بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ജമാഅത്തു വാരികയില്‍ വന്ന ഒരു ചോദ്യത്തിന്റെയും മറുപടിയുടെയും സാരാംശം ഇപ്രകാരമാണ്‌:



ചോദ്യം: "തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്‌ ശിര്‍ക്കാണെന്ന്‌ ജമാഅത്ത്‌ പറഞ്ഞിട്ടുണ്ടോ?"

ഉത്തരം: "തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്‌ ശിര്‍ക്കാണെന്ന്‌ ജമാഅത്ത്‌ പറഞ്ഞതായി ഈ ലേഖകനറിയില്ല."



ഈ മറുപടിയില്‍ കാര്യമായ കുഴപ്പമില്ല. ലേഖകന്‍ തന്റെ അറിവില്ലായ്‌മ സമ്മതിച്ചു എന്ന്‌ സമാധാനിക്കാവുന്നതേയുള്ളൂ. അതുകൊണ്ട്‌ `ഈ ലേഖകനറിയാന്‍' എന്ന പേരില്‍ ഒരു കുറിപ്പ്‌ ജമാഅത്ത്‌ വാരികക്ക്‌ അന്ന്‌ ഞാന്‍ അയച്ചുകൊടുത്തു. അവര്‍ അത്‌ കണ്ടില്ലെന്ന്‌ നടിച്ചു. പിന്നീട്‌ ശബാബില്‍ ഈ കുറിപ്പ്‌ പ്രസിദ്ധീകരിച്ചു. അതില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്‌ ശിര്‍ക്കാണെന്ന്‌ ജമാഅത്ത്‌ സൂചിപ്പിക്കുകയോ വ്യക്തമാക്കുകയോ ചെയ്‌ത പത്ത്‌ രേഖകള്‍ ജമാഅത്ത്‌ കൃതികളില്‍ നിന്ന്‌ തന്നെ എടുത്തുദ്ധരിച്ചിരുന്നു.



എന്നാല്‍ ഇന്ന്‌ ജമാഅത്ത്‌ വാരികയിലെ മറുപടിക്കാരന്‍ (മുജീബ്‌) യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ കള്ളം പറയാന്‍ തുടങ്ങിയിരിക്കുന്നു.

2011 ജനുവരി 1 ന്റെ ജമാഅത്ത്‌ വാരികയില്‍ വന്ന ഒരു ചോദ്യോത്തരത്തിന്റെ പ്രസക്ത ഭാഗം ഇപ്രകാരമാണ്‌:



“ചോദ്യം: ഇസ്‌ലാമിക ഭരണത്തിന്‌ വേണ്ടി നിലകൊള്ളുന്ന ജമാഅത്തെ ഇസ്‌ലാമി ഇനിയൊരു പ്രത്യേക പാര്‍ട്ടി രൂപീകരിക്കേണ്ടതുണ്ടോ?

ഉത്തരം: ഇസ്‌ലാമിക ഭരണത്തിന്‌ വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയല്ല ജമാഅത്തെ ഇസ്‌ലാമി.''

ജമാഅത്തെ ഇസ്‌ലാമി അതിന്റെ അടിസ്ഥാന ആദര്‍ശമായ മതരാഷ്‌ട്രവാദത്തില്‍ നിന്ന്‌ പിന്മാറിയിരിക്കുന്നു എന്ന പ്രഖ്യാപനമാണിതെങ്കില്‍ സ്വാഗതാര്‍ഹമാണ്‌. ഇസ്‌ലാമിക ഭരണത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയല്ലെങ്കില്‍ പിന്നെയെന്തിനു വേണ്ടി നിലകൊള്ളുന്നു എന്ന്‌ ഒറ്റവാക്കില്‍ വ്യക്തമായി പറയുന്നതിന്‌ പകരം വിശദീകരിച്ച്‌ അവ്യക്തത സൃഷ്‌ടിക്കുകയാണ്‌ പിന്നീട്‌ ജമാഅത്ത്‌ മുജീബ്‌ ചെയ്യുന്നത്‌.

ജമാഅത്ത്‌ ഇസ്‌ലാമിക ഭരണത്തിന്‌ വേണ്ടിയല്ല നിലകൊള്ളുന്നത്‌ എന്ന വാക്ക്‌ വന്‍ കള്ളമാണ്‌.

ഏതാനും രേഖകള്‍ മാത്രം സൂചിപ്പിക്കട്ടെ:



1. “ഈ നാട്ടിലെ ഭരണകൂടം ഇസ്‌ലാമികമാക്കാന്‍ കഴിയുമെന്ന്‌ തോന്നാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല'' എന്ന്‌ 1952 ജനുവരി 1 ലെ പ്രബോധനത്തില്‍ ജമാഅത്ത്‌ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്‌. ഇതില്‍ നിന്ന്‌ ജമാഅത്ത്‌ ഇസ്‌ലാമിക ഭരണത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ്‌ എന്നല്ലാതെ മറ്റെന്താണ്‌ മനസ്സിലാക്കേണ്ടത്‌?

2. 1952 ലെ പരാമൃഷ്‌ട ഉദ്ധരണിയെ വിമര്‍ശന വിധേയമാക്കി 2009 ഡിസംബറില്‍ ജമാഅത്ത്‌ വാരികയില്‍ ചോദ്യം വന്നപ്പോള്‍ അത്‌ ഇപ്പോള്‍ നമുക്ക്‌ ബാധകമല്ല എന്നല്ല മറുപടി പറഞ്ഞത്‌. മറിച്ച്‌, 1952 ലെ ആദര്‍ശവും 2009 ലെ ആദര്‍ശവും അടിസ്ഥാനപരമായി മാറ്റമൊന്നുമില്ല എന്ന്‌ മറുപടി പറഞ്ഞ്‌ തങ്ങള്‍ ഇസ്‌ലാമിക രാഷ്‌ട്ര വ്യവസ്ഥയ്‌ക്കുവേണ്ടി തന്നെയാണ്‌ നിലകൊള്ളുന്നത്‌ എന്ന്‌ സൂചിപ്പിക്കുകയാണ്‌ ചെയ്‌തത്‌. അപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി മതരാഷ്‌ട്ര പാര്‍ട്ടിയല്ലാതെ പിന്നെന്താണെന്നാണ്‌ മനസ്സിലാക്കേണ്ടത്‌?

3. “സാക്ഷാല്‍ ഭരണാധികാരിയും നിയമനിര്‍മാതാവും അല്ലാഹുവാണെന്ന്‌ സമ്മതിച്ചുകൊണ്ട്‌ ഖുര്‍ആനിനും ഹദീസിനും വിധേയമായി ഭരിക്കുമെന്ന പ്രഖ്യാപനത്തെ മാത്രമേ ശരിയായ പ്രഖ്യാപനമെന്ന്‌ നാം വിശ്വസിക്കുന്നുള്ളൂ'' എന്ന്‌ ജമാഅത്ത്‌ 1952 ജനുവരി 1 ന്റെ പ്രബോധനത്തില്‍ അതിന്റെ ആദര്‍ശവും നിലപാടുകളും വെട്ടിത്തുറന്ന്‌ പറഞ്ഞിട്ടുണ്ട്‌. ഇതില്‍ നിന്ന്‌ ജമാഅത്ത്‌ ഇസ്‌ലാമിക ഭരണത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ്‌ എന്നല്ലാതെ മറ്റെന്താണ്‌ മനസ്സിലാക്കേണ്ടത്‌?

4. “നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ചേല്‌പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറാവുകയില്ല'' എന്ന്‌ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ എഴുതിയ പുസ്‌തകം ജമാഅത്ത്‌ പ്രസാധനാലയം ഇപ്പോഴും പ്രചരിപ്പിക്കുന്നു. ഇതില്‍ നിന്നും ജമാഅത്ത്‌ ഇസ്‌ലാമിക ഭരണത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ്‌ എന്നല്ലാതെ മറ്റെന്താണ്‌ മനസ്സിലാക്കേണ്ടത്‌?

5. “ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരംഗവും ഒരു എം പിയോ എം എല്‍ എയോ എന്ന്‌ വേണ്ട പഞ്ചായത്ത്‌ മെമ്പര്‍ പോലും ആയിട്ടില്ല. ആകാന്‍ ശ്രമിച്ചിട്ടുമില്ല'' എന്ന്‌ ജമാഅത്ത്‌ നേതാവ്‌ തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി എന്ന പുസ്‌തകത്തില്‍ എഴുതിയത്‌ ഇപ്പോഴും തിരുത്താതെ, പിന്‍വലിക്കാതെ ജമാഅത്തുകാര്‍ പ്രചരിപ്പിക്കുന്നു. മുമ്പ്‌ ഹുകൂമത്തെ ഇലാഹി എന്നും പിന്നീട്‌ ഇഖാമത്തുദ്ദീന്‍ എന്നും ഇപ്പോള്‍ ഇസ്‌ലാമിന്റെ സംസ്ഥാപനം എന്നും പറയുന്ന ഇസ്‌ലാമിക രാഷ്‌ട്ര സംസ്ഥാപനം ജമാഅത്തിന്റെ ലക്ഷ്യമായതുകൊണ്ടല്ലേ ഈ അവസ്ഥ വന്നത്‌. അതില്‍ നിന്നും ജമാഅത്ത്‌ ഇസ്‌ലാമിക ഭരണത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ്‌ എന്നല്ലാതെ മറ്റെന്താണ്‌ മനസ്സിലാക്കേണ്ടത്‌?



ഇനിയുമുണ്ട്‌ ഉദ്ധരിക്കാന്‍ ധാരാളം രേഖകള്‍. ജമാഅത്ത്‌ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഈ വിധം കള്ളം പറയുന്നതും ഇഖാമത്തുദ്ദീനിന്റെ ഭാഗം തന്നെയാണോ എന്ന്‌ അവര്‍ വ്യക്തമാക്കിയാല്‍ കൊള്ളാം! ജമാഅത്ത്‌ പാര്‍ട്ടിക്ക്‌ ഇസ്‌ലാമിക ഭരണം എന്ന `രാഷ്‌ട്രീയ ഉള്ളടക്കവും' മതരാഷ്‌ട്ര വാദവും ഇല്ലെങ്കില്‍ പിന്നെ അത്‌ എന്തിനുവേണ്ടി നിലകൊള്ളുന്നു എന്നെങ്കിലും ആളുകള്‍ക്ക്‌ തിരിയുന്ന രൂപത്തില്‍ അവര്‍ വ്യക്തമാക്കണം.





ശംസുദ്ദീന്‍, പാലക്കോട്‌

ശബാബ് വാരിക, www.shababweekly.net

0 Responses so far.

Post a Comment

വന്നതിനും വായിച്ചതിനും നന്ദി . . താങ്കള്‍ക്കു വിഷയവുമായി ബന്ധപ്പെട്ടു പറയുവാനുള്ളത് ഇവിടെ എഴുതുക. കമന്റ്‌ moderation ഉണ്ട് . കോപ്പി പേസ്റ്റ് കമന്റ്‌ കല്‍ അനുവദനീയമല്ല .
മറ്റുള്ളവ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും .