بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

ഇസ്ലാമിനെ കേവലം പാരമ്പര്യ മതമായി കാണുകയും ആ മതത്തെ തന്നെ വിശ്വാസപരവും , കര്‍മ്മ ശാസ്ത്രപരവുമായ മദുഹബുകളിലൊന്നിന്റെ നാലതിരുകളില്‍ തളച്ചിടുകയും ലോകത്തിലും സമൂഹത്തിലും അനുദിനം സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ നേരെ മുഖം തിരിക്കുകയും ചെയ്ത പുരോഹിത വൃന്തത്തിന്റെ പിടിയിലാണ് കേരളത്തിലെ മത സംഘടനകള്‍ . ഉള്പതിഷ്ണുക്കളെന്നും പുരോഗമന വാദികളെന്നും സ്വയം അവകാശപ്പെടുന്നവര്‍ പോലും സലഫിയ്യത്ത്തിന്റെ അക്ഷര പൂജാപരമായ സങ്കുചിതത്വം ദാര്‍ശനികാടിത്തറയായി സ്വീകരിക്കുകയും ഇസ്ലാമിനെ മരണ പദ്ധതിയായും മുസ്ലിംകളുടെ മോചന മാര്‍ഗ്ഗം ശ്മശാന വിപ്ലവമായും അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത് .കേരളത്തിലെ മഹാന്മാരായ പൂര്‍വ്വിക പണ്ഡിതന്മാര്‍ ശിര്‍ക്ക്‌ -ബിദ്അത്തുകള്‍ക്കും അന്ധ വിശ്വാസങ്ങള്‍ക്കും ,എതിരെ നടത്തിയ ധീരമായ പോരാട്ടത്തിന്റെ പൈതൃകം അവകാശപ്പെടുന്ന ഇന്നത്തെ സലഫി സംഘടനകള്‍ , അവരുടെ ജിഹാദിന്റെ മുഖം ,ഒരര്‍ഥത്തിലും ശിര്‍ക്ക് -ബിദ് അത്തുകള്‍ ആരോപിക്കപ്പെടുവാന്‍ പഴുതില്ലാത്ത ജമാഅത്തെ ഇസ്ലാമിയുടെ നേരെ തിരിച്ചു വെച്ചിരിക്കുന്നു എന്നത് തന്നെ കടുത്ത ദാര്‍ശനിക ബലഹീനതയെ അനാവരണം ചെയ്യുന്നു .
മതവും രാഷ്ട്രീയവും പരസ്പരം ബന്ധമില്ലാത്ത രണ്ടു മണ്ഡലങ്ങളായി വേര്‍തിരിച്ചു ഇസ്ലാമിനെ സ്വകാര്യ ജീവിതത്ത്തിലൊതുക്കുകയും പൊതു ജീവിതത്തെ അനിസ്ലാമിക പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് പതിച്ചു കൊടുക്കുകയും ചെയ്ത മൌലികാബദ്ധത്ത്തിന്റെ സ്വാഭാവിക പരിണാമമാണിത് .
കേവലനായ മുജാഹിദ്‌ ഇന്നില്ല ;ലീഗ് മുജാഹിദും കോണ്‍ഗ്രസ്‌ മുജാഹിദും ജനതാദള്‍ മുജാഹിദും കമ്മ്യൂണിസ്റ്റ്‌ മുജാഹിദുകള്‍ പോലും ആണുള്ളത് .അതിനാല്‍ ജീവിതത്തെ നിര്‍ണ്ണായകമാക്കി നിയന്ത്രിക്കുന്ന രാഷ്ട്രീയത്തെ ശാഖാപരവും നിസ്സാരവും ആക്കി തള്ളാനും , പൊങ്ങിയ ഖബറുകള്‍ നിരപ്പാക്കുക എന്ന മഹത് കൃത്യത്തെ ജീവിത ലക്ഷ്യമായി അവതരിപ്പിക്കുവാനും മുജാഹിദ്‌ പ്രസ്ഥാനം നിര്‍ബന്ധിതമാണ് .
ഈ നിസ്സഹായതയില്‍ നിന്നുള്ള രോഷ പ്രകടനമാണ് ഇസ്ലാമിനെ അതിന്റെ തനതായ രൂപത്തില്‍ സമഗ്ര ജീവിത വ്യവസ്ഥിതിയായി പ്രബോധനം ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയെ മുഖ്യ ശത്രുവായി കണ്ടു രംഗത്തിറങ്ങിയ മുജാഹിദ്‌ മൌലവിമാര്‍ കാട്ടിക്കൂട്ടുന്നതെല്ലാം .

(പ്രബോധനം ,ജമാഅത്തെ ഇസ്ലാമി -അന്‍പതാം വാര്‍ഷിക പതിപ്പ് പേജ് 185)


മരിച്ചു പോയ മുജാഹിദ്‌ പണ്ടിതന്മാരൊക്കെ നല്ലവരും ജീവിച്ചിരിക്കുന്ന മുജാഹിദുകളൊക്കെ സലഫിയ്യതിന്റെ അക്ഷര പൂജകരുമാണെന്ന കണ്ടു പിടിത്തത്തിന് കുറെ പഴക്കമുണ്ട് .അതിനു ശേഷം മരിച്ച മുജാഹിദുകള്‍ക്കും യഥാ സമയം ഗുഡ് എന്‍ട്രി കൊടുത്തു കൊണ്ടിരിക്കുന്നതില്‍ ജമാഅതുകാര്‍ക്ക് വിഷമമുണ്ടാകുമെന്നു തോന്നുന്നില്ല .ജീവിച്ചിരിക്കുന്നവരെ കുറച്ചൊക്കെ ശകാരിചാലും മരിച്ചു പോയവരെ പറ്റി നല്ലത് പറയുന്നത് കേവലമൊരു പോളിസിയായിട്ടല്ല ഇസ്ലാമിക മര്യാദയായിട്ടു തന്നെ നമുക്ക് കണക്കാക്കാവുന്നതാണ് .
എന്നത്തേയും മുജാഹിദ്കള്‍ക്ക് പറയുവാനുള്ളത് ഒന്ന് തന്നെയാണ് .ഞങ്ങളും ഞങ്ങളുടെ പൂര്‍വ്വികരും ,എഴുതുന്നതും പറയുന്നതുമല്ല ഇസ്ലാമിന്റെ പ്രമാണം .അല്ലാഹുവിന്റെ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ നിലും മുഹമ്മദ്‌ നബി (സ) യില്‍ നിന്ന് സ്ഥിരപ്പെട്ടചര്യയില്‍ നിന്നും ഉള്ള കാര്യങ്ങളാണ് ഇസ്ലാമിന്റെ അടിസ്ഥാന അദ്ധ്യാപനങ്ങള്‍ .ഞങ്ങളുടെ അഭിപ്രായങ്ങളില്‍ ഖുര്‍ആനിനും ഹദീസിനും വിരുദ്ധമായ എന്ത് കണ്ടാലും അത് തള്ളിക്കളയേണ്ടതാണ് . ഈ കാര്യത്തില്‍ ആരോടും ഒരു ശത്രുതയുമില്ല . ആര്‍ക്കെങ്കിലും ശത്രുതയുന്ടെന്കില്‍ അത് കാര്യമായിട്ടെടുക്കുന്നുമില്ല .ജീവിതത്തില്‍ യാതൊരു മേഖലയിലും അല്ലാഹുവിന്റെയും റസ്സൂലിന്റെയും(സ ) വിധി വിലക്കുകള്‍ ലംഘിക്കുവാന്‍ ആര്‍ക്കും ഒരവകാശവുമില്ല .
ഇസ്ലാമിനും മുസ്ലിംകള്‍ക്കും വിരുദ്ധമായ എല്ലാ രാഷ്ട്രീയ സിദ്ധാന്തങ്ങളെയും കക്ഷികളെയും മുജാഹിദുകള്‍ എക്കാലത്തും എതിര്‍ത്തിട്ടുണ്ട് .ഇന്ത്യയില്‍ നിലവിലുള്ള സാഹചര്യത്തില്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും ഗുണകരമാകുമെന്നോ , ഇസ്ലാമും മുസ്ലിംകളും എതിര്‍ക്കപ്പെടുന്നത് ഒഴിവാക്കാന്‍ ഉപകരിക്കുമെന്നോ ഉള്ള പ്രതീക്ഷയില്‍ മുസ്ലിംകള്‍ ഏതെന്കിലും രാഷ്ട്രീയ കക്ഷിയുമായി സഹകരിച്ചാല്‍ അത് ബഹു ദൈവത്വമാകുമെന്നു പറയുന്നത് ശരിയല്ല എന്ന് പറഞ്ഞു പോയതിനാണ് മുജാഹിദുകള്‍ പല മതക്കാരാണ് എന്ന് പറഞ്ഞു പ്രബോധനം അപഹസിക്കുന്നത്

മതത്തെ തീര്‍ത്തും മാറ്റി നിര്‍ത്തിയ രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ അല്ലാഹുവിലും റസൂലിലും(സ ) വിശ്വസിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെയും കൂട്ടിക്കെട്ടുന്നതിനോട് മുജാഹിദുകള്‍ വിയോജിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയല്ല ,മതപരമായ അഭിപ്രായ പ്രകടനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന ആഗ്രഹം കൊണ്ട് മാത്രമാണ് .മുജാഹിദുകള്‍ കമ്മൂണിസത്തെ എതിര്‍ക്കുകയും കമ്മ്യൂണിസ്റ്റ്‌ കക്ഷികള്‍ക്ക് വോട്ട് നല്‍കാതിരിക്കുകയും ചെയ്യുമ്പോള്‍ ജമാഅത്തെ ഇസ്ലാമി ചെയ്യുന്നത് കമ്മുണിസത്തെ വിമര്ഷിക്കുന്നതോടൊപ്പം തന്നെ തങ്ങള്‍ വോട്ട് ചെയ്തു വിജയിപ്പിച്ച കമ്മ്യൂണിസ്റ്റ്‌ സ്ഥാനാര്‍ഥികളുടെ എണ്ണം അഭിമാനപൂര്‍വ്വം പരസ്യപ്പെടുത്തുകയാണ് . ജന സംഗം ലയിച്ചു ചേര്‍ന്ന ജനതാ പാര്‍ട്ടിയെയും ബി ജെ പി യുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജനതാദളിനെയും ജമാഅത്ത്‌ കാര്‍ പരസ്യമായി പിന്തുണച്ചപ്പോള്‍ ഹൈന്ദവ വര്‍ഗ്ഗീയതയെ എക്കാലത്തും ഒരു പോലെ എതിര്‍ക്കുകയാണ് മുജാഹിദുകള്‍ ചെയ്തത് .ഇതിനൊക്കെ അപ്പുറം 'ഇസ്ലാമിസ്റ്റ്‌ 'രാഷ്ട്രീയത്തിന്റെ എന്ത് മഹത്വമാണ് ഇന്ത്യന്‍ ജനതയ്ക്ക് ദര്‍ശിക്കുവാന്‍ സാധിച്ചിട്ടുള്ളത് ?
ഖബര്‍ ആരാധനക്കെതിരില്‍ പ്രബോധനം ലേഖന പരമ്പരകള്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട് ; ഐ പി എച്ചിന്റെ വക പുസ്തകങ്ങളും .അതൊക്കെ ഹീന ക്രിത്യങ്ങളായിട്ടാണോ ഇപ്പോള്‍ പ്രബോധനം നടത്തുന്നവര്‍ കരുതുന്നത് ?

പ്രതികരണം : 

6 സംവാദങ്ങള്‍:

 1. >>> തൌഹീദുമായി ബന്ധപ്പെട്ട ചില സുപ്രധാന വിഷയങ്ങള്‍ കേവലം ശാഖാപരവും മുസ്ലിമിന്റെ രാഷ്ട്രീയം മര്‍മ്മ പ്രധാനവുമായി ജമാഅത്തെ ഇസ്ലാമി അവതരിപ്പികുന്നതിനെയാണ് പ്രധാനമായും എതിര്‍ക്കപ്പെടുന്നത് . അതിനെ മുജാഹിദുകള്‍ ഇസ്ലാമില്‍ രാഷ്ട്രീയമില്ല എന്ന് പറയുന്നു എന്ന് പറഞ്ഞു ജമാഅത്തെ ഇസ്ലാമി രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നു . <<<

  >>>ഇതിന് പഴയരേഖകളുണ്ടെങ്കില്‍ അത് വെച്ചുതുടങ്ങാം.<<<

  രേഖ ഈ പോസ്റ്റില്‍ ഒരെണ്ണം കൊടുത്തിട്ടുണ്ട്‌ .അത് തന്നെ മതിയാകും എന്ന് തോന്നുന്നു . :)

  ReplyDelete
 2. സഹോദരാ,ഇസ്ലാമില്‍ രാഷ്ട്രീയം ഉണ്ടോ/ഇല്ലേ എന്നതിനേക്കാള്‍
  കഠോരമായി അനുഭവപ്പെടുന്നു ഈ വിഴുപ്പലക്ക്,നല്ലതെന്തൊക്കെയുണ്ട്
  ഈ പരിശുദ്ധദീനില്‍ നിര്‍വഹിക്കാന്‍...ജീവിതം മുഴുവന്‍ ദൈവത്തിന്
  സമര്‍പ്പിക്കാം നമുക്ക്.അത് വഴി കൂടുതല്‍ ഗുണകാംക്ഷയുള്ളവരാവാം.!

  ReplyDelete
 3. @ഒരു നുറുങ്ങ് ക്ഷമിക്കുക , കേരളത്തിലെ മത രംഗത്ത് മുസ്ലിംകള്‍ക്ക് നിരവധി സംഘടനകള്ണ്ട് .എത്ര നിഷേധിച്ചാലും ഇവര്‍ക്കിടയില്‍ കാര്യമായ,അടിസ്ഥാനപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട് . അവയൊന്നും ചര്‍ച്ച ചെയ്യപ്പെടരുത് എന്ന് വന്നാല്‍ പിന്നെ മതേതര മുഖം മൂടി അണിഞ്ഞ യുക്തി വാദികളുടെ ആഗ്രഹം പോലെ അവിയല്‍ മതവുമായി കഴിയേണ്ടി വരും .സത്യ വിശ്വാസം സ്വീകരിച്ചവരോട് ഗുണകാക്ഷാപൂര്‍വ്വം അവരുടെ പിഴവുകള്‍ ചൂണ്ടിക്കാണിച്ചു തിരുത്തുവാന്‍ ആവശ്യപ്പെടുന്നത് അല്ലാഹുവിങ്കല്‍ പ്രതിഫലാര്‍ഹ്ഹമായ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത് .വിഴുപ്പലക്കലായി താങ്കള്‍ക്കു തോന്നുന്നത് എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസ്സിലായില്ല .

  >>>നല്ലതെന്തൊക്കെയുണ്ട്
  ഈ പരിശുദ്ധദീനില്‍ നിര്‍വഹിക്കാന്‍<<<

  തീര്‍ച്ചയായും അതിനുള്ള എല്ലാ അവസരങ്ങളും വിനിയോഗിക്കുവാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കാം . അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍ )

  നന്ദിയുണ്ട് വന്നതിനും അഭിപ്രായം അറിയിച്ചതിനും :)

  ReplyDelete
 4. @ഒരു നുറുങ്ങ്

  താങ്കളെങ്ങിനെയാണ് ജീവിതം മുഴുവനായി ദൈവത്തിന് സമർപ്പിക്കുന്നത് ? താഗൂത്തിലൂടെയോ!! വിഴുപ്പലക്കലിനപ്പുറം കർമ്മപരമായി എന്തുണ്ട് ജമാഅത്തിന് മറ്റുമുസ്ലിങ്ങളിൽ നിന്നും വ്യത്യാസ്ഥമായി?? വാക്കുകളിൽ അപൂർണ്ണന്മാരായി നടന്നീട്ടും ശരിയായ ക്രിസ്റ്റൽ ക്ളിയർ നിലപാടുള്ള ഇസ്ലാഹികളെ വിമർശിക്കാൻ വരുന്നതിന്റെ കാരണം??

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. തങ്ങള്‍ ഇരകളാണെന്ന് സുരക്ഷിതത്വത്തോടെ കഴിയുന്ന ഒരു സമൂഹത്തെ വിശ്വസിപ്പിക്കുക പ്രയാസമാണ്. ചുരുങ്ങിയത് കേരളത്തില്‍ എങ്കിലും. അതിനായി എല്ലാ രീതിയിലും ഉള്ള പ്രചാരണങ്ങളും പ്രകോപനങ്ങളും ഈ അടുത്ത കാലത്ത് വളരെ വ്യാപകമായി തന്നെ കാണുന്നുണ്ട്. പലവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയും പല രീതിയിലുള്ളവരുമായി ഇടപെടുകയും ചെയ്യുന്ന ഒരു സമൂഹത്തിലെ ആളുകളുടെ അട്ടിപ്പേറവകാശം എളുപ്പത്തില്‍ കൈക്കലാക്കാന്‍ ഉള്ള വഴി തന്നെയാണ് തങ്ങള്‍ ഇരകളാണെന്നും ഞങ്ങള്‍ നിങ്ങളുടെ രക്ഷകരാണെന്നും അവരെ വിശ്വസിപ്പിക്കുന്നത്. മറ്റു വിഭാഗത്തില്‍ ഉള്ളവര്‍ തങ്ങളുടെ ആളുകളോട് സംസാരിക്കുന്നത് വരെ അസഹിഷ്ണുതയോട് കൂടി മാത്രം കാണാന്‍ ആളുകളെ നിര്‍ബന്ധിക്കുന്നവരുടെ അജണ്ടയെ ഭീതിയോടെ അല്ലാതെ നോക്കിക്കാണാന്‍ സാധിക്കുകയില്ല.

  ReplyDelete

വന്നതിനും വായിച്ചതിനും നന്ദി . . താങ്കള്‍ക്കു വിഷയവുമായി ബന്ധപ്പെട്ടു പറയുവാനുള്ളത് ഇവിടെ എഴുതുക. കമന്റ്‌ moderation ഉണ്ട് . കോപ്പി പേസ്റ്റ് കമന്റ്‌ കല്‍ അനുവദനീയമല്ല .
മറ്റുള്ളവ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും .