സി.ദാവൂദിന്റെ ലേഖനത്തിന് MSM പ്രസിഡണ്ട് ആസിഫലിയുടെ പ്രതികരണം
19-ാം നൂറ്റാണ്ടില്‍ കേരളീയ മുസ്‌ലിം സമൂഹത്തില്‍ അനിര്‍വചനീയമായ ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ വളര്‍ന്ന് ഒരു ജനതയുടെ മതപരവും സാമൂഹികവും രാഷ്‌ട്രീയവുമായ ആവിഷ്‌കാരങ്ങള്‍ക്ക് ഊര്‍ജമായി വികസിച്ച വടവൃക്ഷമാണ് മുജാഹിദ് പ്രസ്ഥാനം.
2002ല്‍ പിളര്‍ന്നെങ്കിലും കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചാവകാശം അന്യംനിന്നു പോകാത്ത ഒരു മുന്നേറ്റം ഇവിടെ ബാക്കിയുണ്ടെന്ന യാഥാര്‍ഥ്യം പലരും ബോധപൂര്‍വം അവഗണിക്കുന്നു. പിളര്‍പ്പിനു ശേഷം, ഒരു വിഭാഗത്തിന്റെ ചെയ്‌തികളുടെ പേരില്‍ നവോത്ഥാന പ്രസ്ഥാനത്തെ പഴിക്കുന്നത് ചിലര്‍ക്കിന്ന് പഥ്യമാണ്. നവോത്ഥാന പാരമ്പര്യത്തെ ചോദ്യംചെയ്യുന്നത് മനസ്സിലാക്കാം. പക്ഷേ, മുജാഹിദ് പ്രസ്ഥാനത്തിന്റെ മൊത്തക്കുത്തക ചിലര്‍ക്ക് വകവെച്ച് നല്‌കുന്നിടത്താണ് പ്രശ്‌നം. അതൊരു തന്ത്രമാണ്. പതിറ്റാണ്ടുകളായി ചിലര്‍ തുടരുന്ന തന്ത്രങ്ങളുടെ തുടര്‍ച്ച. കാരന്തൂരിലും കോട്ടക്കലിലുമായി യഥാക്രമം യാഥാസ്ഥിതികരും നവയാഥാസ്ഥിതികരും നടത്തിയ രണ്ട് സമ്മേളനങ്ങളെ വിലയിരുത്തിക്കൊണ്ട് പ്രബോധനം വാരികയില്‍ വന്ന ലേഖനം മേല്‍പറഞ്ഞ യാഥാര്‍ഥ്യം ശരിവെക്കുന്നുണ്ട്. പ്രസ്‌തുത ലേഖനം അച്ചടിച്ചു വന്നപ്പോള്‍ തോന്നിയ ചില ദുസ്സൂചനകള്‍ രിസാല പുനപ്രസിദ്ധീകരിച്ചതിലൂടെ ബലപ്പെട്ടു. കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനം തികഞ്ഞ യാഥാസ്ഥിതിക പ്രമാണ സംഘമായി മാറിയെന്നും വിദ്യാര്‍ഥി വിഭാഗം നടത്തിയ സമ്മേളനം ജരാനരകള്‍ ബാധിച്ചവരെ സ്റ്റേജിലിരുത്തി പുതിയ കാഴ്‌ചപ്പാടുകള്‍ സമ്മാനിക്കാതെ ഒരു സമ്പൂര്‍ണ മുജാഹിദ് സമ്മേളനമായി പരിണമിച്ചുവെന്നും കാന്തപുരം വിഭാഗം എന്ന യാഥാസ്ഥിതിക ലേബലുള്ള വിഭാഗം കാലത്തോടു സംവദിക്കാന്‍ ശേഷി നേടിയെന്നുമുള്ള നിരീക്ഷണങ്ങളാണ് പ്രബോധനത്തിലൂടെ സി ദാവൂദ് നടത്തിയിട്ടുള്ളത്. (ജനുവരി 22)
മുജാഹിദ് പ്രസ്‌ഥാനത്തന്റെയും എം എസ് എമ്മിന്റെയും പേരില്‍ വിമര്‍ശന വിധേയമാക്കുന്ന നവയാഥാസ്ഥിതികതക്ക് നവോത്ഥാന പാരമ്പര്യം വകവെച്ച് കൊടുക്കുന്നത് ബോധപൂര്‍വമാണെന്ന് പറയാതെ വയ്യ. നവോത്ഥാന പാരമ്പരത്തിന്റെ കനലുകള്‍ ജ്വലിക്കുന്ന ഒരു മുജാഹിദിനെയും ചുറ്റുവട്ടത്തൊന്നും ദാവൂദിന് കാണാന്‍ കഴിയാതെ പോയത് അജ്ഞത കൊണ്ടല്ല. കണ്ണടച്ചുകളഞ്ഞതു കൊണ്ടു മാത്രമാണ്. ചില കാര്യങ്ങള്‍ തദ്‌വിഷയകമായി സൂചിപ്പിക്കാതെ വയ്യ. ആശയപരമായ ഭിന്നത മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിന്റെ ന്യായങ്ങളിലൊന്നായിരുന്നെങ്കിലും അത് പ്രകടവും പൂര്‍ണവുമായി മാറിയത് പിളര്‍പ്പോടെയാണ്. ഇന്നത് രണ്ട് വ്യത്യസ്‌ത വഴികളിലാണ്. പിളര്‍പ്പിനു മുമ്പ് കാടിളക്കിയ ആദര്‍ശവ്യതിയാന ആരോപണങ്ങളുടെ ധൂമപടലങ്ങള്‍ക്കിടയില്‍ കേട്ടുകേള്‍വിയില്ലാത്ത പല ആശയങ്ങളും തൗഹീദിന്റെ ലേബലൊട്ടിച്ച് വിസയും ടിക്കറ്റുമായി കരിപ്പൂരില്‍ വിമാനമിറങ്ങിയത് പലരും ഗൗരവത്തില്‍ എടുത്തിരുന്നില്ല. പണത്തോടൊപ്പം ആദര്‍ശവും കണക്കില്ലാതെ സ്വീകരിക്കാം എന്നൊക്കെ നവയാഥാസ്ഥിതികര്‍ വിളിച്ചു പറഞ്ഞപ്പോഴാണ് ഇന്ത്യന്‍ നിര്‍മിത വിദേശപണ്ഡിതരുടെ ഒളിയജണ്ട പകല്‍പോലെ വ്യക്തമായത്. അവിടുന്നങ്ങോട്ടുള്ള നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രയാണം മുസ്‌ലിം കൈരളിക്ക് സുപരിചിതമാണ്. ഉലമാ ശൂറകള്‍ ജിന്നിറക്കല്‍ കേന്ദ്രങ്ങളുടെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിലേക്ക് അധപ്പതിച്ചതിലൂടെ ഇറക്കുമതി ചെയ്‌ത വൈറസുകള്‍ `ഓപ്പറേറ്റിംഗ് സിസ്റ്റം' തന്നെ തകരാറിലാക്കിയെന്ന് തിരിച്ചറിയാന്‍ അല്‌പബദ്ധി ധാരാളം. (ഇവര്‍ക്കിടയില്‍ ചിലര്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നത് വിസ്‌മരിക്കുന്നില്ല). മന്‍ഹജു സലഫിലേക്ക് `മെര്‍ജ്' ചെയ്യപ്പെട്ട അഞ്ചാം മദ്‌ഹബുകാരുടെ മുതുകില്‍ നവോത്ഥാനത്തിന്റെ തഴമ്പ് തെരയുന്നതിലെ മൗഢ്യമാണ് പ്രബോധനം ലേഖനത്തിലൂടെ പ്രകടമാവുന്നത്.
മാധ്യമം മുതല്‍ പ്രബോധനം വരെ കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിക്കുന്ന ബൗദ്ധിക മുന്നേറ്റമാണിന്ന് സാക്ഷല്‍ മുജാഹിദ് പ്രസ്ഥാനം. അവര്‍ പ്രമാണങ്ങള്‍ ചുമലേറ്റി നടക്കുന്നവരല്ല. ജീവിതത്തില്‍ പ്രസരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. പ്രമാണങ്ങളെ ജീവിതത്തില്‍ നിന്ന് പിഴുതെടുത്തവരാണ് മരം നടുന്നതില്‍ വ്യതിയാനത്തിന്റെ വിത്തു ചികഞ്ഞ് പടുകുഴികളില്‍ ചെന്ന് പതിച്ചത്. അവരാണ് അറിവിന്റെ സമാധാനം തേടി തലനരച്ചവരെക്കൊണ്ട് സമ്മേളനം നടത്തി സമാധിയടയുന്നത്.
തൗഹീദിന്റെ സുഗന്ധപൂരിതായ നന്മസ്ഥലിയില്‍ അടിയുറച്ചുനിന്ന് മരം നടുകയും തീ്രവവാദത്തിനും ഫാസിസത്തിനുമെതിരെ പട നയിക്കുകയും ചെയ്‌തവര്‍ ഇവിടെ ബാക്കിയുണ്ട്. അവര്‍ പത്ര-പുസ്‌തക പ്രസിദ്ധീകരണങ്ങള്‍ തുടര്‍ന്നും പാലിയേറ്റീവ് കെയറുകള്‍ക്ക് തുടക്കം കുറിച്ചും കണ്ണീരൊപ്പാന്‍ കൈകോര്‍ത്തും സാമൂഹ്യക്ഷേമ-മെഡികെയറുകള്‍ക്ക് ചുക്കാന്‍ പിടിച്ചും ശബാബിലൂടെയും യുവതയിലൂടെയും യൗവനത്തിന് ദിശാബോധം പകര്‍ന്നും ശക്തമായ സാന്നിധ്യമാണിന്ന് കേരളത്തില്‍. ആധുനിക ബോധന രീതിയും മനശ്ശാസ്‌ത്ര സമീപനവും സമന്വയിപ്പിച്ച സി ഐ ഇ ആര്‍ മദ്‌റസ പാഠ്യപദ്ധതി നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചയെ ഊട്ടിയുറപ്പിക്കുന്നു എന്ന് പറയുന്നത് മുജാഹിദുകള്‍ മാത്രമല്ല. സമയം ലഭിക്കുമെങ്കില്‍ പ്രബോധനം ലേഖകന്‍ ശാന്തപുരം ജാമിഅ ഇസ്‌ലാമിയ്യയിലെ ഇസ്‌ലാമിക സാമ്പത്തിക ശാസ്‌ത്ര വിദ്യാര്‍ഥികളോട് ചില കാര്യങ്ങള്‍ ചോദിച്ചറിയുന്നത് ഉചിതമായിരിക്കും. കോട്ടക്കലിലെ ആട്ടക്കലാശത്തിനും ഒരാഴ്‌ചക്കു ശേഷം കൃത്യമായി പറഞ്ഞാല്‍ 2011 ജനുവരി 16 ന് പാലക്കാട് വെച്ച് നടന്ന `പെക്യുനിയ' കൊമേഴ്‌സ് എക്‌ണോമിക്‌സ് മീറ്റില്‍ എം എസ് എമ്മിന്റെ അതിഥികളായിരുന്നു ശാന്തപുരത്തെ വിദ്യാര്‍ഥികള്‍. കേരളത്തിലെ മുസ്‌ലിം വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ തന്നെ ഒരുപക്ഷെ, അത്തരത്തിലുള്ള ആദ്യ സംരംഭത്തിന് നാന്ദി കുറിച്ചതിന് സാക്ഷികളായിരുന്നു അവര്‍. ഇതേ കാലയളവില്‍ തീം ബെയ്‌സ്‌ഡ് ആയ അഞ്ചോളം വിദ്യാര്‍ഥി സമ്മേളനങ്ങള്‍ (ബഹുജനസംഗമങ്ങള്‍) കേരളത്തില്‍ വടക്കും തെക്കുമായി നടന്നിട്ടുണ്ട്. സമ്മേളനങ്ങള്‍ കൊട്ടിഘോഷത്തോടെ പ്രഖ്യപിച്ച് നടത്താതിരിക്കുന്നതു പോലെ വഷളത്തരമാണ് സമ്മേളനങ്ങള്‍ വഴിപാടുപോലെ നടത്തുന്നതും. വ്യത്യസ്‌ത അഭിരുചികളെ പ്രത്യേകം അഭിസംബോധന ചെയ്‌ത് തുടര്‍നടപടികള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഒരു നവോത്ഥാന കാഴ്‌ചപ്പാട് എം എസ് എം വളര്‍ത്തിയെടുത്തിട്ടുണ്ട്. ``മുജാഹിദ് പ്രസ്ഥാനം കേവലമൊരു സംഘടനയുടെ പേരല്ല. കേരളത്തിലെ ഇസ്‌ലാമിക സമൂഹത്തിന്റെ ഉണര്‍വുകളുടെ, വികാസ പരിണാമത്തിന്റെ ഊര്‍ജമാണത്. വിശ്വാസപരമായും കര്‍മപരവും ഭൗതികപരവും ആത്മീയവുമായ പിടച്ചിലുകളുടെ ചരിത്രമാണതിന്റേത്.'' (പ്രബോധനം)
കേരള മുസ്‌ലിംകള്‍ക്കിടയിലെ കാന്തപുരത്തിന്റെ സ്ഥാനം ആകാശം മുട്ടെ ഉയര്‍ന്നാലും അദ്ദേഹം ശ്രദ്ധേയനായ ജൈവിക നേതാവായി വളര്‍ന്നാലും അദ്ദേഹത്തിന്റെ ഇരിപ്പിടം ഉറപ്പിച്ചിരിക്കുന്നത് ശിര്‍ക്കന്‍ കേന്ദ്രങ്ങള്‍ക്കു മുകളിലാണ്. ടൈഗര്‍ ഫോഴ്‌സിനെ ഉപയോഗിച്ച് നിശ്ശബ്‌ദമാക്കാന്‍ ശ്രമിക്കപ്പെട്ട എതിര്‍ശബ്‌ദങ്ങളുടെ രോദനങ്ങളില്‍ അവരുടെ സഹിഷ്‌ണുതയുടെ ആഴം പ്രതിധ്വനിക്കുന്നു. മധുരമുള്ള കാഴ്‌ചപ്പാടുകള്‍ വിളമ്പുന്നതിലല്ല കാര്യം. പ്രയോഗവത്‌കരണത്തിലാണ്. പള്ളിയുടെ വാതില്‍ ഇന്നും സ്‌ത്രീകള്‍ക്ക് മുന്നില്‍ കൊട്ടിയടയ്‌ക്കുന്നവര്‍ക്കെന്തു ബഹുസ്വര കാഴ്‌ചപ്പാട്?
ദര്‍ഗകള്‍ക്കു മുന്നിലെ നേര്‍ച്ചക്കുറ്റികള്‍ കാന്തപുരം വിഭാഗത്തിന്റെ `ഭാവി സാധ്യതകള്‍' നമ്മോട് ഉറക്കെ വിളിച്ചുപറയുന്നുണ്ട്! ഒരു കാര്യം നന്നായി അറിയണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വാര്‍ഡ് മത്സരമല്ല ഇസ്‌ലാമിക പ്രവര്‍ത്തനം. അത് സത്യവെളിച്ചത്തിലേക്കുള്ള പ്രയാണമാണ്. അത് നിര്‍വഹിക്കുന്നവര്‍ സംഘടനകളിലും ചിലപ്പോഴൊക്കെ സംഘടനക്കു പുറത്തും ഇപ്പോഴുമുണ്ടെന്ന സത്യം ആര് കണ്ണടച്ചാലും പകല്‍ വെളിച്ചത്ത് തെളിഞ്ഞുകാണും.
ആസിഫലി കണ്ണൂര്‍
നന്നായി എഴുതി. യുക്തിഭദ്രമായ വിശകലനം
ReplyDeleteKadutha antha vishwasathinte Vakthavine Navothana Nayakanakkanulla shramam Sajeevamayi Nadakkunnu. Rashtreeya Islamukarkku athu valiya
ReplyDeletePrashnam Untakillayirikkam. C.Davoodhinte Vikala Vadhangal EE lekhanathil Thurannu kattiyirikkunnu. Allahu anugrahikkatte.ameen
@ബഷീര്‍ Vallikkunnu
ReplyDeleteനന്ദി അഭിപ്രായം രേഖപ്പെടുത്തിയതിനു ..:)
@sayyid muhammad musthafa
ReplyDeleteനന്ദി അഭിപ്രായം രേഖപ്പെടുത്തിയതിനു ..:)