بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .



കേരളത്തിലെയും ഇന്ത്യയിലെയും മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയതും സുസംഘടിതവുമായ ഇസ്‌ലാമിക നവോത്ഥാന (ഇസ്‌ലാഹീ) സംഘടനയായ, 1950ല്‍ രൂപീകൃതമായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‌ (കെ എന്‍ എം) അറുപത്‌ വയസ്സ്‌ തികയുകയാണ്‌. ഒരു സംഘടനയെ സംബന്ധിച്ചേടത്തോളം അറുപത്‌ വര്‍ഷം വളരെ ചെറിയ ഒരു കാലയളവാണ്‌. എന്നാല്‍, ഈ ഹ്രസ്വകാലത്തിനുള്ളില്‍ അത്‌ ഇസ്‌ലാമിനും കേരള മുസ്‌ലിം സമൂഹത്തിനും അര്‍പ്പിച്ച സേവനങ്ങളും സംഭാവനകളും എത്രയോ വിലയേറിയതും ബൃഹത്തുമാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌.
കെ എന്‍ എം 1950ല്‍ പെട്ടെന്നൊരു ദിവസം മുളച്ചുപൊന്തിയ ഒരു പ്രസ്ഥാനമല്ല. പ്രത്യുത, അതിന്റെ രൂപീകരണത്തിന്‌ ഏതാണ്ട്‌ നാല്‌ ദശാബ്‌ദങ്ങള്‍ക്ക്‌ മുമ്പ്‌ മുതല്‍ തന്നെ കേരളത്തില്‍ സജീവമായി നിലനിന്നിരുന്ന ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളുടെയും ചലനങ്ങളുടെയും സംഘടനാ രൂപത്തിലുള്ള ഒരു തുടര്‍ച്ച മാത്രമാണത്‌. ആയരത്തിത്തൊള്ളായിരത്തി ഇരുപതുകള്‍ക്ക്‌ മുമ്പുതന്നെ സയ്യിദ്‌ സനാഉല്ലാ മക്‌തിതങ്ങളെയും(1847-1912) ഹമദാനി തങ്ങളെയും (മരണം 1922) അല്‍പം കഴിഞ്ഞ്‌ വക്കം മുഹമ്മദ്‌ അബ്‌ദുല്‍ഖാദിര്‍ മൗലവിയെയും(1873-1932) പോലെയുള്ള മഹാന്മാരുടെ കൈകളില്‍ പിറന്നുവീണ ഇസ്‌ലാഹീ പ്രസ്ഥാനം; 1922ല്‍ കൊടുങ്ങല്ലൂരില്‍ സ്ഥാപിതമായ കേരള മുസ്‌ലിം ഐക്യസംഘത്തിലൂടെയും മറ്റു പല പ്രാദേശിക സംഘടനകളിലൂടെയും, 1924ല്‍ രൂപീകരിക്കപ്പെട്ട, കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിതസംഘടനയുടെ നേതൃത്വത്തിലും വളര്‍ന്ന്‌ വലുതായി. അവസാനം 1950ല്‍ കോഴിക്കോട്‌ വെച്ച്‌ രൂപീകൃതമായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) എന്ന ബഹുജനസംഘടനയായി മാറുകയാണുണ്ടായത്‌.

ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ മുജാഹിദ്‌ പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌.

ഈ രംഗങ്ങളിലെല്ലാം അത്ഭുതകരമായ പരിവര്‍ത്തനങ്ങള്‍ സൃഷ്‌ടിക്കാന്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്‌ കഴിഞ്ഞു. തൗഹീദിന്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഇസ്‌ലാമിക പ്രബോധനത്തിലൂടെയും പ്രചാരണത്തിലൂടെയും അത്‌ മുസ്‌ലിം സമൂഹത്തിലെ പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിന്മകളും ദൂരീകരിച്ചു. അവര്‍ മുമ്പ്‌ അവഗണിച്ചിരുന്ന ഖുര്‍ആന്‍ പഠനത്തെക്കുറിച്ച്‌ നിരന്തരം അവരെ ബോധവത്‌കരിക്കുകയും അതിനു വേണ്ടി വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്‌തു. ജനങ്ങളുടെ കര്‍മങ്ങളിലും വിശ്വാസങ്ങളിലും വീക്ഷണങ്ങളിലും ഗുണപരമായ പരിവര്‍ത്തനങ്ങളുണ്ടായി. അതുവരെ വിദ്യാഭ്യാസത്തിനെതിരെ പുറംതിരിഞ്ഞു നിന്നിരുന്ന മുസ്‌ലിം ബഹുജനം മതവിദ്യാഭ്യാസം മാത്രമല്ല, ആധുനിക ഭൗതിക വിദ്യാഭ്യാസവും നേടാന്‍ ആവേശപൂര്‍വം മുന്നോട്ടുവന്നു. സ്‌ത്രീവിദ്യാഭ്യാസത്തിന്‌ ഇസ്‌ലാഹീ പ്രസ്ഥാനം വളരെയധികം പ്രാധാന്യം നല്‍കി.

തല്‍ഫലമായി, മുസ്‌ലിം സ്‌ത്രീകള്‍ മത-ഭൗതിക വിദ്യാഭ്യാസം സമ്പാദിച്ച്‌ അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌ വന്നു; ഇസ്‌ലാമിക സാംസ്‌കാരിക മര്യാദകള്‍ ലംഘിക്കാതെ തന്നെ. പൊതുരംഗത്ത്‌ തങ്ങളുടെ വ്യക്തിമുദ്രകള്‍ പതിപ്പിക്കാന്‍ തുടങ്ങി. മുമ്പ്‌ അവര്‍ക്ക്‌ മുന്നില്‍ കൊട്ടിയടക്കപ്പെട്ടിരുന്ന മസ്‌ജിദുകളുടെ വാതിലുകള്‍ അവര്‍ക്കു വേണ്ടി തുറക്കപ്പെട്ടു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും അവര്‍ ബോധവതികളായി. മാതൃഭാഷയില്‍ ജുമുഅ ഖുത്‌ബകള്‍ നിര്‍വഹിക്കപ്പെട്ടു തുടങ്ങി. അതോടൊപ്പം നിരന്തരമായ മതപഠനക്ലാസുകളും ഉദ്‌ബോധനങ്ങളും അരങ്ങേറി. ജനം യഥാര്‍ഥ മതം എന്താണെന്ന്‌ മനസ്സിലാക്കി; ശിര്‍ക്കുകളും ബിദ്‌അത്തുകളും തിരിച്ചറിഞ്ഞു. അതെല്ലാം ഒഴിവാക്കി, തൗഹീദ്‌ ഉള്‍ക്കൊണ്ട്‌ ജീവിച്ചു.

സാമൂഹ്യരംഗത്ത്‌ സ്‌ത്രീധനം, ആര്‍ഭാട പൂര്‍ണമായ വിവാഹാഘോഷങ്ങള്‍, ആഭരണഭ്രമം, ജനനവും മരണവും പോലെയുള്ള സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട ദുരാചാരങ്ങള്‍ മാലകള്‍, മൗലൂദുകള്‍, റാത്തീബുകള്‍ പോലുള്ള മതപരമായ അനാചാരങ്ങള്‍, മരുമക്കത്തായം, സമ്പത്തിന്റെ ധൂര്‍ത്ത്‌... തുടങ്ങി നിരവധി തിന്മകള്‍ വലിയൊരളവോളം നിര്‍മാര്‍ജനം ചെയ്യപ്പെട്ടു. ഇജ്‌തിഹാദിന്റെ അനിവാര്യതയും, തഖ്‌ലീദിന്റെ അപകടങ്ങളും മുസ്‌ലിംകളെ ബോധ്യപ്പെടുത്തി. അവരുടെ ചിന്താമണ്ഡലം സ്വതന്ത്രവും വികസിതവുമായി. സാഹിത്യ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ മുസ്‌ലിംകള്‍ക്ക്‌ പ്രാതിനിധ്യമുണ്ടാകാന്‍ തുടങ്ങി. സാമ്പത്തികരംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും ഈ ഉല്‍ബുദ്ധത സഹായകമായി. മുസ്‌ലിം സമൂഹം കയ്യൊഴിച്ചുകളഞ്ഞിരുന്ന സകാത്തിന്റെ സംഘടിത സംഭരണവും വിതരണവും ഒരു പരിധിവരെയെങ്കിലും പുനസ്ഥാപിക്കപ്പെട്ടു. മുസ്‌ലിം സാമാന്യജനങ്ങളില്‍ ആത്മാഭിമാനവും രാഷ്‌ട്രീയബോധവും ദേശാഭിമാനവും വളര്‍ത്തിയെടുത്തു. അവരെ സ്വാതന്ത്ര്യസമരമടക്കമുള്ള ദേശീയ-രാഷ്‌ട്രീയ-സാമൂഹ്യസംരംഭങ്ങളില്‍ പങ്കാളികളാക്കുന്നതില്‍ മുജാഹിദുകള്‍ അനല്‍പമായ പങ്ക്‌ വഹിച്ചു.

മുസ്‌ലിം രാഷ്‌ട്രീയത്തിലും നേതൃത്വപരമായ സാന്നിധ്യമറിയിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. നാട്ടിന്റെ വികസന പ്രവര്‍ത്തനപരിപാടികളിലും ദേശസ്‌നേഹവും സമുദായമൈത്രിയും മതസൗഹാര്‍ദവും ഊട്ടിയുറപ്പിക്കുന്നതിലും വിനാശകരമായ മതതീവ്രവാദത്തില്‍ നിന്നും ഭീകരവാദത്തില്‍ നിന്നും കേരള മുസ്‌ലിംകളെ അകറ്റിനിര്‍ത്തുന്നതിലും, മറ്റു വിഭാഗങ്ങളോടൊപ്പം മുജാഹിദുകളും സജീവമായി ഭാഗഭാക്കുകളായി. അങ്ങനെ, കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, ഐ എസ്‌ എം, എം എസ്‌ എം, എം ജി എം എന്നീ ഇസ്വ്‌ലാഹീ സംഘടനകളാല്‍ പ്രതിനിധീകരിക്കപ്പെടുന്ന മുജാഹിദ്‌ പ്രസ്ഥാനം, നിരന്തരവും ത്യാഗപൂര്‍ണവുമായ പ്രവര്‍ത്തനങ്ങളിലൂടെ കേരള മുസ്‌ലിം സമൂഹത്തില്‍ സൃഷ്‌ടിച്ച നാനാമുഖമായ പരിവര്‍ത്തനങ്ങളും ഉണ്ടാക്കിക്കൊടുത്ത നേട്ടങ്ങളും വിവരിക്കാന്‍ ലേഖനങ്ങളല്ല, ഗ്രന്ഥങ്ങള്‍ തന്നെ എഴുതേണ്ടിവരും.

ഇവിടെ ഒരു വാക്ക്‌: ഈ പരിവര്‍ത്തനങ്ങളും നേട്ടങ്ങളുമെല്ലാം മുജാഹിദ്‌ പ്രസ്ഥാനം മാത്രം ഒറ്റക്ക്‌ ഉണ്ടാക്കിയതാണെന്ന്‌ ഒരിക്കലും അവകാശപ്പെടുന്നില്ല. മറ്റു സംഘടനകളും പ്രസ്ഥാനങ്ങളും അവരുടേതായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. എന്നാല്‍ മുജാഹിദുകള്‍ അവയിലെല്ലാം ചിലതില്‍ പ്രചോദനപരമായും മറ്റു ചിലതില്‍ നേതൃത്വപരമായും പങ്കുവഹിച്ചിട്ടുണ്ട്‌ എന്നത്‌ ഒരു അനിഷേധ്യസത്യമാണ്‌. അതോടൊപ്പം തൗഹീദില്‍ ഊന്നിയുള്ള മതപ്രബോധനമെന്ന മൗലികമായ ദൗത്യം നിര്‍വഹിക്കുന്നതിനുള്ള ക്രഡിറ്റ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ മാത്രം അവകാശപ്പെട്ടതാണ്‌ എന്ന സത്യം ഉറക്കെ പറയാന്‍ മടിക്കുന്നില്ല. നിരവധി പള്ളികള്‍, മദ്‌റസകള്‍, അറബിക്കോളേജുകള്‍, ആര്‍ട്‌സ്‌ & സയന്‍സ്‌ കോളെജുകള്‍, സാങ്കേതിക-തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍, ഖുര്‍ആന്‍ പഠനത്തിനുള്ള അതിവിപുലമായ ക്യു എല്‍ എസ്‌ സംവിധാനം, ഖുര്‍ആന്‍ പരിഭാഷകള്‍, യുവത ബുക്‌ഹൗസ്‌, ശബാബ്‌-പുടവ-അത്തൗഹീദ്‌ പ്രസിദ്ധീകരണങ്ങള്‍, വര്‍ത്തമാനം ദിനപത്രം, വിവിധ വിജ്ഞാനങ്ങളുമായി ബന്ധപ്പെട്ട വലുതും ചെറുതുമായ ഗ്രന്ഥങ്ങളും ലഘുലേഖകളും, ഇസ്‌ലാമിക വിദ്യാഭ്യാസ ഗവേഷണ സമിതി (സിഐഇആര്‍), ഹിലാല്‍ കമ്മിറ്റി, സാമൂഹ്യക്ഷേമ-ജീവകാരുണ്യ പ്രവര്‍ത്തനപദ്ധതി, മെഡിക്കല്‍ എയ്‌ഡ്‌ സെന്റര്‍, ജീവകാരുണ്യ സേവന സംരംഭങ്ങള്‍, സകാത്ത്‌ സെല്ലുകള്‍, ഹജ്ജ്‌ സെല്‍, വിദ്യാര്‍ഥി യുവജന ഹോസ്റ്റലുകള്‍, സംസ്ഥാനതല വാര്‍ഷിക മഹാസമ്മേളനങ്ങള്‍, പ്രാദേശിക തലങ്ങളിലുള്ള സമ്മേളനങ്ങള്‍, ദഅ്‌വാ പരിപാടികള്‍, സെമിനാറുകള്‍, ചര്‍ച്ചായോഗങ്ങള്‍... അങ്ങനെയങ്ങനെ നിരവധി സംവിധാനങ്ങളിലൂടെ, കോഴിക്കോട്ടെ മര്‍കസുദ്ദഅ്‌വത്തില്‍ ഇസ്‌ലാമിയ കേന്ദ്രമാക്കി, ഈ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായും ശക്തമായും മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു.

പ്രസ്ഥാനത്തിന്‌ അറുപതാണ്ട്‌ തികയുന്ന ഈ വേളയില്‍ അതിന്റെ വളര്‍ച്ചയ്‌ക്കും വിജയത്തിനും വേണ്ടി കണ്ണീരും വിയര്‍പ്പും നല്‍കുകയും കഠിനമായ ത്യാഗങ്ങള്‍ അനുഷ്‌ഠിക്കുകയും കഷ്‌ടപ്പാടുകളും മര്‍ദനങ്ങളും സഹിക്കുകയും ചെയ്‌തുകൊണ്ട്‌ അധ്വാനിച്ച്‌ മണ്‍മറഞ്ഞുപോയ ഒരുപാട്‌ പണ്ഡിതന്മാരെയും നേതാക്കന്മാരെയും നമുക്ക്‌ അനുസ്‌മരിക്കാം. അവരുടെയെല്ലാം പേരുകള്‍ കുറിക്കുന്നത്‌ അസാധ്യവും ചിലരുടെ മാത്രം പേരുകള്‍ പറയുന്നത്‌ അനുചിതവുമാകയാല്‍ അതിന്‌ തുനിയുന്നില്ല. അവരെക്കൂടാതെ, അവരോടൊപ്പം പ്രസ്ഥാനത്തിന്‌ വേണ്ടി വിയര്‍പ്പൊഴുക്കി മരിച്ചുപോയ പതിനായിരക്കണക്കിലുള്ള ത്യാഗധനരായ സാധാരണ പ്രവര്‍ത്തകരെയും നമുക്ക്‌ ഓര്‍മിക്കാം. ആ നേതാക്കന്മാരുടെയും അനുയായികളുടെയുമെല്ലാം ത്യാഗപരിശ്രമങ്ങള്‍ക്കും സേവനങ്ങള്‍ക്കും അല്ലാഹു പരലോകത്ത്‌ അര്‍ഹമായ പ്രതിഫലം നല്‍കുകയും അവരെയും നമ്മെയുമെല്ലാം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമാറാകട്ടെ! ആമീന്‍.
``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ, സഹായിക്കുകയാണെങ്കില്‍ അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യും.'' (വി.ഖു 47:7) l 



(കടപ്പാട്  : ശബാബ് വാരിക )

7 സംവാദങ്ങള്‍:

  1. ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ മുജാഹിദ്‌ പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌.

    ReplyDelete
  2. പ്രിയNoushad Vadakkel
    കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍ മുസ്ലീം ഉന്നമനത്തിന് അതിന്റെതായ പങ്ക് വഹിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലും ഇപ്പോള്‍ കാണുന്ന യുട്യൂബ് പരിപാടികളുടെ(കോഴികൊത്ത് സ്റ്റൈല്‍) വെളിച്ചത്തിലും അവരുടെ പല നിലപാടുകളോടും നയങ്ങളോടും എനിക്ക് വ്യക്ത്മായ വിയോജിപ്പുണ്ട്. മതം ഗുണകാംഷയാണെന്ന് അവര്‍ പറയുമ്പോള്‍ തന്നെ തീരെ ഗുണകാംശാപരമല്ലാത്ത ഒരു ശൈലിയിലാണ് പലപ്പോഴും സ്വീകരിക്കാറുള്ളത്. ഇത്തരം ഒരു ശൈലി അവര്‍ ഉപേക്ഷികണമെന്നാണ് അവരോട് എനിക്ക് വിനയത്തിന്റെ ഭാഷയില്‍ പറയാനുള്ളത്. അത് അവര്‍ക്കും അവര്‍ നന്നാക്കാന്‍ ഉദ്ദേശിക്കുന്ന സമുദായത്തിനും ഗുണം ചെയ്യാതിരിക്കില്ല.

    ആ അര്‍ത്ഥത്തില്‍ താങ്കളുടെ ശ്രമം തുടരുക. സര്‍വ്വ ഭാവുകങ്ങളും...ദൈവം അനുഗ്രഹിക്കട്ടേ

    ReplyDelete
  3. @ചിന്തകന്‍ മതം ഗുണകാംക്ഷയാണ് എന്ന് പോസ്റ്റര്‍ ഒട്ടിച്ചാല്‍ നവോട്ഥാനം വരും എന്ന് വിചാരിക്കുന്ന പക്ഷത്തല്ല ഞാന്‍ . ഞാന്‍ ഏതു പക്ഷത്താണ് എന്ന് മനസ്സിലാക്കുവാന്‍ താന്കള്‍ ശ്രമിക്കുമല്ലോ :) വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി

    ReplyDelete
  4. സാമൂഹ്യരംഗത്ത്‌ സ്‌ത്രീധനം, ആര്‍ഭാട പൂര്‍ണമായ വിവാഹാഘോഷങ്ങള്‍, ആഭരണഭ്രമം, ജനനവും മരണവും പോലെയുള്ള സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട ദുരാചാരങ്ങള്‍ മാലകള്‍, മൗലൂദുകള്‍, റാത്തീബുകള്‍ പോലുള്ള മതപരമായ അനാചാരങ്ങള്‍, മരുമക്കത്തായം, സമ്പത്തിന്റെ ധൂര്‍ത്ത്‌... തുടങ്ങി നിരവധി തിന്മകള്‍ വലിയൊരളവോളം നിര്‍മാര്‍ജനം ചെയ്യപ്പെ
    ഇത് കേരളത്തിലെ കാര്യം തന്നെ ആണോ‌ ആവോ !!?
    :)

    ReplyDelete
  5. @അനില്‍@ബ്ലോഗ്ഒരു അമ്പത് കൊല്ലം മുന്‍പുള്ള അവസ്ഥയില്‍ നിന്നും കാര്യമായ മാറ്റം കേരളത്തില്‍ തന്നെ ഉണ്ടായി എന്ന് തന്നെ വിശ്വസിച്ചോളൂ .. :)

    ReplyDelete
  6. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക വേണ്ടി പ്രയത്‌നിച്ച നേതാക്കന്മാരുടെയും അനുയായികളുടെയുമെല്ലാം ത്യാഗപരിശ്രമങ്ങള്‍ക്കും സേവനങ്ങള്‍ക്കും അല്ലാഹു പരലോകത്ത്‌ അര്‍ഹമായ പ്രതിഫലം നല്‍കുകയും അവരെയും നമ്മെയുമെല്ലാം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമാറാകട്ടെ! ആമീന്‍.

    അതോടൊപ്പം ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. ആദ്യകാല സലഫി പ്രസ്ഥാനത്തിന്റെ പിന്‍തലമുറ എന്നവകാശപ്പെടാന്‍ അല്‍പം കൂടി യോഗ്യതയുള്ള വിഭാഗമാണ ഈ സംഘടന എന്ന് ഞാന്‍ കരുതുന്നു. മുമ്പ് സുന്നികള്‍ പിളര്‍ന്ന് എപിയും ഇകെയുമായപ്പോള്‍ സംഭവിച്ച ഒരു ദുരന്തം ഈ പിളര്‍പ്പിലും അനുഭവപ്പെട്ടിരുന്നു. അന്ന് അതിന്റെ ദുര്യോഗം അനുഭവിക്കേണ്ടി വന്നത് മുജാഹിദ് പ്രസ്ഥാനമായിരുന്നു. പക്ഷെ ഈ പിളര്‍പ്പില്‍ തീവ്രവാദത്തിന്റെ പേര് പറഞ്ഞ് ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരെയുള്ള ശക്തമായ ഒരു ആക്രമണം സമാനമായ ദുരന്തത്തിന്റെ ഭാഗമായിരുന്നു. ഇസ്‌ലാമികമായി വിശകലനം ചെയ്താലും ഭൗതികമായ താല്‍പര്യത്തിന്റെ പേരിലായാലും അത് പ്രസ്ഥാനത്തിന് നഷ്ടമേ വരുത്തൂ എന്ന് ഈ പ്രസ്ഥാനത്തിലെ വിവേകികള്‍ തിരിച്ചറിയുമെന്ന് കരുതുന്നു. ഇസ്‌ലാം ആവശ്യപ്പെടുന്ന സൗഹാര്‍ദ്ദവും സഹവര്‍ത്തിത്തവും പുലര്‍ത്താന്‍ ഇവിടെ പരാമര്‍ശിക്കപ്പെട്ട വിഭാഗത്തിനാകുന്നു എന്ന് തന്നെയാണ് എന്റെ നിഷ്പക്ഷമായ വിലയിരുത്തല്‍.

    ReplyDelete

വന്നതിനും വായിച്ചതിനും നന്ദി . . താങ്കള്‍ക്കു വിഷയവുമായി ബന്ധപ്പെട്ടു പറയുവാനുള്ളത് ഇവിടെ എഴുതുക. കമന്റ്‌ moderation ഉണ്ട് . കോപ്പി പേസ്റ്റ് കമന്റ്‌ കല്‍ അനുവദനീയമല്ല .
മറ്റുള്ളവ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും .