ് മാര്‍ഗങ്ങള്‍! ആരെ വേണമെങ്കിലും അവര്‍ക്കു സാവേശം ആരാധിക്കാം. നബിയെ യഥേഷ്‌ടം ദൈവമാക്കിയാലും ഇമാമുകളുടെ പദവി നബിയുടെതില്‍ നിന്നുയര്‍ത്തിയാലും ശ്‌മശാനങ്ങളില്‍ പോയി വഴിപാടുകളര്‍പ്പിച്ചാലും ശഹീദന്മാരുടെ അടുത്തു ചെന്ന് പ്രാര്‍ഥിച്ചാലും തൗഹീദിനു കോട്ടമൊന്നും വരുന്നില്ല. ഇസ്‌ലാം തകരുന്നില്ല. ഈമാന്‍ പോകുന്നില്ല!''
(പ്രബോധനം മാസിക, പുസ്‌തകം 26, ലക്കം 4, 1965 മാര്‍ച്ച്, തഫ്‌ഹീമുല്‍ ഖുര്‍ആന്‍- മൗദൂദി, പേജ് 11,12, അഅ്‌റാഫ് 189-ാം ആയത്തിന്റെ വ്യാഖ്യാനം)
ചിന്തിക്കുക! ഇത്തരം മുസ്‌ലിംകളാണ് ഇന്ത്യയില്‍ ഭൂരിഭാഗവും. ഇവരെ സംഘടിപ്പിച്ചുകൊണ്ട് എങ്ങനെയാണ് ഒരു ഇസ്‌ലാമിക ഭരണം ഇവര്‍ സ്ഥാപിക്കുക? മുജാഹിദുകള്‍ ഇത്തരം മുസ്‌ലിംകളെ സംഘടിപ്പിച്ച് ഒരു ഇസ്‌ലാമിക ഭരണം സ്ഥാപിക്കുവാന്‍ രംഗത്തു വരാത്തതുകൊണ്ടായിരിക്കുമോ ജമാഅത്തു വിരോധം മറയാക്കി ഇസ്‌ലാമിനെ തകര്‍ക്കുന്നവരാണ് മുജാഹിദുകളെന്ന് ഇവര്‍ എഴുതിവിട്ടത്?
``മുസ്‌ലിംകളുടെ ധാര്‍മികാധഃപതനത്തിന്റെ കഥ പറയാതിരിക്കുകയാണ് ഭേദം. വ്യഭിചാരം, മദ്യപാനം, ചൂതാട്ടം, ചീട്ടുകളി എന്നുവേണ്ട സകല വൃത്തികേടുകളും വഷളത്തരങ്ങളും ഈ സമുദായത്തില്‍ നിര്‍ബാധം നടമാടുന്നു. സുന്നത്തുകളുടെ സ്ഥാനത്തു ബിദ്‌അത്തുകള്‍ കയ്യേറിയിരിക്കുന്നു. ഭൗതികത്വം തൗഹീദിനെ കാര്‍ന്നുതിന്നുന്നു''.
(പ്രബോധനം, പുസ്‌തകം 24, ലക്കം 8,9, 1964 ജനുവരി 15, പേജ് 192, സമ്മേളനപ്രമേയം)
``ഭാരതത്തിലെ കോടിക്കണക്കിനാളുകള്‍ ഇനിയും യഥാവിധം ഇസ്‌ലാമിക സന്ദേശം ശ്രവിച്ചിട്ടില്ലാത്തവരാണ്. മുസ്‌ലിംകളില്‍ തന്നെ വലിയൊരു വിഭാഗമാളുകള്‍ യഥാര്‍ഥ ഇസ്‌ലാമികാധ്യാപനങ്ങളെക്കുറിച്ചജ്ഞരായാണ് കഴിയുന്നത്''.
(പ്രബോധനം, ലക്കം 10, പുസ്‌തകം 38, 1980 ജനുവരി, മുഖപ്രസംഗം, പേജ് 2)
``അവകാശങ്ങളും അധികാരങ്ങളുമെല്ലാം സ്വയം ലഭ്യമാവുന്നതാണ്. പിന്നെ അതിനുവേണ്ടി അവര്‍ പ്രത്യേകം സംഘടിക്കുകയോ പ്രവര്‍ത്തിക്കുകയോ വേണ്ടിവരില്ലെന്ന് തീര്‍ച്ച''
(പ്രബോധനം, പുസ്‌തകം 32 ലക്കം 2, 1971 മുഖപ്രസംഗം )
ഇത് മുജാഹിദുകള്‍ പറഞ്ഞാല്‍ ഇവര്‍ ഖണ്ഡിക്കും. സമ്പത്തിന് നാം അധ്വാനിക്കേണ്ടതില്ലേ? എന്നു ഇവര്‍ ചോദിക്കും. നബി(സ) ഭരണത്തിനുവേണ്ടി പ്രത്യേകം പ്രവര്‍ത്തിച്ചുണ്ടെന്നു സമര്‍ഥിക്കും. നീട്ടി വലിച്ച ലേഖനങ്ങള്‍ എഴുതുവാന്‍ പേജുകള്‍ നീക്കിവെക്കും.
``മുസ്‌ലിം നാമധാരികളാല്‍ ഭരിക്കപ്പെടുന്ന ഒരു ഭൗതിക രാഷ്‌ട്രം സ്ഥാപിച്ചതുകൊണ്ട് ഇസ്‌ലാമിന് യാതൊരു നേട്ടവുമില്ല''.
(മുസ്‌ലിം ഒരു പാര്‍ട്ടി, ഐ പി എച്ച് നമ്പര്‍ 50, പേജ് 10)
ഈ തത്വം മുജാഹിദുകള്‍ പറഞ്ഞാല്‍ ജമാഅത്തിന്റെ മറവില്‍ ഇസ്‌ലാമിനെ തോല്പിക്കാന് ശ്രമിക്കുകയാണെന്ന് ഇവര്‍ എഴുതും. മുസ്‌ലിം സമുദായത്തെ വിമര്‍ശിച്ചുവെന്ന് ഇവര്‍ ജല്‍പിക്കും.
സുലൈമാന്‍നബി(അ) ഭരണം ലഭിക്കുവാന്‍വേണ്ടി പ്രാര്‍ഥിച്ചത് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. പരിശുദ്ധ ഖുര്‍ആനിലോ നബിചര്യയിലോ സ്ഥിരപ്പെട്ട ഒരു സംഗതിയേയും ഇസ്‌ലാഹീപ്രസ്ഥാനം എതിര്‍ക്കുകയില്ല. അതിനാല്‍ ഭരണം ആഗ്രഹിക്കുവാനോ അതിന് പ്രാര്‍ഥിക്കുവാനോ പ്രവര്‍ത്തിക്കുവാനോ പാടില്ലെന്ന് മുജാഹിദുകള്‍ വാദിച്ചിട്ടില്ല. ആ പ്രവര്‍ത്തനശൈലി എപ്രകാരമായിരിക്കണം, എവിടെനിന്നു ആരംഭിക്കണം ഇതാണ് തര്‍ക്കവിഷയം.
``ഇസ്‌ലാമിനെ പൂര്‍ണരൂപത്തില്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും അവരില്‍ ഭൂരിഭാഗവും ഇസ്‌ലാമിനെ അംഗീകരിച്ചു കഴിഞ്ഞാല്‍ ഒരു ഇസ്‌ലാമിക സാമൂഹ്യക്രമം സ്ഥാപിക്കുകയും ചെയ്യണമെന്നേ മൗദൂദികളും പറയുന്നുള്ളൂ''.
(പ്രബോധനം പു 17, ലക്കം 7, ചോദ്യോത്തരം, പേജ് 9)
അതുവരെ തൗഹീദ് അനുസരിച്ച് ജീവിക്കുവാനും മുസ്‌ലിംകള്‍ക്ക് സാധിക്കുമെന്ന് മുജാഹിദുകള്‍ പറഞ്ഞതായിരിക്കുമോ തര്‍ക്കവിഷയം?
((((അവലംബം : തെറ്റിദ്ധരിപ്പിക്കുന്ന ജമാഅത്തെ ഇസ്‌ലാമി (യുവത ബുക്സ് ))))
സുന്നി,ജമ, മുജ പാര്‍ട്ടികളുടെ കൂടെ പോയി സമയം കളയുന്നതിനു പകരം, നമ്മുടെതായ രീതിയില്‍ പടച്ചവനും റസൂലും (സ) പഠിപ്പിച്ചപോലെ ജീവിക്കലല്ലേ നല്ലത്. ആശയ സംഘര്‍ഷങ്ങള്‍ ആത്മസംഘര്‍ഷങ്ങളായി തീരില്ലേ?
ReplyDelete