بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

``സാമ്രാജ്യത്വ വിരുദ്ധവും സാമൂഹികനീതിയിലധിഷ്‌ഠിതവുമായ ഒരു ഭരണം ഇന്ത്യയിലുണ്ടാകണമെന്നതാണ്‌ ജമാഅത്തിന്റെ നിലപാട്‌. അത്തരമൊരു രാഷ്‌ട്രം ലക്ഷ്യം വെച്ചാണ്‌ ജമാഅത്ത്‌ രാഷ്‌ട്രീയത്തില്‍ രംഗപ്രവേശം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്‌. ദാര്‍ശനിക പ്രബോധനം ജമാഅത്തെ ഇസ്‌ലാമി സ്വന്തം നിലക്ക്‌ തുടരും. അത്‌ പ്രായോഗിക രാഷ്‌ട്രീയത്തിന്റെ ഭാഗമല്ല.'' (ജമാഅത്ത്‌ അമീര്‍ ടി ആരിഫലി, മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌-2010 ജൂണ്‍ 13, പേജ്‌ 14)
ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യത്തിന്റെ അവസാനത്തെ പോയന്റ്‌ ഹുകുമത്തെ ഇലാഹിയാണെന്നും ആരിഫലി മാതൃഭൂമിയിലെ അഭിമുഖത്തില്‍ പറയുന്നുണ്ട്‌ (പേജ്‌ 11).
ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഇരട്ടമുഖമുണ്ടെന്ന്‌ അതിന്റെ അമീര്‍ തന്നെ സൂചിപ്പിച്ച ഈ വരികളെപ്പറ്റി `മുസ്‌ലിമി'ന്റെ പ്രതികരണം?

ഇബ്‌നുഅബ്ബാസ്‌


തലശ്ശേരി

അമീറിന്റെ വാചകങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ ജമാഅത്തുകാര്‍ക്ക്‌ ഇപ്പോള്‍ രണ്ടുതരം രാഷ്‌ട്രീയം ഉണ്ടെന്നാണ്‌. ഒന്ന്‌ പ്രായോഗികവും മറ്റൊന്ന്‌ അപ്രായോഗികവും. ഹുകൂമത്തെ ഇലാഹി അഥവാ ദൈവിക ഭരണം ദാര്‍ശനിക തലത്തില്‍ പ്രബോധനം ചെയ്യാന്‍ മാത്രം പറ്റിയതും രാഷ്‌ട്രീയത്തില്‍ പ്രായോഗികമായി നടപ്പാക്കാന്‍ പറ്റാത്തതുമാണെന്നും അപ്രായോഗിക രാഷ്‌ട്രീയ സിദ്ധാന്തത്തിന്മേലാണ്‌ ജമാഅത്തിന്റെ അസ്‌തിവാരമെന്നും അദ്ദേഹം ഇപ്പോള്‍ തുറന്നു സമ്മതിച്ചിരിക്കുകയാണ്‌.

മുജാഹിദുകളുടെ വീക്ഷണപ്രകാരം എക്കാലത്തും പ്രപഞ്ചത്തില്‍ നിലവിലുള്ളത്‌ അല്ലാഹുവിെന്റ ഭരണമാണ്‌. അല്ലാഹുവാണ്‌ ചിലര്‍ക്ക്‌ പരിമിതവും ക്ഷണികവുമായ അധികാരം നല്‌കുന്നത്‌. മറ്റു ചിലരെ അധികാരത്തില്‍ നിന്ന്‌ നീക്കുന്നതും അവന്‍ തന്നെയാണ്‌. വിശുദ്ധ ഖുര്‍ആനിലെ 3:26 സൂക്തത്തില്‍ നിന്ന്‌ ഈ കാര്യം സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാകുന്നുണ്ട്‌. അല്ലാഹുവിന്‌ ഭൂമിയിലെ അധികാരം നഷ്‌ടപ്പെട്ടിട്ടുണ്ടെന്നും നമ്മള്‍ അത്‌ തിരിച്ചുപിടിച്ചു കൊടുക്കണമെന്നും പറയുന്നത്‌ അസംബന്ധമാണ്‌. നമ്മുടെ കടമ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ വ്യക്തി-കുടുംബ-സാമൂഹ്യ ജീവിതരംഗങ്ങളില്‍ കഴിവിന്റെ പരമാവധി നടപ്പാക്കുകയാണ്‌. ഈ വിഷയത്തില്‍ സങ്കീര്‍ണതയോ അപ്രായോഗികതയോ ഇല്ല. അല്ലാഹു ഒരു മുസ്‌ലിമിന്‌ ഭരണാധികാരം നല്‌കുകയാണെങ്കില്‍ ഭരണസംബന്ധമായ ഇസ്‌ലാമിക നിയമങ്ങളും അയാള്‍ നടപ്പാക്കണം.

അല്ലാഹുവിന്റെ ആജ്ഞ നടപ്പാക്കുന്ന മുസ്‌ലിം ഭരണാധികാരിയുടെ റോള്‍ ഇലാഹി (ദൈവികം) എന്ന്‌ വിശേഷിപ്പിക്കപ്പെടാവുന്നതല്ല. അദ്ദേഹം തെറ്റുപറ്റാവുന്ന ഒരു മനുഷ്യന്‍ മാത്രമാണ്‌. ഒരു സത്യവിശ്വാസിയുടെ ഭരണത്തെ ദൈവിക ഭരണമായി ചിത്രീകരിക്കുന്നതിനോ അതിനെ ദാര്‍ശനിക അടിത്തറയായോ ലക്ഷ്യത്തിന്റെ അവസാനത്തെ പോയന്റായോ അവതരിപ്പിക്കുന്നതിനോ ഇസ്‌ലാമിക പ്രമാണങ്ങളുടെയൊന്നും പിന്‍ബലമില്ല.

കടപ്പാട് : ശബാബ് വാരിക

0 Responses so far.

Post a Comment

വന്നതിനും വായിച്ചതിനും നന്ദി . . താങ്കള്‍ക്കു വിഷയവുമായി ബന്ധപ്പെട്ടു പറയുവാനുള്ളത് ഇവിടെ എഴുതുക. കമന്റ്‌ moderation ഉണ്ട് . കോപ്പി പേസ്റ്റ് കമന്റ്‌ കല്‍ അനുവദനീയമല്ല .
മറ്റുള്ളവ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും .