بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

"ദീനിന്റെ സംസ്ഥാപനം സ്വജീവിത ലക്ഷ്യമായി അംഗീകരിക്കാത്ത്ത കാലത്തോളം യാതൊരാളും യഥാര്‍ത്ഥ മുസ്ലിം ആകുന്നില്ല . അയാള്‍ക്ക്‌ ശരിയായ ഇസ്ലാമിക ജീവിതം നയിക്കാനൊട്ടു സാധ്യവുമല്ല "
(ഇസ്ലാമിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്വങ്ങള്‍ , മൌലാന മൌദൂതി പേജ് 80)

എങ്ങനെ  കാണുന്നു ഈ പരാമര്‍ശം ?

ദീന്‍ എന്ന പദത്തിന്റെ അര്‍ഥം അല്ലാഹുവിനു പൂര്‍ണ്ണമായി കീഴ്പ്പെടല്‍ എന്നാണു .മറ്റുള്ളവരെ കീഴ്പ്പെടുത്തല്‍ എന്നല്ല. ദീന്‍ അനുസരിച്ചുള്ള ജീവിത രീതി ഓരോരുത്തരും സ്വയം സ്വീകരിക്കുന്നതിനു പ്രേരണയും പ്രചോദനവും നല്‍കുകയാണ് മത പ്രബോധകരുടെയും മത നേതാക്കളുടെയും ചുമതല .സത്യ വിശ്വാസികള്‍ വ്യക്തിപരവും കുടുംബ പരവും സാമൂഹികവുമായ എല്ലാ വിഷയങ്ങളിലും ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കുക എന്ന അര്‍ത്ഥമാണ് ദീനിന്റെ സംസ്ഥാപനം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അത് അതി പ്രധാനമാണെന്ന കാര്യത്തില്‍ സംശയമില്ല .പക്ഷെ അത് ജീവിതത്തിന്റെ ലക്ഷ്യമല്ല ,പരലോക മോക്ഷം എന്ന ലക്‌ഷ്യം നേടുന്നതിനു സ്വീകരിക്കേണ്ട മാര്‍ഗ്ഗമാണ് .

അധികാര ശക്തി ഉപയോഗിച്ച് ജനങ്ങളുടെ മേല്‍ മത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുക എന്നാണു ദീനിന്റെ സംസ്ഥാപനം എന്നത് കൊണ്ട് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അത് അല്ലാഹു വിശ്വാസികളുടെ ജീവിത ലക്ഷ്യമായി പ്രഖ്യാപിച്ചതോ പ്രവാചകന്റെ ജീവിത ലക്ഷ്യമായി സ്വീകരിച്ചതോ ആയ കാര്യമല്ല .മുഹമ്മദ്‌ നബി (സ)യോട് അല്ലാഹു പറയുന്നത് നോക്കുക :

"അതിനാല്‍  നീ ഉദ്ബോധിപ്പിക്കുക .നീ ഒരു ഉദ്ബോധകന്‍ മാത്രമാകുന്നു .നീ അവരുടെ മേല്‍ അധികാരം ചെലുത്തെണ്ടവനല്ല ."
( വിശുദ്ധ ഖുര്‍ആന്‍ 88:21,22)



നൂഹ്,ഇബ്രാഹിം ,മൂസ ,ഈസാ (അ) എന്നീ പ്രവാചക ന്മാരോട് കല്‍പ്പിച്ചത് പോലെ തന്നെ മുഹമ്മദ്‌ നബി (സ) യോടും അനുയായികളോടും ' ഇഖാമത്തുദ്ദീന്‍ ' നിര്‍വ്വഹിക്കാന്‍ അല്ലാഹു അനുശാസിച്ചതായി
വിശുദ്ധ ഖുര്‍ആന്‍ 42:13 ഇല്‍ കാണാം . ഇഖാമത്തുദ്ദീന്‍ എന്ന വാക്കിന്റെ അര്‍ഥം ഭരണത്തിലൂടെ മതം അടിച്ചേല്‍പ്പിക്കുക എന്നല്ല ; വിശ്വാസത്തിലും അനുഷ്ടാനങ്ങളിലും ജീവിത രീതിയിലുമുണ്ടാകുന്ന വൈകല്യങ്ങള്‍ തീര്‍ത്തു മതത്തെ നേരെ ചൊവ്വേ നിലനിര്‍ത്തുക എന്നാണ്. കാരണം ഈ ഈ ഖുര്‍ആന്‍ വാക്യത്തില്‍ പേരെടുത്തു പറഞ്ഞ പൂര്‍വ്വ പ്രവാചകന്മാരാരും ദൈവിക ഭരണ കൂടം സ്ഥാപിചിട്ടില്ലല്ലോ. അവരൊക്കെ നിര്‍വ്വഹിച്ച ഇഖാമത്തുദ്ദീന്‍വ്യതിയാനങ്ങളും വൈകല്യങ്ങളും മാറ്റി ദീനിനെ യഥാവിധി നില നിര്‍ത്തുക എന്നതായിരുന്നു .

സ്വയം നിര്‍ണ്ണയാവകാശമുള്ള ഒരു യഥാര്‍ത്ഥ മുസ്ലിം സമൂഹം ഇസ്ലാമികമായ ഒരു രാഷ്ട്ര ഘടന നിലവില്‍ വരുത്താന്‍ ബാദ്ധ്യസ്തമാണെന്ന കാര്യത്തില്‍ ഖുര്‍ആനും സുന്നത്തും അംഗീകരിക്കുന്ന മുസ്ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല .ആ സമൂഹത്തിന്റെ ഭരണം വിശുദ്ധ ഖുര്‍ആനിന്റെയും തിരു സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കുക എന്നത് നിര്‍ബന്ധവുമാണ് .സ്വമേധയാ ജീവിതം അല്ലാഹുവിന്റെ ഹിതത്തിന് വിധേയമാക്കുകയും അത് വഴി ഇഹ പര സൌഭാഗ്യങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യുന്നതിന് വ്യക്തികള്‍ക്കും സമൂഹത്തിനും പ്രചോദനമെകുക എന്നതായിരിക്കണം ഇസ്ലാമിക രാഷ്ട്രത്തിന്റെ ലക്‌ഷ്യം . ഉദാഹരണത്തിന് ,പോലിസിനെയോ ഉദ്ധ്യോഗസ്തരെയോ ഭയന്ന് സകാത്ത് നല്‍കാന്‍ സന്നദ്ധമാകുന്ന സമൂഹത്തെ വളര്താനല്ല ; ദൈവ ബോധത്താല്‍ പ്രചോദിതരായി കൃത്യമായി സകാത്ത് നല്‍കുന്ന പൌരന്മാരെ വാര്തെടുക്കാനാണ് ഇസ്ലാമിക രാഷ്ട്രം ശ്രമിക്കേണ്ടത് .ഖുലഫാഉര്‍രാശിദുകള്‍ നേതൃത്വം നല്‍കിയ രാഷ്ട്രം അങ്ങനെയായിരുന്നു .പക്ഷെ ഖുര്‍ആനില്‍ നിന്ന് 'ഇരുമ്പു രാഷ്ട്രം' കണ്ടു പിടിച്ച സയ്യിദ്‌ മൌദൂദിക്കുംഅനുയായികള്‍ക്കും ഉരുക്ക് മുഷ്ടി ഉപയോഗിച്ചുള്ള മത സംസ്ഥാപനം കൊണ്ടേ തൃപ്തി വരൂ .കര്‍ക്കശ സ്വഭാവിയായ ഖലീഫ ഉമര്‍ (റ) ഇസ്ലാമിക രാഷ്ട്രത്തിന്റെ സാരഥി ആയപ്പോള്‍ സൗമ്യതയുടെയും ആര്ദ്രതയുടെയും മൂര്‍ത്തീമത്ഭാവമായി മാറിയ സംഭവത്തില്‍ നിന്ന് നമുക്ക് ഗ്രഹിക്കാവുന്നത് ജമാഅതുകാരുടെ ' ഇരുമ്പന്‍ രാഷ്ട്ര സങ്കല്‍പം 'ഇസ്ലാമിക ചരിത്രത്തിനു അന്യമാണെന്നത്രേ.

15 സംവാദങ്ങള്‍:

  1. ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടയുടെ മേല്‍ ആരോപണങ്ങള്‍ വെച്ചുകെട്ടി അതിന് മറുപടി പറഞ്ഞ് സ്വയം സമാധാനിക്കുന്നതിന് പകരം. നിങ്ങളുടെ ബ്ലോഗില്‍ നിങ്ങളുടെ സംഘടനയുടെ നിലപാടുകളോ. അതില്ലെങ്കില്‍ സംവദിക്കേണ്ട വിഷയത്തില്‍ നിങ്ങളുടെ നിലപാടുകളോ വ്യക്തമാക്കുക. അതല്ലേ ബ്ലോഗിലെ ഒരു ശൈലി. അല്ലാതെ മൈക്ക് കിട്ടിയ ഉടനെ അന്യനെ തോലിപൊളിക്കാന്‍ തുടങ്ങുന്ന രൂപം ഇവിടെ സ്വാഗതാര്‍ഹമല്ല. ഇപ്രകാരമേ ഉദ്ദേശിക്കുന്നുള്ളൂവെങ്കില്‍ അങ്ങനെയാകട്ടേ. പക്ഷെ അതുകൊണ്ട് വഴിതെറ്റിപ്പോയവരെന്ന് നിങ്ങള്‍ കരുതുന്ന ആരെയും നേര്‍വഴിക്ക് കൊണ്ടുവരാന്‍ നിങ്ങള്‍ക്കാവില്ല. തല്‍കാലം ഇത് മാത്രം വായിക്കുന്ന സലഫികളെ നിങ്ങള്‍ക്ക് പിടച്ചുനിര്‍ത്താം എന്ന് മാത്രം. തല്‍കാലം വിട.

    ReplyDelete
  2. സുഹൃത്ത് നൗഷാദുമായി സ്നേഹപൂര്‍വ്വം സംവദിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ സന്തോഷിച്ച വ്യക്തിയാണ് ഞാന്‍. വളരെ ആവേശപൂര്‍വ്വം താങ്കള്‍ നിലപാടുകള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ ഞാന്‍ ഒരുപാട് പ്രതീക്ഷിച്ചു. എന്നാല്‍, ഞാന്‍ ഉന്നയിച്ച ഒരു സംശയത്തിന് വിശദീകരണം തരുന്നതിനു പകരം പുതിയ പോസ്റ്റിലേക്ക് ചാടിയതിന്റെ യുക്തി ഞാനെന്തു മനസ്സിലാക്കണം. ഞാന്‍ ഉന്നയിച്ച വിഷയങ്ങളില്‍ നിങ്ങള്‍ക്ക് വ്യക്തമായ നിലപാടുകള്‍ ഉണ്ട് എന്ന്‍ താങ്കള്‍ സൂചിപ്പിച്ചതിനാലാണ് ഞാന്‍ എന്‍റെ സംശയങ്ങള്‍ ചോദിച്ചത്. ഇനി അതില്ലായെങ്കില്‍ അത് തുറന്നു പറയാനുള്ള ആര്‍ജവമെങ്കിലും കാണിക്കണമായിരുന്നു. കുറെ ആരോപണങ്ങള്‍ ഉന്നയിക്കുക എന്നതാണ് താങ്കള്‍ ഈ ബ്ലോഗ്‌ കൊണ്ട് ഉദ്ദേശിച്ചതെങ്കില്‍ താങ്കള്‍ക്ക് തുടരാം. ആശംസകള്‍.

    ReplyDelete
  3. പ്രിയ നൗഷാദ്,

    ഇത്തരം പോസ്റ്റുകള്‍ ഇവിടെ ഇടുമ്പോള്‍ ഇതിനെതിരെ പ്രതികരിക്കാതിരിക്കാനാവുന്നില്ല. പ്രത്യേകിച്ച് നിങ്ങളുടെ പ്രചോദനം സ്വര്‍ഗമാണ് എന്ന് വാദിക്കുമ്പോള്‍. ഇവിടെ മൗദൂദിയെ താങ്കള്‍ തെറ്റിദ്ധരിച്ചതാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ദീനിന്റെ സംസ്ഥാപനം എന്നുള്ളതിന്‍ അദ്ദേഹം ഉദ്ദേശിച്ച അര്‍ഥമല്ല നിങ്ങളിവിടെ നല്‍കിയതെന്നാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനം വായിക്കുമ്പോള്‍ മനസ്സിലാക്കുന്നത്. മറ്റുള്ളവരെ കീഴ്‌പെടുത്തി മതനിയമങ്ങള്‍ നടപ്പാക്കുന്നതാണ് അതുകൊണ്ടുദ്ദേശിക്കുന്നത് എന്ന് താങ്കള്‍ മനസ്സിലാക്കി. അല്ലെങ്കില്‍ ഭരണത്തിലൂടെ മതം അടിച്ചേല്‍പ്പിക്കലാണ് എന്നദ്ദേഹം പറഞ്ഞു എന്ന വിധത്തിലാണ് താങ്കള്‍ അതിനെ കാണുന്നത്. പരിഹാരമായി നിര്‍ദ്ദേശിക്കാനുള്ളത് മൗദൂദിയുടെ അവിടെ നല്‍കപ്പെട്ട വ്യാഖ്യാനം വായിക്കുക എന്നായിരുന്നു. എന്നാല്‍ അത് താങ്കളെ കൊച്ചാക്കുന്ന പോലെ താങ്കള്‍ക്ക് തോന്നുന്നു. അതിനാല്‍ അദ്ദേഹം പറഞ്ഞതുമായി ഞാനിവിടെ വരുന്നു. അതിനോട് പണ്ഡിതോചിതമായി വിയോജിക്കുക. പ്രബോധനവും ഉപദേശവും സംസ്‌കരണവുമെല്ലാം പ്രവാചകനോട് നല്‍പ്പെട്ട നിര്‍ദ്ദേശങ്ങളില്‍ പെട്ടതാണ്. ഇവിടെ പറയുന്നത് കുറച്ചുകൂടി അര്‍ഥവൈപുല്യമുള്ള കാര്യങ്ങളാണ്. അതെന്താണ് എന്ന് മൗദൂദി തന്നെ പറയട്ടെ. അല്‍പം സുദീര്‍ഘമാണ്. ക്ഷമിക്കുമല്ലോ.

    ReplyDelete
  4. നൂഹിനോട് അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം വഴി ഇപ്പോള്‍ നിന്നിലേക്കയച്ചിട്ടുള്ളതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചിരുന്നതുമായ അതേ ദീനിനെത്തന്നെ നിങ്ങള്‍ക്ക് നിയമിച്ചുതന്നിരിക്കുന്നു; ഈ ദീനിനെ നിലനിര്‍ത്തുവിന്‍, അതില്‍ ഭിന്നിക്കരുത് എന്ന താക്കീതോടുകൂടി. പ്രവാചകന്‍, പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന ഈ സംഗതി ബഹുദൈവവിശ്വാസികള്‍ക്ക് ഏറ്റം അസഹ്യമായിത്തീര്‍ന്നിരിക്കുന്നു. താന്‍ ഇച്ഛിക്കുന്നവനെ, അല്ലാഹു തന്റേതാക്കുന്നു. അവങ്കലേക്ക് മടങ്ങുന്നവര്‍ക്ക് അവന്‍ തന്നിലേക്കുള്ള വഴി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. (42:13)

    ഇതിന്റെ വ്യാഖ്യാനം നല്‍കാന്‍ നമ്മുക്ക് മൗദൂദിയെ അനുവദിക്കുക. എന്നിട്ട് ആളുകള്‍ തീരുമാനിക്കട്ടെ നിങ്ങള്‍ പറഞ്ഞത് പോലെ അതിനെ സംക്ഷേപിച്ച് ഇപ്രകാരം തലക്കെട്ടോടുകൂടി ഒരു പോസ്റ്റിന് അവസരമുണ്ടോ എന്ന് ഇന തുടര്‍ചയ്യായി നല്‍കാന്‍ പോകുന്നത് ബോള്‍ഡാക്കിനല്‍കിയ ഭാഗത്തിന് മൗദൂദി നല്‍കിയ വ്യാഖ്യാനമാണ്. വായിക്കുക.

    ReplyDelete
  5. പ്രഥമ സൂക്തത്തില്‍ അരുളിയ സംഗതിതന്നെ കൂടുതല്‍ തെളിച്ചു പറഞ്ഞിരിക്കുകയാണിവിടെ. ഇതില്‍ സ്പഷ്ടമായി പറയുന്നതിതാണ്: മുഹമ്മദ് നബി(സ) ഒരു പുത്തന്‍ മതത്തിന്റെ ഉപജ്ഞാതാവല്ല. പ്രവാചകവര്യന്മാരില്‍ ആരുംതന്നെ സ്വന്തമായ ഒരു മതം സ്ഥാപിക്കുകയായിരുന്നില്ല. പ്രത്യുത, ആദിമുതലേ പ്രവാചകന്മാരെല്ലാം അവതരിപ്പിച്ചിരുന്നത് അല്ലാഹുവിങ്കല്‍നിന്നുള്ള ഒരേയൊരു മതം തന്നെയാണ്. അതുതന്നെയാണ് മുഹമ്മദ് നബി(സ)യും പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്നത്. മഹാപ്രളയാനന്തരം നിലനില്‍ക്കുന്ന മനുഷ്യവംശത്തിലെ പ്രഥമ പ്രവാചകനായിരുന്ന ഹ. നൂഹി(അ)ന്റെ നാമമാണ് ഈ പരമ്പരയില്‍ ആദ്യം പരാമര്‍ശിച്ചിട്ടുള്ളത്. അനന്തരം അന്ത്യപ്രവാചകനായ നബി(സ)യെ പരാമര്‍ശിച്ചിരിക്കുന്നു. പിന്നെ, അറബികള്‍ സ്വന്തം മതാചാര്യനായി അംഗീകരിച്ചിട്ടുള്ള ഹ. ഇബ്റാഹീമി(അ)ന്റെ പേര്‍ വരുന്നു. അവസാനമായി, ജൂതന്മാരും ക്രിസ്ത്യാനികളും തങ്ങളുടെ മതത്തെ ബന്ധിപ്പിച്ചിട്ടുള്ള ഹ. മൂസാ(അ)യെയും ഈസാ(അ)യെയും പരാമര്‍ശിച്ചിരിക്കുന്നു. ഈ അഞ്ചു മഹാപ്രവാചകന്മാര്‍ മാത്രമാണ് ഈ രീതിയില്‍ മാര്‍ഗദര്‍ശനം ചെയ്യപ്പെട്ടവര്‍ എന്നല്ല ഇതിന്റെ താല്‍പര്യം. ഈ ലോകത്ത് ഏതെല്ലാം പ്രവാചകന്മാര്‍ ആഗതരായിട്ടുണ്ടോ അവരെല്ലാം ഒരേയൊരു ദീന്‍ തന്നെയാണ് കൊണ്ടുവന്നിട്ടുള്ളത് എന്നു വ്യക്തമാക്കുകയാണ് യഥാര്‍ഥ താല്‍പര്യം. ഉദാഹരണമായി, ലോകത്തിലെ ഏറ്റവും സുപരിചിതമായ ദൈവിക ശരീഅത്തുകളുടെ വാഹകരായിരുന്ന അതിമഹാന്മാരായ അഞ്ച് പ്രവാചകവര്യന്മാരുടെ പേരുകള്‍ ചൂണ്ടിക്കാണിക്കുകയാണ്. ഈ സൂക്തം ദീനിലേക്കും അതിന്റെ ലക്ഷ്യത്തിലേക്കും വളരെ പ്രധാനമായി വെളിച്ചം വീശുന്നുണ്ട്. അതിനാല്‍, അതിനെ ആഴത്തില്‍ അപഗ്രഥിച്ച് വിശദീകരിക്കേണ്ടത് അനിവാര്യമാകുന്നു. شَرَعَ لَكُم (നിങ്ങള്‍ക്ക് നിയമിച്ചുതന്നിരിക്കുന്നു) എന്നാണ് സൂക്തം തുടങ്ങുന്നത്. `ശറഅ്` എന്നതിന്റെ ഭാഷാര്‍ഥം വഴിയുണ്ടാക്കുക എന്നാണ്. സാങ്കേതികമായി ഈ പദംകൊണ്ട് വിവക്ഷിക്കുന്നത് സമ്പ്രദായം, വ്യവസ്ഥ, ചിട്ട, പ്രമാണം എന്നിവ നിശ്ചയിക്കുകയത്രേ. ഈ സാങ്കേതികാര്‍ഥം പരിഗണിച്ച് അറബി ഭാഷയില്‍ `തശ്രീഅ്` എന്ന പദം നിയമനിര്‍മാണത്തിനും (Legislation) ശറഅ്, ശരീഅത്ത് എന്നീ പദങ്ങള്‍ നിയമത്തിനും (Law) `ശാരിഅ്` എന്ന പദം നിയമദാതാവിനും (Law giver) തുല്യ പദങ്ങളായി ഗണിക്കപ്പെടുന്നു. ഈ ദൈവിക നിയമനിര്‍മാണം, ഖുര്‍ആനില്‍ അടിക്കടി വിശദീകരിക്കപ്പെട്ടിട്ടുള്ള മൌലിക യാഥാര്‍ഥ്യങ്ങളുടെ പ്രകൃതിപരവും നൈയാമികവുമായ ഫലമാകുന്നു. അതായത്, പ്രപഞ്ചത്തിലെ സകല വസ്തുക്കളുടെയും ഉടമസ്ഥന്‍ അല്ലാഹു മാത്രമാണ്, അവന്‍തന്നെയാണ് മനുഷ്യന്റെ യഥാര്‍ഥ രക്ഷകന്‍, മനുഷ്യര്‍ തമ്മില്‍ ഏത് കാര്യത്തില്‍ ഭിന്നിപ്പുണ്ടായാലും അതില്‍ തീര്‍പ്പുകല്‍പിക്കേണ്ടത് അവന്റെ അവകാശമാകുന്നു എന്നീ അടിസ്ഥാന തത്ത്വങ്ങളുടെ അനിവാര്യ താല്‍പര്യം. ആത്യന്തികമായ ഉടമയും രക്ഷകനും അധിപതിയും അവന്‍ മാത്രമാണെങ്കില്‍ അതുകൊണ്ടുതന്നെ അനിവാര്യമായും മനുഷ്യനുവേണ്ടി നിയമങ്ങളും വ്യവസ്ഥകളും നിര്‍മിക്കാനുള്ള അവകാശവും, ആ നിയമങ്ങളും വ്യവസ്ഥകളും മനുഷ്യന് നല്‍കാനുള്ള ഉത്തരവാദിത്വവും അവന് മാത്രമുള്ളതാകുന്നു. അതുകൊണ്ട് അവന്‍ തന്റെ ആ ഉത്തരവാദിത്വമിതാ നിര്‍വഹിച്ചിരിക്കുന്നു. مِنَ الدِّينِ (ദീനില്‍നിന്ന്) എന്നാണ് തുടര്‍ന്നു പറയുന്നത്. ശാഹ് വലിയുല്ലാഹ് ഇതിനെ തര്‍ജമ ചെയ്തിട്ടുള്ളത് از آئين (പ്രമാണസംഹിതയില്‍നിന്ന്) എന്നാണ്. അതായത്, അല്ലാഹു അരുളിയ നിയമങ്ങളെല്ലാം പ്രമാണങ്ങളുടെ വകുപ്പില്‍ പെട്ടതാണ്. (cont.)

    ReplyDelete
  6. ദീന്‍ എന്താണെന്ന് നാം ഇതിനു മുമ്പ് സൂറ സുമറിലെ മൂന്നാം വ്യാഖ്യാനക്കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. അത് മുന്നില്‍വെച്ച് ആലോചിച്ചാല്‍, ദീന്‍ എന്നതിന്റെ അര്‍ഥംതന്നെ ഒരു ശക്തിയുടെ നേതൃത്വവും അധികാരവും അംഗീകരിച്ചുകൊണ്ട് അതിന്റെ നിയമങ്ങളനുസരിക്കുകയാണെന്നു മനസ്സിലാക്കാന്‍ ഒരു വിഷമവുമുണ്ടായിരിക്കുകയില്ല. ഈ പദം `സരണി` എന്ന അര്‍ഥത്തില്‍ പറയുമ്പോള്‍ അതുകൊണ്ടുദ്ദേശ്യം മനുഷ്യന്‍ നിര്‍ബന്ധമായി തുടരേണ്ടതാണെന്ന് അംഗീകരിച്ചിട്ടുള്ള മാര്‍ഗമേതാണോ, ഏത് മാര്‍ഗത്തിന്റെ നിര്‍ദേശകനെയാണോ നിര്‍ബന്ധമായി അനുസരിക്കപ്പെടേണ്ടവനായി അംഗീകരിച്ചിട്ടുള്ളത്, ആ മാര്‍ഗമാകുന്നു. ഈയടിസ്ഥാനത്തില്‍ അല്ലാഹുവിനാല്‍ നിശ്ചയിക്കപ്പെട്ട ഈ മാര്‍ഗത്തെ ദീനീ നിയമം എന്നുപറയുന്നതിന്റെ വ്യക്തമായ താല്‍പര്യം ഇപ്രകാരമാകുന്നു: അതിന്റെ സ്വഭാവം കേവലം ശുപാര്‍ശയുടെതോ (Recommendation) നിര്‍ദേശത്തിന്റെതോ അല്ല. പ്രത്യുത, അടിമകളെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ ഉടമയുടെ, നിര്‍ബന്ധമായി അനുസരിക്കേണ്ട നിയമങ്ങളാകുന്നു. അവനെ അനുസരിക്കാതിരിക്കുന്നതിനര്‍ഥം ധിക്കാരമെന്നത്രേ. അവയെ പിന്‍പറ്റാത്ത ഏതൊരുവനും യഥാര്‍ഥത്തില്‍ ചെയ്യുന്നത് അല്ലാഹുവിന്റെ യജമാനത്വത്തെയും ആധിപത്യത്തെയും സ്വന്തം അടിമത്തത്തെയും നിഷേധിക്കുകയാണ്. അനന്തരം, ദീനീസ്വഭാവത്തിലുള്ള ഈ നിയമം നൂഹ്, ഇബ്റാഹീം, മൂസാ(അ) എന്നിവര്‍ക്ക് മാര്‍ഗദര്‍ശനം ചെയ്തിരുന്നതുതന്നെയാണെന്നും അതേ മാര്‍ഗദര്‍ശനം തന്നെയാണ് ഇപ്പോള്‍ മുഹമ്മദ് നബി(സ)ക്കും നല്‍കിയിട്ടുള്ളതെന്നും പറഞ്ഞിരിക്കുന്നു. ഈ വാക്യത്തിലൂടെ പല കാര്യങ്ങളും വെളിവാകുന്നുണ്ട്. ഒന്ന്: അല്ലാഹു ഈ നിയമം ഓരോ മനുഷ്യനിലേക്കും നേരിട്ടയച്ചിട്ടില്ല. മറിച്ച്, അപ്പപ്പോഴായി, അവന് ഉചിതമെന്നു തോന്നിയ സന്ദര്‍ഭങ്ങളില്‍, തന്റെ ദൂതനായി ഒരു മനുഷ്യനെ നിശ്ചയിക്കുകയും ഈ നിയമസംഹിത അദ്ദേഹത്തെ ഏല്‍പിക്കുകയുമാണ് ചെയ്തിട്ടുള്ളത്. രണ്ട്: ഈ നിയമം ആദിമുതലേ ഒരുപോലെയാണ്. ഒരുകാലത്ത് ഒരു ജനതക്ക് ഒരു ദീന്‍ നിശ്ചയിക്കുക, മറ്റൊരു കാലത്ത് മറ്റൊരു ജനതക്ക് അതില്‍നിന്നു ഭിന്നവും വിരുദ്ധവുമായ മറ്റൊരു ദീന്‍ അയക്കുക എന്നതുണ്ടായിട്ടില്ല. ദൈവത്തിങ്കല്‍നിന്ന് നിരവധി ദീനുകള്‍ വന്നിട്ടില്ല. എന്നും വന്നിട്ടുള്ളത് ഈയൊരു ദീന്‍ തന്നെയാണ്. മൂന്ന്: അല്ലാഹുവിന്റെ യജമാനത്തവും ആധിപത്യവും അംഗീകരിക്കുന്നതോടൊപ്പം ഈ നിയമങ്ങളയക്കപ്പെടുന്നതിനുള്ള മാധ്യമങ്ങളായിരുന്ന ആളുകളുടെ ദൌത്യവും (രിസാലത്ത്) അത് വിശദീകരിക്കപ്പെട്ട ദിവ്യബോധനവും (വഹ് യ്) കൂടി അംഗീകരിക്കല്‍ ഈ ദീനിന്റെ അവിഭാജ്യഘടകമാകുന്നു. (cont.)

    ReplyDelete
  7. ബുദ്ധിയും ന്യായവും താല്‍പര്യപ്പെടുന്നതും അത് ദീനിന്റെ അവിഭാജ്യ ഘടകമായിരിക്കണമെന്നു തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്‍, ദൈവത്തിങ്കല്‍ നിന്നുള്ള ആധികാരിക നിയമമാണെന്നുറപ്പാകാത്തേടത്തോളം കാലം മനുഷ്യന് ഈ നിയമം അനുസരിക്കാന്‍ കഴിയില്ല. ഈ പ്രവാചകവര്യന്മാര്‍ക്കെല്ലാം ദീനീസ്വഭാവത്തിലുള്ള ഈ നിയമം നല്‍കിയത് أَنْ أَقِيمُوا الدِّينَ എന്ന് ഊന്നി കല്‍പിച്ചുകൊണ്ടാണെന്നാകുന്നു തുടര്‍ന്ന് പറയുന്നത്. ഈ വാക്യത്തെ ശാഹ് വലിയുല്ലാഹ് N1483 അവര്‍കള്‍ قائم كنيد دين را (ദീനിനെ സ്ഥാപിക്കുക) എന്നും ശാഹ് റഫീഉദ്ദീന്‍ N965 അവര്‍കളും ശാഹ് അബ്ദുല്‍ ഖാദിര്‍ N964 അവര്‍കളും قائم ركهو دين كو (ദീനിനെ നിലനിര്‍ത്തുക) എന്നും തര്‍ജമ ചെയ്തിരിക്കുന്നു. രണ്ട് തര്‍ജമകളും ശരിയാണ്. `ഇഖാമത്തി`ന് സ്ഥാപിക്കുക എന്നുമുണ്ട്, നിലനിര്‍ത്തുക എന്നുമുണ്ട് അര്‍ഥം. പ്രവാചകവര്യന്മാര്‍ ഈ രണ്ട് ദൌത്യങ്ങള്‍ക്കും നിയുക്തരായിരുന്നു. ഈ ദീന്‍ എവിടെ സ്ഥാപിതമായിട്ടില്ലയോ അവിടെ അത് സ്ഥാപിക്കുകയായിരുന്നു അവരുടെ പ്രഥമ ബാധ്യത. അത് സ്ഥാപിച്ചിടത്ത് അല്ലെങ്കില്‍ നേരത്തെ സ്ഥാപിതമായിട്ടുള്ളിടത്ത് അതിനെ നിലനിര്‍ത്തുക അവരുടെ ദ്വിതീയ ബാധ്യതയായിരുന്നു. ഒരു സംഗതി സ്ഥാപിതമായിക്കഴിഞ്ഞ ശേഷമാണല്ലോ അതിനെ നിലനിറുത്തല്‍ പ്രസക്തമാവുക; അല്ലെങ്കില്‍ സംസ്ഥാപനം നേരത്തെ നടന്നിരിക്കുകയും തുടര്‍ന്ന് നിലനില്‍ക്കാന്‍ നിരന്തര യത്നം ആവശ്യമാവുകയും ചെയ്ത സാഹചര്യത്തില്‍. ഇവിടെ നാം രണ്ട് ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നു. ഒന്ന്: ദീനിനെ സ്ഥാപിക്കുക എന്നാലെന്താണര്‍ഥം? രണ്ട്: സ്ഥാപിക്കാനും പിന്നെ നിലനിര്‍ത്താനും കല്‍പിക്കപ്പെട്ട `ദീന്‍` കൊണ്ടുദ്ദേശിച്ചിട്ടുള്ളതെന്താണ്? ഈ രണ്ട് സംഗതികള്‍കൂടി നന്നായി ഗ്രഹിച്ചിരിക്കേണ്ടതാവശ്യമാകുന്നു. നിലനിര്‍ത്തുക അല്ലെങ്കില്‍ സ്ഥാപിക്കുക എന്ന പദം ഒരു പദാര്‍ഥവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുമ്പോള്‍ അതിനര്‍ഥം ഇരിക്കുന്നതിനെ എഴുന്നേല്‍പിക്കുക എന്നാകുന്നു. മനുഷ്യരെയോ ജന്തുക്കളെയോ നില്‍ക്കുന്നവരാക്കുക, കിടക്കുന്ന വസ്തുവിനെ നിവര്‍ത്തിനിര്‍ത്തുക, തൂണോ മുളയോ നാട്ടിനിര്‍ത്തുക, അല്ലെങ്കില്‍, ഒരു വസ്തുവിന്റെ ചിതറിക്കിടക്കുന്ന ഘടകങ്ങള്‍ ഒരുമിച്ചുകൂട്ടി ഉയര്‍ത്തുക, ഒഴിഞ്ഞ സ്ഥലത്ത് കെട്ടിടമുണ്ടാക്കുക എന്നിവ ഉദാഹരണങ്ങള്‍. പക്ഷേ, പദാര്‍ഥപരമല്ലാത്ത, ആശയപരമായ ഒരു കാര്യത്തെ സംബന്ധിച്ച് നിലനിര്‍ത്തുക അല്ലെങ്കില്‍ സ്ഥാപിക്കുക എന്ന് പറയുമ്പോള്‍ അതിനര്‍ഥം ആ സംഗതിയെ പ്രബോധനം ചെയ്യുക എന്നു മാത്രമല്ല, പ്രത്യുത അര്‍ഹമായ രീതിയില്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരിക, പ്രചരിപ്പിക്കുക, നടപ്പിലാക്കുക എന്നൊക്കെയാണ്. ഉദാഹരണമായി ഒരാള്‍ തന്റെ ഭരണം സ്ഥാപിച്ചു അല്ലെങ്കില്‍ നിലനിര്‍ത്തി എന്നുപറഞ്ഞാല്‍ അയാള്‍ തന്റെ ഭരണത്തിലേക്ക് പ്രബോധനം ചെയ്തു എന്നല്ല അതിനര്‍ഥം. മറിച്ച് അയാള്‍ നാട്ടിലെ ജനങ്ങളെ, തന്നെ അനുസരിക്കുന്നവരാക്കുകയും നാട്ടിന്റെ എല്ലാ സംവിധാനങ്ങളും തന്റെ വിധികളനുസരിച്ച് നടക്കുമാറുള്ള ഏര്‍പ്പാടുകള്‍ ഭരണത്തിന്റെ എല്ലാ വകുപ്പുകളിലും ഉണ്ടാക്കിവെക്കുകയും ചെയ്തു എന്നാണ്. അതുപോലെ നീതിന്യായം സ്ഥാപിച്ചു എന്നുപറയുമ്പോള്‍ അതിനര്‍ഥം, നീതി നടത്താന്‍ മുന്‍സിഫുമാരെ നിശ്ചയിച്ചിട്ടുണ്ടെന്നും അവര്‍ കേസുകള്‍ കേട്ടുകൊണ്ടിരിക്കുന്നുണ്ടെന്നുമാകുന്നു. അല്ലാതെ നീതിയുടെയും ന്യായത്തിന്റെയും നന്മകള്‍ ഉദ്ഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും ജനങ്ങള്‍ക്ക് അത് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നുമല്ല. (cont.)

    ReplyDelete
  8. ഇതേപ്രകാരംതന്നെ വിശുദ്ധ ഖുര്‍ആന്‍ നമസ്കാരം സ്ഥാപിക്കുക, നിലനിര്‍ത്തുക എന്നുപറഞ്ഞാല്‍ നമസ്കാരം പ്രബോധനം ചെയ്യുക എന്നല്ല അതിനര്‍ഥം. പിന്നെയോ നമസ്കാരം അതിന്റെ എല്ലാ ഉപാധികളോടുംകൂടി സ്വയം നിര്‍വഹിക്കുകയും വിശ്വാസികളില്‍ അത് ചിട്ടപ്രകാരം പ്രചാരത്തില്‍ വരുത്തുന്നതിനുവേണ്ട സംവിധാനമുണ്ടാക്കുകയും ചെയ്യുക എന്നാകുന്നു. അതിന്റെ ഭാഗമായി പള്ളികളുണ്ടാവണം. ജുമുഅ-ജമാഅത്തുകളില്‍ കണിശതയുണ്ടാവണം. സമയനിഷ്ഠയോടെ ബാങ്കുവിളി നടക്കണം. ഇമാമും ഖത്തീബും നിശ്ചയിക്കപ്പെടണം. ജനങ്ങള്‍ സമയത്തിന് പള്ളിയില്‍ പോയി നമസ്കാരം നിര്‍വഹിക്കുന്ന സമ്പ്രദായമുണ്ടാവണം. ഈ വിശദീകരണത്തിനുശേഷം ഒരു കാര്യം എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്. അതായത്, പ്രവാചകവര്യന്മാര്‍ ഈ ദീന്‍ സ്ഥാപിക്കുക, നിലനിര്‍ത്തുക എന്നു കല്‍പിക്കപ്പെട്ടപ്പോള്‍ അതിന്റെ ഉദ്ദേശ്യം അവര്‍ സ്വയം ഈ ദീനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നു മാത്രമായിരുന്നില്ല. ജനങ്ങള്‍ ഇത് സത്യമാണെന്നു സമ്മതിക്കുന്നതിനുവേണ്ടി മറ്റുള്ളവരില്‍ പ്രബോധനം ചെയ്യുകയും വേണമെന്നുകൂടി മാത്രവുമായിരുന്നില്ല. മറിച്ച്, ജനങ്ങള്‍ ഇത് സമ്മതിച്ചാല്‍, അവിടെനിന്ന് മുന്നോട്ടുപോയി മുഴുവന്‍ ദീനിനെയും അവരില്‍ കര്‍മപരമായി നടപ്പിലാക്കുകയും അവരെ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാക്കുകയും വേണമെന്നുകൂടിയായിരുന്നു. പ്രബോധനവും സന്ദേശമെത്തിക്കലും ഈ ദൌത്യത്തിന്റെ അനിവാര്യമായ പ്രാഥമിക ഘട്ടമാണെന്നതില്‍ സംശയമില്ല. ആ ഘട്ടത്തിലൂടെയല്ലാതെ രണ്ടാമത്തെ ഘട്ടത്തിലേക്ക് കടക്കുക അസാധ്യമാകുന്നു. പക്ഷേ, ഈ വിധി നല്‍കിയിട്ടുള്ളത് സന്ദേശമെത്തിക്കലും പ്രബോധനം ചെയ്യലും ലക്ഷ്യമാക്കിക്കൊണ്ടല്ലെന്നും മറിച്ച്, ദീനിനെ സ്ഥാപിക്കലും നിലനിറുത്തലും ലക്ഷ്യമാക്കിക്കൊണ്ടാണെന്നും സാമാന്യബുദ്ധിയുള്ള ആര്‍ക്കും കാണാവുന്നതേയുള്ളൂ. സന്ദേശമെത്തിക്കലും പ്രബോധനവും ഈ ലക്ഷ്യം നേടുന്നതിനുള്ള മാര്‍ഗമാണെന്നത് ശരിതന്നെ. പക്ഷേ, സാക്ഷാല്‍ ലക്ഷ്യം അതല്ലതന്നെ. പിന്നെയല്ലേ ഒരാള്‍ അതിനെ പ്രവാചകദൌത്യത്തിന്റെ ഏകലക്ഷ്യമായി നിര്‍ദേശിക്കുന്നത്! ഇനി രണ്ടാമത്തെ ചോദ്യമെടുക്കുക. എല്ലാ പ്രവാചകന്മാര്‍ക്കും പൊതുവായിട്ടുള്ളതെന്താണോ, അതാണ് നിലനിര്‍ത്താന്‍ ആജ്ഞാപിക്കപ്പെട്ട ദീനായി ചിലര്‍ കാണുന്നത്. അവരുടെയെല്ലാം ശരീഅത്തുകള്‍ വ്യത്യസ്തങ്ങളായിരുന്നു. അല്ലാഹുതന്നെ അതിപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്: لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا (നാം നിങ്ങളില്‍ ഓരോ സമുദായത്തിനും ഒരു നിയമവ്യവസ്ഥയും സരണിയും നിശ്ചയിച്ചു തന്നിരിക്കുന്നു). ഇതനുസരിച്ച് അവര്‍ രൂപീകരിച്ചിട്ടുള്ള അഭിപ്രായം ഇതാണ്: അനിവാര്യമായും ഈ ദീന്‍ കൊണ്ടുദ്ദേശിച്ചിട്ടുള്ളത് ശറഈ വിധികളും നിയമങ്ങളുമല്ല; തൌഹീദ്, ആഖിറത്ത്, വേദം, പ്രവാചകത്വം എന്നിവയില്‍ വിശ്വസിക്കലും അല്ലാഹുവിനെ ആരാധിക്കലും മാത്രമാണ്. അല്ലെങ്കില്‍ അങ്ങേയറ്റം വരെ പോയാല്‍ അത് എല്ലാ ശരീഅത്തുകളിലും പൊതുവായിട്ടുള്ള മഹത്തായ ധാര്‍മിക മൂല്യങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ട്. പക്ഷേ, ദീനിന്റെ ഏകാത്മകതയും ശരീഅത്തുകളുടെ വൈവിധ്യവും ഒറ്റനോട്ടത്തില്‍ മാത്രം കണ്ട് രൂപീകരിക്കപ്പെട്ട വളരെ ഉപരിപ്ളവമായ ഒരഭിപ്രായമാണിത്. തിരുത്തപ്പെടാതെ പോയാല്‍ ഏറെ വളര്‍ന്ന്, ദീനിനെയും ശരീഅത്തിനെയും തമ്മില്‍ വേര്‍പെടുത്തുന്നേടത്തോളം എത്താവുന്നവിധം അപകടകരവുമാണ് ഈ വീക്ഷണം. ഈ അപകടത്തില്‍ പെട്ടതുകൊണ്ടാണ് സെന്റ്പോള്‍ ശരീഅത്ത് രഹിത ദീന്‍ എന്ന സിദ്ധാന്തമാവിഷ്കരിക്കാനും ഹ. ഈസാ(അ)യുടെ ഉമ്മത്തിനെ നശിപ്പിക്കാനും ഇടയായത്. അതിനാല്‍, ശരീഅത്തും ദീനും വേറെ വേറെയാക്കുകയും സ്ഥാപിക്കാന്‍ കല്‍പിച്ചത് ദീനിനെ മാത്രമാണെന്നും ശരീഅത്തിനെയല്ലെന്നും തീരുമാനിക്കുകയും ചെയ്യുന്നതോടെ മുസ്ലിംകളും ക്രിസ്ത്യാനികളെപ്പോലെ ശരീഅത്തിനെ അപ്രധാനവും അതിന്റെ സംസ്ഥാപനം സ്വയം ലക്ഷ്യമല്ലാത്തതുമായി കരുതി അവഗണിച്ചുതള്ളുകയും വിശ്വാസകാര്യങ്ങളും വലിയ വലിയ ധാര്‍മിക മൂല്യങ്ങളും മാത്രം അംഗീകരിച്ചു മതിയാക്കുകയും ചെയ്യും. (cont.)

    ReplyDelete
  9. ഇത്തരം ന്യായാധികരണങ്ങളിലൂടെ ദീനിന്റെ അര്‍ഥം നിര്‍ണയിക്കാന്‍ തുനിയുന്നതിനു പകരം, സ്ഥാപിക്കാനനുശാസിക്കപ്പെട്ട ദീന്‍ ഏതാണെന്ന് നാമെന്തുകൊണ്ട് അല്ലാഹുവിന്റെ ഗ്രന്ഥത്തോടുതന്നെ ചോദിക്കുന്നില്ല? ദീന്‍ കൊണ്ടുദ്ദേശ്യം ചില വിശ്വാസപ്രമാണങ്ങളും മഹത്തായ ധാര്‍മിക മൂല്യങ്ങളും മാത്രമാണോ, അതല്ല ശരീഅത്തു വിധികളും കൂടിയാണോ? വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ദീനായി എണ്ണപ്പെട്ട കാര്യങ്ങളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ക്കൂടി ഉള്‍പ്പെട്ടതായി കാണാം: وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ ﴿٥﴾ ( البينة:) (ദീന്‍ അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് ഏകാഗ്രചിത്തരായി അവന് ഇബാദത്ത് ചെയ്യാനും നമസ്കാരം നിലനിര്‍ത്താനും സകാത്ത് നല്‍കാനുമല്ലാതെ അവര്‍ കല്‍പിക്കപ്പെട്ടിരുന്നില്ല. അതാകുന്നു ഏറ്റവും ശരിയും സാധുവുമായ ദീന്‍.) നമസ്കാരവും സകാത്തും ഈ ദീനിലുള്‍പ്പെട്ടതാണെന്ന് ഇതില്‍നിന്ന് മനസ്സിലാകുന്നു. എന്നാലോ, ഈ രണ്ടു വിധികളും വ്യത്യസ്ത ശരീഅത്തുകളില്‍ വ്യത്യസ്ത രൂപത്തിലാണുള്ളത്. നമസ്കാരത്തിന്റെ ഇതേ രൂപവും രീതിയും ഇതേ ഘടകങ്ങളും ഇതേ റക്അത്തുകളും ഇതേ ഖിബ്ലയും ഇതേ സമയങ്ങളും മറ്റ് നിയമങ്ങളും തന്നെയാണ് മുന്‍ ശരീഅത്തുകളിലെല്ലാമുള്ളത് എന്നുപറയാന്‍ യാതൊരാള്‍ക്കും സാധിക്കുകയില്ല. ഇതേപോലെ സകാത്തിനെ സംബന്ധിച്ചും എല്ലാ ശരീഅത്തുകളിലും ഇതുതന്നെയാണ് അതിന്റെ പരിധിയെന്നും ഇതുതന്നെയാണ് അതിന്റെ സംഭരണ-വിതരണ നിയമങ്ങളെന്നും ആര്‍ക്കും വാദിക്കാനാവില്ല. പക്ഷേ, ശരീഅത്തുകളില്‍ വ്യത്യാസമുണ്ടായിട്ടും അല്ലാഹു ഈ രണ്ട് കാര്യങ്ങളെയും ദീനിന്റെ കൂട്ടത്തില്‍ എണ്ണിയിരിക്കുന്നു. حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى النُّصُبِ وَأَن تَسْتَقْسِمُوا بِالْأَزْلَامِ ۚ ذَٰلِكُمْ فِسْقٌ ۗ الْيَوْمَ يَئِسَ الَّذِينَ كَفَرُوا مِن دِينِكُمْ فَلَا تَخْشَوْهُمْ وَاخْشَوْنِ ۚ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ ( المائدة: 3) (ശവവും രക്തവും പന്നിമാംസവും ദൈവമല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടതും... നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു... ഇന്ന് ഞാന്‍ നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്ക് സമ്പൂര്‍ണമാക്കിത്തന്നിരിക്കുന്നു...) ഈ സൂക്തത്തില്‍ പരാമര്‍ശിച്ച എല്ലാ ശരീഅത്ത് വിധികളും ദീന്‍ തന്നെയാണെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآخِرِ وَلَا يُحَرِّمُونَ مَا حَرَّمَ اللَّهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ ( التوبة: 29) (ധവേദക്കാരില്‍പ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്തവരും അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയതിനെ നിഷിദ്ധമായി ഗണിക്കാത്തവരും സത്യദീനിനെ സ്വന്തം ദീനായി ഗണിക്കാത്തവരുമായ ആളുകളോട് സമരം ചെയ്യുവിന്‍.) അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നതോടൊപ്പം അവന്റെ വിധിവിലക്കുകളംഗീകരിക്കലും അനുസരിക്കലും കൂടി അല്ലാഹുവും അവന്റെ ദൂതനും നല്‍കിയ ദീനില്‍പെട്ടതാണെന്ന് ഈ സൂക്തം തെളിയിക്കുന്നു. الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ( النور: 2) (വ്യഭിചാരിണിയും വ്യഭിചാരിയും, അവരില്‍ ഓരോരുത്തരെയും നൂറുവീതം പ്രഹരിക്കുക. അവരോടുള്ള ദാക്ഷിണ്യം അല്ലാഹുവിന്റെ ദീനിന്റെ കാര്യത്തില്‍ നിങ്ങളെ ബാധിക്കാതിരിക്കട്ടെ- നിങ്ങള്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍) مَا كَانَ لِيَأْخُذَ أَخَاهُ فِي دِينِ الْمَلِكِ ( يوسف : 76) (രാജാവിന്റെ ദീനനുസരിച്ച് സഹോദരനെ പിടിച്ചുവെക്കുക അദ്ദേഹത്തിന് ഹിതകരമായിരുന്നില്ല.) ക്രിമിനല്‍ നിയമങ്ങള്‍ പോലും ദീനില്‍ പെട്ടതാണെന്നത്രേ ഇത് മനസ്സിലാക്കിത്തരുന്നത്. ഒരാള്‍ അല്ലാഹുവിന്റെ ക്രിമിനല്‍ നിയമങ്ങളനുസരിച്ച് നടക്കുമ്പോള്‍ അയാള്‍ അല്ലാഹുവിന്റെ ദീനിന്റെ അനുയായിയാണ്. രാജാവിന്റെ നിയമങ്ങളനുസരിച്ച് നടക്കുമ്പോഴോ, രാജദീനിന്റെ അനുയായിയും. ശരീഅത്ത് നിയമങ്ങളെ കുറിക്കാന്‍ ഖണ്ഡിതമായും ദീന്‍ എന്ന പദം തന്നെ ഉപയോഗിച്ചിട്ടുള്ളതിന്റെ ഉദാഹരണങ്ങളാണ് ഇവ. (cont.)

    ReplyDelete
  10. എന്നാല്‍, ഏതെല്ലാം കുറ്റങ്ങള്‍ക്ക് അല്ലാഹു നരകഭീഷണി നല്‍കിയിട്ടുണ്ടോ (ഉദാ: വ്യഭിചാരം, പലിശഭോജനം, കൊലപാതകം, അനാഥകളുടെ മുതല്‍ തിന്നുക, നിഷിദ്ധ മാര്‍ഗങ്ങളിലൂടെ ആളുകളുടെ മുതല്‍ കൈവശപ്പെടുത്തുക തുടങ്ങിയവ), ഏതെല്ലാം പാപങ്ങള്‍ ദൈവിക ശിക്ഷ അനിവാര്യമാകുമെന്ന് നിശ്ചയിച്ചിട്ടുണ്ടോ (ഉദാ: സ്വവര്‍ഗഭോഗം, കൊള്ളക്കൊടുക്കകളില്‍ തട്ടിപ്പും വെട്ടിപ്പും നടത്തുക) അവയെല്ലാം സംഭവിക്കാനിടയാകുന്ന സാഹചര്യം ഇല്ലാതാക്കുക എന്നത് അനിവാര്യമായും ദീനില്‍തന്നെ എണ്ണപ്പെടേണ്ടതുണ്ട്. കാരണം, ദീന്‍ എന്നത് നരകത്തില്‍നിന്നും ദൈവികശിക്ഷയില്‍നിന്നും രക്ഷിക്കാനായി വന്നതല്ലെങ്കില്‍ പിന്നെ എന്തിന് വന്നതാണ്? അതേപോലെ, ഏതെല്ലാം ശരീഅത്ത് നിയമങ്ങളുടെ ലംഘനം ശാശ്വത നരകവാസത്തിന് നിമിത്തമാകുമോ, അത്തരം നിയമങ്ങളും ദീനിന്റെ ഭാഗം തന്നെയായിരിക്കണം. ഉദാ: പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍. ഖുര്‍ആന്‍ അവ വിശദീകരിച്ച ശേഷം പ്രസ്താവിക്കുന്നു: وَمَن يَعْصِ اللَّهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارًا خَالِدًا فِيهَا وَلَهُ عَذَابٌ مُّهِينٌ ﴿١٤﴾ ( النساء: 14) (അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും അവന്റെ പരിധികളെ മറികടക്കുകയും ചെയ്തവനെ നരകത്തില്‍ നിത്യവാസിയായി തള്ളുന്നു. അവന് നിന്ദ്യമായ ശിക്ഷയുണ്ട്.) ഇതേപ്രകാരം അല്ലാഹു സുദൃഢമായും ഖണ്ഡിതമായും നിഷിദ്ധമെന്ന് പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങള്‍ - ഉദാ: സഹോദരീ സഹോദരന്മാര്‍ തമ്മിലുള്ള വിവാഹം, മദ്യപാനം, മോഷണം, കള്ളസാക്ഷ്യം തുടങ്ങിയ കാര്യങ്ങള്‍-നിഷിദ്ധമാക്കുക ദീനിന്റെ ഇഖാമത്തില്‍ (സംസ്ഥാപനത്തില്‍) പെടുന്നതല്ലെങ്കില്‍ അതിനര്‍ഥം നടപ്പാക്കാനുദ്ദേശ്യമില്ലാത്ത കുറേ അനാവശ്യ നിയമങ്ങള്‍ കൂടി അല്ലാഹു നമുക്ക് നല്‍കിയിട്ടുണ്ടെന്നാണല്ലോ. ഈ ന്യായാധികരണപ്രകാരം, അല്ലാഹു നിര്‍ബന്ധമാക്കി നിശ്ചയിച്ചിട്ടുള്ള നോമ്പ്, ഹജ്ജ് തുടങ്ങിയ കര്‍മങ്ങളുടെ സംസ്ഥാപനം പോലും ഈ കപടമായ ഇഖാമതുദ്ദീനില്‍നിന്ന് ഒഴിവാക്കാന്‍ സാധ്യമല്ലാതാകുന്നു. റമദാനിലെ 30 ദിവസത്തെ നോമ്പ് മുന്‍ ശരീഅത്തുകളിലുണ്ടായിരുന്നില്ലല്ലോ. കഅ്ബാ തീര്‍ഥാടനമാവട്ടെ, ഇബ്റാഹീം വംശത്തിലെ ഇസ്മാഈല്‍ സന്തതികള്‍ക്കു ലഭിച്ച ശരീഅത്തില്‍ മാത്രമുള്ളതായിരുന്നു. വാസ്തവത്തില്‍ ഈ അബദ്ധ ധാരണകള്‍ക്കെല്ലാം കാരണം لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا (ഞാന്‍ നിങ്ങളില്‍ എല്ലാവര്‍ക്കും ഒരു ശരീഅത്തും കര്‍മസരണിയും നിശ്ചയിച്ചിട്ടുണ്ട്) എന്ന സൂക്തത്തെ വിപരീത വിവക്ഷയിലെടുത്ത് ഇങ്ങനെ അര്‍ഥം കൊടുത്തതത്രേ: ശരീഅത്ത് ഓരോ സമുദായത്തിനും വെവ്വേറെയായിരുന്നതിനാല്‍ എല്ലാ പ്രവാചകന്മാര്‍ക്കും പൊതുവായിട്ടുള്ള ദീന്‍ മാത്രം സ്ഥാപിക്കുവാനായിരുന്നു വിധി. അതുകൊണ്ട് ഇഖാമതുദ്ദീനിനുള്ള കല്‍പനയില്‍ ഇഖാമതുശ്ശരീഅഃ ഉള്‍പ്പെടുന്നില്ല. എന്നാല്‍, യഥാര്‍ഥത്തില്‍ ഈ സൂക്തത്തിന്റെ താല്‍പര്യം അതിന് നേരെ വിപരീതമാണ്. (cont.)

    ReplyDelete
  11. സൂറ മാഇദയില്‍ ഈ സൂക്തം വന്നിടത്ത് അതിന്റെ പശ്ചാത്തലത്തിലുള്ള 41 മുതല്‍ 50 വരെ സൂക്തങ്ങള്‍ ശ്രദ്ധിച്ച് വായിക്കുന്ന ആര്‍ക്കും ഈ സൂക്തത്തിന്റെ ശരിയായ ആശയം ഇപ്രകാരമാണെന്ന് മനസ്സിലാവുന്നതാണ്. ഒരു പ്രവാചകന് അല്ലാഹു നല്‍കിയ ശരീഅത്ത് ഏതായാലും ആ സമുദായത്തെ സംബന്ധിച്ചിടത്തോളം അത് ദീനായിരുന്നു. അദ്ദേഹത്തിന്റെ പ്രവാചകത്വഘട്ടത്തില്‍ അതിന്റെ സംസ്ഥാപനം ആജ്ഞാപിക്കപ്പെട്ടതായിരുന്നു. ഇപ്പോള്‍ ഹ. മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വ ഘട്ടമാണല്ലോ. അതിനാല്‍, മുഹമ്മദീയ സമുദായത്തിന് നല്‍കപ്പെട്ട ശരീഅത്ത് ഈ ഘട്ടത്തിലെ ദീനാകുന്നു. അതിന്റെ സംസ്ഥാപനം തന്നെയാണ് ദീനിന്റെ സംസ്ഥാപനം. എന്നാല്‍, ശരീഅത്തുകള്‍ തമ്മിലുള്ള വ്യത്യാസമുണ്ടല്ലോ; അതിന്റെഅര്‍ഥം ദൈവം അയച്ച ശരീഅത്തുകള്‍ പരസ്പരവിരുദ്ധങ്ങളാണ് എന്നല്ല. മറിച്ച് അതിന്റെ ശരിയായ അര്‍ഥം അവയുടെ വിശദാംശങ്ങളില്‍ പരിതഃസ്ഥിതികളനുസരിച്ച് ചില വ്യത്യാസങ്ങളുണ്ടായിരുന്നു എന്നാണ്. ഉദാഹരണമായി നമസ്കാരവും നോമ്പും പരിശോധിച്ചു നോക്കുക. നമസ്കാരം എല്ലാ ശരീഅത്തുകളിലും നിര്‍ബന്ധ ബാധ്യതയായിരുന്നു. എങ്കിലും ഖിബ്ല എല്ലാ ശരീഅത്തുകളിലും ഒന്നായിരുന്നില്ല. നമസ്കാര സമയങ്ങളിലും റക്അത്തുകളിലും അതിന്റെ ഘടകങ്ങളിലുമെല്ലാം വ്യത്യാസങ്ങളുണ്ടായിരുന്നു. അതുപോലെ ഉപവാസവും എല്ലാ ശരീഅത്തുകളിലും ഫര്‍ദ് ആക്കിയിരുന്നു. പക്ഷേ, റമദാനിലെ 30 ദിവസത്തെ വ്രതാനുഷ്ഠാനം മറ്റ് ശരീഅത്തുകളിലുണ്ടായിരുന്നില്ല. ഇതില്‍നിന്ന് ഇപ്രകാരമൊരു ന്യായം ആവിഷ്കരിക്കുന്നത് ശരിയല്ലല്ലോ. കേവല നമസ്കാരവും നോമ്പും ഇഖാമതുദ്ദീനില്‍ ഉള്‍പ്പെട്ടതാണ്. പക്ഷേ, ഒരു പ്രത്യേക രീതിയിലുള്ള നമസ്കാര നിര്‍വഹണവും പ്രത്യേക നാളുകളിലുള്ള വ്രതാനുഷ്ഠാനവും ഇഖാമതുദ്ദീനിനു പുറത്താകുന്നു. അതില്‍നിന്നുരുത്തിരിയുന്ന ശരിയായ വസ്തുത ഇതാണ്: ഓരോ പ്രവാചകന്റെ സമുദായത്തിനും അക്കാലത്തെ ശരീഅത്തില്‍ നമസ്കാരത്തിനും നോമ്പിനും നിശ്ചയിക്കപ്പെട്ടിരുന്ന ചിട്ടകളെന്തൊക്കെയാണോ അക്കാലത്ത് ആ ചിട്ടകള്‍ പ്രകാരംതന്നെ നമസ്കരിക്കലും നോമ്പനുഷ്ഠിക്കലും ഇഖാമത്തുദ്ദീനായിരുന്നു. ആ ഇബാദതുകള്‍ക്ക് മുഹമ്മദീയ ശരീഅത്തില്‍ നിശ്ചയിക്കപ്പെട്ട രീതിയേതാണോ അതനുസരിച്ചുതന്നെ അവ നിര്‍വഹിക്കലാകുന്നു ഇന്നത്തെ ഇഖാമതുദ്ദീന്‍. എല്ലാ ശരീഅത്ത് നിയമങ്ങളെയും ഈ രണ്ട് ഉദാഹരണങ്ങളോട് തുലനം ചെയ്യാവുന്നതാണ്. (cont.)

    ReplyDelete
  12. വിശുദ്ധ ഖുര്‍ആന്‍ കണ്ണുതുറന്ന് വായിക്കുന്ന ആര്‍ക്കും ഈ ഗ്രന്ഥം അതിന്റെ വാഹകരെ കുഫ്റിന്റെയും കാഫിറുകളുടെയും പ്രജകളായി സങ്കല്‍പിച്ച്, അതിജയിക്കപ്പെട്ടവരെന്ന നിലയില്‍ മതജീവിതം നയിക്കുന്നതിനുള്ള പരിപാടി നല്‍കുകയല്ല. മറിച്ച്, പരസ്യമായി അതിന്റെ ആധിപത്യം സ്ഥാപിക്കാനാവശ്യപ്പെടുകയാണ് എന്ന് വ്യക്തമായി മനസ്സിലാകുന്നതാണ്. ചിന്താപരവും ധാര്‍മികവും സാംസ്കാരികവും രാഷ്ട്രീയവുമായ തലങ്ങളില്‍ സത്യദീന്‍ ജേതാവാകുന്നതിനുവേണ്ടി പോരാടാന്‍ അത് അതിന്റെ അനുയായികളോടാവശ്യപ്പെടുകയും മാനവജീവിതം സംസ്കരിക്കുവാനുള്ള പദ്ധതി നല്‍കുകയും ചെയ്യുന്നു. ഭരണാധികാരം വിശ്വാസികളുടെ കരങ്ങളിലാകുമ്പോള്‍ മാത്രമേ ഈ പദ്ധതി ഏറിയ ഭാഗവും പ്രാവര്‍ത്തികമാക്കാനാവൂ. ഈ ഗ്രന്ഥം അതിന്റെ അവതരണലക്ഷ്യം പ്രഖ്യാപിച്ചിട്ടുള്ളതിങ്ങനെയാണ്: إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ (നാമിതാ ഈ വേദം സത്യസമേതം താങ്കള്‍ക്ക് അവതരിപ്പിച്ചുതന്നിരിക്കുന്നു. അത്, അല്ലാഹു കാണിച്ചുതന്നതുപ്രകാരം താങ്കള്‍ ജനത്തിനിടയില്‍ വിധി കല്‍പിക്കേണ്ടതിനാകുന്നു.) (അന്നിസാഅ്: 105) ഈ ഗ്രന്ഥം അവതരിപ്പിക്കുന്ന സകാത്തുസംഭരണ-വിതരണ നിയമങ്ങള്‍ക്ക് പിന്നില്‍ നിശ്ചിത വ്യവസ്ഥയനുസരിച്ച് സകാത്ത് ശേഖരിക്കുകയും അര്‍ഹര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യാന്‍ ഉത്തരവാദപ്പെട്ട ഒരു ഭരണകൂടത്തിന്റെ സങ്കല്‍പമുള്ളതായി കാണാം (അത്തൌബ: 103) 9:103. ഈ ഗ്രന്ഥം പലിശ സമ്പ്രദായം അവസാനിപ്പിക്കുന്നതിനു നല്‍കിയ വിധിയും പലിശഭോജനം തുടരുന്നവര്‍ക്കെതിരില്‍ പ്രഖ്യാപിച്ച യുദ്ധവും (അല്‍ബഖറ: 275-279) 2:275 രാജ്യത്തിന്റെ രാഷ്ട്രീയ- സാമൂഹിക മണ്ഡലങ്ങളുടെ നിയന്ത്രണം പൂര്‍ണമായും വിശ്വാസികളുടെ കരങ്ങളിലാകുന്ന സാഹചര്യത്തില്‍ മാത്രമേ പ്രായോഗികമാകൂ. കൊലയാളിയെ പ്രതിക്രിയക്ക് വിധേയനാക്കാനും (അല്‍ബഖറ: 178) 2:178 മോഷ്ടാവിനെ കരച്ഛേദം ചെയ്യാനും (അല്‍മാഇദ: 38) 5:38 വ്യഭിചാരിയെയും വ്യഭിചാരാരോപകനെയും ശിക്ഷിക്കാനും (അന്നൂര്‍: 2-4) 24:2 ഈ ഗ്രന്ഥം വിധിച്ചിട്ടുള്ളത്, ആ വിധികള്‍ അംഗീകരിക്കുന്ന ആളുകള്‍ സത്യനിഷേധികളുടെ പോലീസിനും കോടതിക്കും കീഴില്‍ വാഴുന്നവരായിരിക്കും എന്ന സങ്കല്‍പത്തോടെയല്ല. ഈ ഗ്രന്ഥം സത്യനിഷേധികളോട് സമരം ചെയ്യാന്‍ കല്‍പിച്ചിട്ടുള്ളത് (അല്‍ബഖറ: 190-216) 2:190 ഈ ദീനിന്റെ അനുയായികള്‍ കുഫ്റിന്റെ ഭരണത്തിലുള്ള സൈന്യത്തെ പോഷിപ്പിച്ചുകൊണ്ട് ആ വിധി നടപ്പിലാക്കുമെന്ന് കരുതിയിട്ടല്ല. മുസ്ലിംകള്‍ അവിശ്വാസികളുടെ പ്രജകളായിക്കൊണ്ട് വേദക്കാരില്‍നിന്ന് സംരക്ഷണമൂല്യം സ്വീകരിക്കുകയും അവരുടെ സംരക്ഷണോത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുമെന്ന് സങ്കല്‍പിച്ചുകൊണ്ടല്ല ഈ ഗ്രന്ഥം വേദക്കാരില്‍നിന്ന് സംരക്ഷണ മൂല്യം സ്വീകരിക്കാന്‍ (അത്തൌബ: 29) 9:29 വിധിച്ചിട്ടുള്ളത്. ഈ സംഗതികള്‍ മദീനയില്‍ അവതരിച്ച സൂറകളില്‍ മാത്രം പരിമിതവുമല്ല. (cont..)

    ReplyDelete
  13. ആരംഭംതൊട്ടേ ഈ ഗ്രന്ഥം വരച്ചുകാണിക്കുന്നത് ദീനിന്റെ അധീശത്വവും അധികാരവുമാണെന്നും കുഫ്റിന്റെ ഭരണത്തിനു കീഴില്‍ ദീനും ദീന്‍വാഹകരും ദിമ്മികളായിക്കഴിയുന്ന ചിത്രമല്ലെന്നും കാഴ്ചയുള്ള കണ്ണുകള്‍ക്ക് മക്കീ സൂറകളിലും തെളിഞ്ഞുകാണാവുന്നതാണ്. (ഉദാഹരണത്തിന് തഫ്ഹീമുല്‍ ഖുര്‍ആന്‍ രണ്ടാം വാള്യം സൂറതു ബനീഇസ്റാഈല്‍: 80 17:80; മൂന്നാം വാള്യം അല്‍ഖസ്വസ്വ്: 85 28:85; അര്‍റൂം: 1-6 30:1 ; നാലാം വാള്യം അസ്സ്വാഫ്ഫാത്ത്: 173-176 37:173 എന്നീ സൂക്തങ്ങള്‍ വ്യാഖ്യാനസഹിതവും സൂറ സ്വാദ് ആമുഖവും PRE38 11-ാം 38:11 സൂക്തം വ്യാഖ്യാനത്തോടെയും കാണുക). സാക്ഷാല്‍ മുഹമ്മദ് നബി(സ) തന്റെ 23 വര്‍ഷം നീണ്ടുനിന്ന ദൌത്യകാലത്ത് നിര്‍വഹിച്ച മഹത്തായ പ്രവര്‍ത്തനത്തോടുതന്നെയാണ് ഈ അബദ്ധ വ്യാഖ്യാനം ഒന്നാമതായി ഏറ്റുമുട്ടുന്നത്. കൂടാതെ നബി(സ) പ്രബോധനവും ആയുധവും രണ്ടും ഉപയോഗിച്ച് അറബികളെയെല്ലാം അതിജയിച്ച് സ്ഥാപിച്ചത് വിശ്വാസകാര്യങ്ങളും ആരാധനകളും തൊട്ട് സ്വകാര്യ ഇടപാടുകളെയും സാമൂഹികം, ധാര്‍മികം, സാംസ്കാരികം, രാഷ്ട്രീയം, നീതി, യുദ്ധം, സന്ധി എന്നുവേണ്ട ജീവിതത്തിന്റെ എല്ലാ കോണുകളെയും ചൂഴ്ന്നുനില്‍ക്കുന്ന സമഗ്ര നിയമ സംഹിതയോടുകൂടിയ സമ്പൂര്‍ണ ഭരണവ്യവസ്ഥയായിരുന്നുവെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. (cont.)

    ReplyDelete
  14. ഈ പ്രവര്‍ത്തനങ്ങളെല്ലാം, മറ്റെല്ലാ പ്രവാചകന്മാരോടൊപ്പം തിരുമേനിക്ക് നല്‍കപ്പെട്ട `ദീന്‍ സ്ഥാപിക്കുക` എന്ന വിധിയുടെ വ്യാഖ്യാനമായി അംഗീകരിക്കപ്പെടുന്നില്ലെങ്കില്‍, പിന്നെ അതിന് രണ്ടാലൊരര്‍ഥമേയുള്ളൂ. ഒന്നുകില്‍ -മആദല്ലാഹ്- തിരുമേനി(സ)യുടെ പേരില്‍ ഇങ്ങനെ കുറ്റാരോപണം നടത്തുക: വിശ്വാസകാര്യങ്ങളും മഹത്തായ ധാര്‍മികമൂല്യങ്ങളും പ്രബോധനം ചെയ്യാന്‍ മാത്രമായിരുന്നു അദ്ദേഹം കല്‍പിക്കപ്പെട്ടിരുന്നത്. പക്ഷേ, അദ്ദേഹം അതിനപ്പുറം കടന്ന് സ്വന്തമായി ഒരു ഭരണകൂടം സ്ഥാപിക്കുകയും വിശദമായ ഒരു നിയമസംഹിതയുണ്ടാക്കുകയും ചെയ്തുകളഞ്ഞു. പ്രവാചകന്മാരുടെ ശരീഅത്തുകളില്‍ പൊതുവായിട്ടുള്ളതില്‍നിന്ന് വ്യത്യസ്തമായതും അധികമായതുമാണത്. അതല്ലെങ്കില്‍ അല്ലാഹുവിന്റെ പേരില്‍ ഇങ്ങനെ കുറ്റമാരോപിക്കുക: സൂറ അശ്ശൂറായില്‍ ഉപര്യുക്ത വിളംബരം ചെയ്തുകഴിഞ്ഞശേഷം അല്ലാഹുതന്നെ തന്റെ വിളംബരത്തില്‍നിന്ന് വ്യതിചലിച്ചുപോയി. അവന്‍ തന്റെ പ്രവാചകനെക്കൊണ്ട് ഈ സൂറയില്‍ പ്രഖ്യാപിച്ച `ഇഖാമതുദ്ദീനി`നേക്കാള്‍ വളരെ ഏറിയതും വ്യത്യസ്തമായതുമായ കാര്യങ്ങള്‍ ചെയ്യിക്കുക മാത്രമല്ല, അത് പൂര്‍ത്തീകരിച്ചുകൊണ്ട് തന്റെ മുന്‍ പ്രഖ്യാപനത്തിനു വിരുദ്ധമായി ഇങ്ങനെ മറ്റൊരു പ്രഖ്യാപനം നടത്തുകകൂടി ചെയ്തുകളഞ്ഞു: الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ (ഇന്ന് ഞാന്‍ നിങ്ങളുടെ ദീന്‍ പൂര്‍ത്തീകരിച്ചുതന്നിരിക്കുന്നു). ഈ രണ്ടു രൂപങ്ങളല്ലാതെ ഇഖാമതുദ്ദീനിന്റെ ഈ വ്യാഖ്യാനം നിലനില്‍ക്കുന്നതും അല്ലാഹുവിന്റെയും റസൂലിന്റെയും പേരില്‍ കുറ്റാരോപണം പതിയാത്തതുമായ മൂന്നാമതൊരു രൂപമുണ്ടെങ്കില്‍ തീര്‍ച്ചയായും നമുക്കതറിയണം. `ഇഖാമതുദ്ദീന്‍` കല്‍പിച്ചശേഷം അല്ലാഹു ഈ സൂക്തത്തില്‍ അവസാനമായരുളിയത് وَلاَ تَتَفَرَّقُوا فِيهِ (അതില്‍ ഭിന്നിക്കരുത്) എന്നാണ്. ദീനില്‍ ഭിന്നിപ്പുകൊണ്ട് ഉദ്ദേശ്യം മനുഷ്യന്‍ ദീനിനകത്ത് ബുദ്ധിപരമായ സാധുതയില്ലാത്ത വല്ല പുതിയ കാര്യവും സ്വന്തം വകയായി ആവിഷ്കരിക്കുകയും താന്‍ ആവിഷ്കരിച്ച സംഗതിയെ അംഗീകരിക്കുകയാണ് ഈമാനിന്റെയും കുഫ്റിന്റെയും അച്ചാണി എന്ന് ശഠിക്കുകയുമാകുന്നു. തുടര്‍ന്ന് അത് അംഗീകരിക്കുന്നവര്‍ അംഗീകരിക്കാത്തവരില്‍നിന്ന് വേര്‍പെടുന്നു. ഈ പുതിയ സംഗതി പലവിധത്തിലുണ്ടാകാവുന്നതാണ്: ദീനില്‍ ഇല്ലാത്ത കാര്യങ്ങള്‍ കൊണ്ടുവന്ന് കൂട്ടിച്ചേര്‍ക്കലാവാം. ദീനില്‍ ഉള്‍പ്പെട്ട കാര്യങ്ങള്‍ അതില്‍നിന്ന് ഒഴിവാക്കലുമാകാം. (cont.)

    ReplyDelete
  15. ദീനീപ്രമാണങ്ങളില്‍ ഭേദഗതിയുടെ പരിധിയോളമെത്തുന്ന വ്യാഖ്യാനങ്ങള്‍ ചമച്ച് പുതിയ .... (അവസാനിക്കുന്നില്ല)

    Abul Aala maoudoodi saidd.

    'ഈ രണ്ടു രൂപങ്ങളല്ലാതെ ഇഖാമതുദ്ദീനിന്റെ ഈ വ്യാഖ്യാനം നിലനില്‍ക്കുന്നതും അല്ലാഹുവിന്റെയും റസൂലിന്റെയും പേരില്‍ കുറ്റാരോപണം പതിയാത്തതുമായ മൂന്നാമതൊരു രൂപമുണ്ടെങ്കില്‍ തീര്‍ച്ചയായും നമുക്കതറിയണം.'

    മൗദൂദി തന്റെ അറിവ് വെച്ച് ഇഖാമത്തുദ്ദീനിനെ വിശദീകരിച്ചു. മൂന്നാമത്തെ വ്യാഖ്യാനമുണ്ടെങ്കില്‍ അറിയിക്കണം എന്നും പറഞ്ഞു. ഇതിനോടുള്ള സത്യസന്ധമായ നിലപാടാണോ നിങ്ങള്‍ സ്വീകരിച്ചത് എന്ന നെഞ്ചില്‍ കൈവെച്ച് സ്വയം ചോദിക്കുക. നിങ്ങള്‍ പറഞ്ഞതായിരുന്നു അദ്ദേഹം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഇത്ര വിശദീകരിക്കേണ്ടതുണ്ടായിരുന്നോ.

    പ്രിയ നൗഷാദ് നിര്‍ഭാഗ്യവശാന്‍ താങ്കളുടെ വാക്കും പ്രവര്‍ത്തിയും എന്തോകാരണത്താല്‍ യോജിച്ചുവരുന്നില്ല എന്ന് ഖേദപൂര്‍വം പറയേണ്ടിവന്നിരിക്കുന്നു. സലഫി പ്രസ്ഥാനം ഈ വിഷയങ്ങളെക്കുറിച്ച് ഇത്ര ഗഹനമായി ചിന്തിച്ചു തുടങ്ങിയിട്ടില്ല. അവര്‍ ഉന്നം വെക്കുന്ന ലക്ഷ്യം അതല്ലാത്തതിനാലാകും. ഇസ്്‌ലാഹി പ്രസ്ഥാനം കേവലം ഒരു സംസ്‌കരണ പ്രസ്ഥാനമാണ്. ദയവായി അതിനെ ആ നിലക്ക് കണ്ട് അതില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. ഇത്തരം അടിസ്ഥാനരഹിതമായ പോസ്റ്റിട്ട് നിങ്ങള്‍ക്ക് യാതൊരു ധാരണയുമില്ലാത്ത് കാര്യത്തില്‍ ആളുകളെ യഥാര്‍ഥ ഇസ്്‌ലാമിന്റെ മാര്‍ഗത്തില്‍ നിന്ന് തടയാനാണ് നിങ്ങളുടെ ശ്രമമെങ്കില്‍ അത് നിങ്ങളുടെ ആഖിറം നഷ്ടപ്പെടുത്താനിടയാകും എന്ന് ഗുണകാംക്ഷാ പൂര്‍വം മുന്നറിയിപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു.

    മുകളില്‍ നല്‍കപ്പെട്ട വ്യാഖ്യാനം പൂര്‍ണമല്ല. പലയിടത്തും റഫറന്‍സ് നല്‍കിയിരിക്കുന്നു കൂടുതല്‍ സൂക്ഷമായി വായിക്കാനാഗ്രഹിക്കുന്നവര്‍ തഫ്ഹീം സൈറ്റ് സന്ദര്‍ശിക്കുക.

    നന്ദി വീണ്ടും കാണാം, ഇന്‍ഷാ അല്ലാഹ്

    ReplyDelete

വന്നതിനും വായിച്ചതിനും നന്ദി . . താങ്കള്‍ക്കു വിഷയവുമായി ബന്ധപ്പെട്ടു പറയുവാനുള്ളത് ഇവിടെ എഴുതുക. കമന്റ്‌ moderation ഉണ്ട് . കോപ്പി പേസ്റ്റ് കമന്റ്‌ കല്‍ അനുവദനീയമല്ല .
മറ്റുള്ളവ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും .