بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

2011 ഡിസംബർ 27 ചൊവ്വാഴ്ച മുക്കം സ്റ്റാർ ഓഡിറ്റോറിയത്തിൽ വെച്ച്, കേരള നദ്‌വത്തുൽ മുജാഹിദീൻ കക്കാട് ശാഖയും ജമാ‌അ‌ത്തെ ഇസ്‌ലാമി ഹൽഖയും തമ്മിൽ നടന്ന വൈജ്ഞാനിക ചർച്ച.

വിഷയം: ഇബാദത്ത്: അർഥവും വ്യാപ്തിയും
പങ്കെടുക്കുന്നവർ:


മുജാഹിദ് പക്ഷം:
1. കെ എ അബ്ദുൽ ഹസീബ് മദനി
2. കെ പി സകരിയ
3. അബ്ദുല്ലത്വീഫ് കരിമ്പുലാക്കൽ
4. എൻ വി സകരിയ

ജമാ‌അത്ത് പക്ഷം:
1. ഇ എൻ ഇബ്‌റാഹിം മൌലവി
2. അബ്ദുല്ലാഹ് ദാരിമി
3. ഇ എൻ അബ്ദുറസാഖ്
4. മുഹമ്മദ് മാളിയേക്കൽ

അധ്യക്ഷൻ: കാക്കിരി അബ്ദുല്ല മാസ്റ്റർ


PART-1




PART-2


PART-3



PART-4


SPECIAL THANKS TO : 

14 സംവാദങ്ങള്‍:

  1. പുസ്‌തകങ്ങളാല്‍ വേട്ടയാടപ്പെടുന്നവര്‍
    - നിരീക്ഷണം -

    ഒ അബ്‌ദുല്ല



    ഈയിടെ കൊടിയത്തൂര്‍-കാരശ്ശേരി പ്രദേശങ്ങളിലെ മുജാഹിദ്‌-ജമാഅത്തെ ഇസ്‌്‌ലാമി പ്രാദേശിക ഘടകങ്ങളുടെ മേല്‍കൈയ്യില്‍ നടന്ന `ഇബാദത്ത്‌' സംബന്ധമായ സംവാദത്തില്‍ നിരീക്ഷകനായി സംബന്ധിക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ പങ്കെടുക്കാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. സംവാദം എന്നും ഹരമാണ്‌.

    വിശുദ്ധ ഖുര്‍ആനാവട്ടെ മാന്യമായ രീതിയിലുള്ള സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മേല്‍പറഞ്ഞ സംവാദം പരസ്‌പര ബഹുമാനത്തിന്റെ കാര്യത്തിലും മാന്യതയിലും ഉന്നതനിലവാരം പുലര്‍ത്തുന്നതായിരുന്നു. അതിനൊത്ത സദസ്സും. ഒരേ ഒരപശബ്‌ദമേ ആ സദസ്സിലുണ്ടായുള്ളൂ- അതാവട്ടെ ഈ ലേഖകന്റെ വകയും.

    ജമാഅത്ത്‌ പക്ഷത്തെ പ്രതിനിധീകരിച്ചു സംസാരിച്ച പണ്ഡിതന്‍ ഇ എന്‍ ഇബ്‌റാഹിം മൗലവി വ്യവസ്ഥയനുസരിച്ചു തനിക്കു ചോദ്യം ചോദിക്കാന്‍ ലഭിച്ച അഞ്ചു ചോദ്യങ്ങളില്‍ ഒന്നും രണ്ടും മൂന്നും നാലും ഒരേ ഒരു കാര്യം ഊന്നിപ്പറയാന്‍ ഉപയോഗിച്ചു- മുസ്‌ലിംകള്‍ അല്ലാഹുവല്ലാത്തവരെ അനുസരിക്കണമെന്ന്‌ (ഇത്വാഅത്ത്‌) ഖുര്‍ആനില്‍ നിന്ന്‌ ഒരൊറ്റ ആയത്തെങ്കിലും ഉദ്ധരിക്കാമോ എന്ന്‌ ഇ എന്‍ ആവര്‍ത്തിച്ചുന്നയിച്ചപ്പോള്‍ മുജാഹിദു പക്ഷത്തുനിന്നു മറുപടി പറഞ്ഞ യുവപണ്ഡിതന്‍ അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍ പറഞ്ഞു: താങ്കള്‍ക്ക്‌ ചോദ്യം ചോദിക്കാന്‍ ലഭിച്ച നാലവസരങ്ങളും താങ്കള്‍ കുളമാക്കി. തദവസരം ഇ എന്‍ എന്താണ്‌ ലക്ഷ്യമാക്കുന്നത്‌ എന്ന്‌ നന്നായി അറിയാവുന്ന സദസ്സിലെ മുന്‍ സീറ്റിലിരുന്ന ഞാന്‍ വിളിച്ചു പറഞ്ഞു: അദ്ദേഹം അഞ്ചാമത്തെ അവസരവും കുളമാക്കും!

    അഞ്ചാമത്തെ അവസരത്തിലും ജമാഅത്ത്‌ പക്ഷം അത്‌ തന്നെ ചെയ്‌തു. കഴിഞ്ഞ നാലു ചോദ്യങ്ങളുടെ കാര്യത്തില്‍ അനുവര്‍ത്തിച്ച പോലെ അല്ലാഹു അല്ലാത്തവര്‍ക്ക്‌ `ഇത്വാഅത്ത്‌' പാടുണ്ടെന്നതിന്‌ ഖുര്‍ആനിക തെളിവിന്നായി ഇ എന്‍ നിര്‍ബന്ധം പിടിച്ചു. നാലാമത്തെ ചോദ്യവേളയില്‍ ഞാന്‍ അദ്ദേഹത്തിന്ന്‌ കൊടുത്തയച്ച കുറിപ്പിലൂടെ (താങ്കളുടെ നിലപാടു വ്യക്തമാണെങ്കിലും സദസ്സിന്‌ ഈ നിര്‍ബന്ധം പിടിക്കലിന്റെ ന്യായം ബോധ്യമാവണമെങ്കില്‍, ഖുര്‍ആനികമായ അത്തരം ഒരായത്തിന്റെ അഭാവത്തിന്‌ എന്താണ്‌ ലക്ഷ്യമാക്കുന്നത്‌ എന്നു കൂടി വിശദീകരിക്കണമെന്നാവശ്യപ്പെടുന്നതായിരുന്നു എന്റെ കുറിപ്പ്‌). സദസ്സിന്‌ കാര്യങ്ങള്‍ മനസ്സിലാവാന്‍ `ഈജാസിന്ന്‌ പകരം ഇത്തരം ഒരു ഇത്വ്‌നാബ്‌' ആവശ്യമായിരുന്നു.

    ReplyDelete
  2. മുജാഹിദു പക്ഷം തങ്ങള്‍ക്കു ലഭിച്ച അവസരം- ശരിക്കും മുതലാക്കുകയായിരുന്നു. അവര്‍ കിട്ടിയ അവസരം ഉപയോഗിച്ചു പരമാവധി പരത്തിപ്പറഞ്ഞു. ഇബാദത്തിന്‌ ആരാധന, അനുസരണം, അടിമവൃത്തി എന്നീ മൂന്നര്‍ഥങ്ങളുണ്ടെന്നും സൂറത്തു ഫാത്തിഹയിലെ ഇയ്യാക്കനഅ്‌ബ്‌ദു എന്നിടത്ത്‌ ഒരേ അവസരം ഈ മൂന്നര്‍ഥങ്ങളും വിവക്ഷിതമാണെന്നുമുള്ള മൗദൂദി സാഹിബിന്റെ അഭിപ്രായം അദ്ദേഹത്തിന്ന്‌ മുമ്പ്‌ മറ്റാരെങ്കിലും പറഞ്ഞതായി ഉദ്ധരിക്കാമോ എന്ന്‌ അവര്‍ ആവര്‍ത്തിച്ചു ചോദിച്ചു. ഈ ചോദ്യത്തെ ഒരു കൂസലുമില്ലാതെ `ഇല്ലാ' എന്ന്‌ പറഞ്ഞുകൊണ്ടു ഇ എന്‍ നേരിട്ടത്‌ സദസില്‍ കൗതുകമുണര്‍ത്തി. ഇ എന്നിന്‌ മുമ്പ്‌ ജമാഅത്ത്‌ പക്ഷത്തു നിന്ന്‌ മറ്റാരും ഇങ്ങനെ പറഞ്ഞതായി അറിയില്ല. സൂറത്തുല്‍ കഹ്‌്‌ഫിലെ (വലാ തുത്വിഅ്‌ മന്‍ അഗ്‌ഫല്‍നാ ഖല്‍ബഹു അന്‍ ദിക്‌റിനാ) എന്ന സൂക്തം ഓതി അല്ലാഹു അല്ലാത്തവരെയും അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാത്തവരെയും ഒരു തരത്തിലും അനുസരിക്കാന്‍ പാടില്ലെന്ന്‌ ഇ എന്‍ വാദിച്ചു. അതിനായദ്ദേഹം മുന്‍കാല പണ്ഡിതരെ നിര്‍ബാധം ഉദ്ധരിക്കുകയും ചെയ്‌തു.

    എങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചും തിരഞ്ഞെടുപ്പില്‍ പങ്കെടുത്തും താഗൂത്തീ പാര്‍ലമെന്റില്‍ ഭാഗഭാക്കാവുന്നതിന്റെ ഇസ്‌്‌ലാമിക സാധുത എന്ത്‌ എന്നായി മുജാഹിദു പക്ഷത്തെ പ്രതിനിധാനം ചെയ്‌തു സംസാരിച്ച അബ്‌ദുല്‍ഹസീബ്‌. തവാഉന്‍ അലല്‍ ബിര്‍റി വ തഖ്‌വാ (സല്‍കാര്യങ്ങളിലുള്ള സഹകരണം) എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്‌ ഇത്തരം കാര്യങ്ങളിലുള്ള ഇടപെടല്‍ എന്നായിരുന്നു ഇതിന്ന്‌ ജമാഅത്ത്‌ മറുപടി.

    രണ്ടു വിഭാഗങ്ങളിലായി മുപ്പതു വീതം പേര്‍ സംബന്ധിച്ച അഞ്ചു മണിക്കൂര്‍ നേരം നീണ്ടുനിന്ന സംവാദത്തില്‍ പ്രത്യക്ഷത്തില്‍ ആരും ജയിക്കുകയോ തോല്‍ക്കുകയോ ഉണ്ടായില്ല എന്നാണ്‌ നിഷ്‌പക്ഷമായ വിലയിരുത്തല്‍. എന്നല്ല ഇരുകൂട്ടര്‍ക്കും തങ്ങളാണ്‌ ജയിച്ചത്‌ എന്ന തോന്നല്‍ ബാക്കി നിര്‍ത്തിക്കൊണ്ടാണ്‌ നിശ്ചിത സമയം കടന്നുപോയതും.

    എന്നാല്‍ നിരീക്ഷകനായി സംബന്ധിച്ച എനിക്കു നിരാശയാണ്‌ തോന്നിയത്‌. ഒരു വിഭാഗം മറുഭാഗത്തെ കുത്തിവീഴ്‌ത്തുന്നത്‌ കണ്ടു കയ്യടിക്കാമെന്ന പ്രതീക്ഷ നേരത്തെ ഉണ്ടായിരുന്നില്ലെങ്കിലും ജമാഅത്ത്‌ പുതിയ രാഷ്‌ട്രീയപ്പാര്‍ട്ടിക്ക്‌ രൂപംനല്‍കിയ പശ്ചാത്തലത്തില്‍ നേരത്തെ പറഞ്ഞുപോന്ന കാര്യങ്ങള്‍ക്ക്‌ മൗലികമായ ചില വിശദീകരണങ്ങളാവശ്യമായിരിക്കേ അതുണ്ടാവുമെന്ന്‌ സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നു. അത്തരം ഒരു വിശദീകരണം നല്‍കാന്‍ ജമാഅത്ത്‌ ശൂറയിലും ആ സംഘടനയുടെ വിവിധങ്ങളായ ഹൈപവര്‍ കമ്മറ്റികളിലും തിക്കിത്തിരക്കി ഇടം കണ്ടെത്തിയിട്ടില്ലെങ്കിലും തികഞ്ഞ പാണ്ഡിത്യത്തിന്റെ ഉടമസ്ഥനെന്ന്‌ സര്‍വരും അംഗീകരിക്കുന്ന ഇ എന്‍ ഇബ്‌റാഹിം മൗലവിക്കാവും എന്ന വസ്‌തുത എന്റെ പ്രതീക്ഷക്ക്‌ ആക്കംകൂട്ടി. എന്നാല്‍ ഈ പ്രതീക്ഷ അപ്പാടെ തവിടുപൊടിയായല്ലോ എന്ന നൊമ്പരത്തോടെയാണ്‌ സംവാദഹാളില്‍ നിന്ന്‌ പുറത്തേക്കു കടക്കേണ്ടി വന്നത്‌.

    ജമാഅത്ത്‌ പുതിയ രാഷ്‌ട്രീയപ്പാര്‍ട്ടിയുമായി രംഗത്ത്‌ വന്ന സന്ദര്‍ഭത്തില്‍ അതു സംബന്ധിച്ച്‌ ചാനലുകള്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവെ ഇക്കാര്യത്തില്‍ ജമാഅത്ത്‌ നേരിടാന്‍ പോവുന്ന ഗുരുതരമായ ആദര്‍ശ പ്രതിസന്ധിയെയും വൈരുധ്യത്തെയും കുറിച്ചു ഞാന്‍ പരാമര്‍ശിച്ചിരുന്നു. ഈ പ്രതിസന്ധി മറികടക്കാനെന്നവണ്ണം മൗദൂദി സാഹിബിനെ തള്ളിപ്പറഞ്ഞുകൊണ്ടു നിലവിലെ ജമാഅത്ത്‌ സംസ്ഥാന അമീര്‍ അന്ന്‌ ഒരു മുഴം മുമ്പോട്ടു എറിയാന്‍ കല്ലെടുക്കുകയുണ്ടായി. ഫിഖ്‌ഹ്‌, ഇല്‍മുല്‍കലാം മുതലായ വിഷയങ്ങളില്‍ തനിക്കു സ്വകീയമായ അഭിപ്രായങ്ങളും കാഴ്‌ചപ്പാടുകളുമുണ്ടെന്നും അവ പിന്‍പറ്റാന്‍ പാര്‍ട്ടി ബാധ്യസ്ഥമല്ലെന്നും മൗദൂദി സാഹിബ്‌ നേരത്തെ നടത്തിയ വിശദീകരണം അവലംബമാക്കി അസിസ്റ്റന്റ്‌ അമീര്‍ ശൈഖ്‌ മുഹമ്മദ്‌ തന്റെ നേതാവിന്റെ പ്രസ്‌താവനക്ക്‌ ടിപ്പണി എഴുതാന്‍ അന്ന്‌ വൃഥാശ്രമം നടത്തി സ്വയം നാണംകെട്ടിരുന്നു. പക്ഷേ, ശൈഖ്‌ മുഹമ്മദ്‌ അല്ലല്ലോ, ഇ എന്‍ ഇബ്‌റാഹിം മൗലവി. തറവേലകള്‍ വശമില്ലാത്ത നിഷ്‌കളങ്കനായ ഇബ്‌റാഹിം മൗലവിയില്‍ നിന്ന്‌ തൃപ്‌തികരമായി വിശദീകരണം പ്രതീക്ഷിച്ചത്‌ അദ്ദേഹത്തിന്റെ പാണ്ഡിത്യം മുന്‍നിറുത്തിയാണ്‌. (contd...)

    ReplyDelete
  3. ഖുര്‍ആനും സുന്നത്തുമാണ്‌ ജമാഅത്തിന്റെ ആശയപരമായ അടിത്തറക്കവലംബമെന്നും മൗദൂദി സാഹിബ്‌ സമഗ്രമായ ഒരു വ്യവസ്ഥിതി എന്ന നിലക്കു ഈ കാലഘട്ടത്തില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും അതിന്ന്‌ ബൗദ്ധികമായ ഭദ്രമായ ഒരടിത്തറ പാകുകയും ചെയ്‌തു എന്നതില്‍ കവിഞ്ഞ്‌ മൗദൂദിയെ ഏതു നിമിഷവും ഏത്‌ അണ്ടനും അടകോടനും തള്ളിപ്പറയാവുന്ന വിധത്തിലല്ല ജമാഅത്തും മൗദൂദി സാഹിബും തമ്മിലുള്ള ബന്ധം. അഥവാ അങ്ങനെയാണെന്ന്‌ വരുത്താനുള്ള ഏതൊരു ശ്രമവും മിതമായിപ്പറഞ്ഞാല്‍ സ്വയം വിഡ്‌ഢികളാവലും മറ്റുള്ളവരെ നിര്‍ദയം വിഡ്‌ഢികളാക്കലുമാണ്‌. കാരണം, നേരത്തെ പറഞ്ഞപോലെ രണ്ടാമത്തെ ജുമുഅ ഖുതുബ അറബിയിലാവണം എന്നതു പോലുള്ള മൗദൂദി സാഹിബിന്റെ കര്‍മ്മശാസ്‌ത്രപരമായ വേറിട്ട അഭിപ്രായങ്ങളല്ല തിരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയും അതിന്നായി പാര്‍ട്ടി രൂപീകരിക്കുകയും ചെയ്യുക വഴി തിരുത്തപ്പെടുന്നതും തകര്‍ക്കപ്പെടുന്നതും.

    മൗദൂദി സാഹിബ്‌ ഖുര്‍ആനിലെ നാല്‌ സാങ്കേതിക പദങ്ങള്‍ക്ക്‌ (ഛാര്‍ ബുന്‍യാദി ഇസ്‌്‌ത്വിലാഹേം) നല്‍കിയ വ്യാഖ്യാനങ്ങളാണ്‌ ജമാഅത്ത്‌ എന്ന പ്രസ്ഥാനത്തിന്റെ നെടുംതൂണുകള്‍. ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ ദാസന്മാര്‍ക്ക്‌ വേണ്ടി നിയമം നിര്‍മിക്കാനുള്ള അധികാരം ഈ നിര്‍വചനമനുസരിച്ചു അല്ലാഹുവിന്ന്‌ മാത്രം സ്വായത്തമാണ്‌. ജനാധിപത്യ സംവിധാനത്തിലാവട്ടെ ജനങ്ങള്‍ക്കാണ്‌ പരമാധികാരം. ഇക്കാര്യം ഉറക്കെ പറഞ്ഞുകൊണ്ടും സമ്മതിച്ചുകൊണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കലും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവലും ഈ വിശദീകരണമനുസരിച്ചു ഇസ്‌ലാമികദൃഷ്‌ട്യാ കൊടിയ ശിര്‍ക്കും പാപവുമാണെന്ന കാര്യത്തില്‍ മൗദൂദിയെ സംബന്ധിച്ചിടത്തോളം രണ്ടഭിപ്രായമില്ല. പലരും പലകാലങ്ങളിലായി നിര്‍ബാധം സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിച്ചു തേമാനം വന്ന മൗദൂദി സാഹിബിന്റെ ഇത്‌ സംബന്ധമായ അറുത്തു മുറിച്ചുള്ള വാക്കുകളുടെ വിരസമായ ആവര്‍ത്തനത്തിന്‌ മറ്റു ജോലികളൊന്നുമില്ലാത്തവര്‍ പോലും മുതിരുമെന്ന്‌ തോന്നുന്നില്ല. ഇക്കാര്യങ്ങള്‍ എല്ലാം മൗദൂദി സാഹിബ്‌ എഴുതിയതും പറഞ്ഞതും ബ്രിട്ടീഷ്‌ ഇന്ത്യയില്‍ വെച്ചാണ്‌. ജനാധിപത്യ ഇന്ത്യക്ക്‌ ഇത്‌ ബാധകമല്ല എന്ന നവ വ്യാഖ്യാനം യാതൊരു കാരണവശാലും നിലനില്‍ക്കുന്നതല്ല. കാരണം വിശുദ്ധ ഖുര്‍ആനിലെ സാങ്കേതിക പദങ്ങള്‍ക്കോ സൂക്തങ്ങള്‍ക്കോ കോളനി കാലഘട്ടത്തില്‍ ഒരര്‍ഥവും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ മറ്റൊരര്‍ഥവും എന്ന സങ്കല്‍പം ഊഹിക്കാന്‍ പോലും കഴിയാത്തതാണ്‌. ഇലാഹ്‌, ഇബാദത്ത്‌, റബ്ബ്‌ മുതലായ പദങ്ങള്‍ക്ക്‌ അര്‍ഥവും വിശദീകരണവും നല്‍കവെ മൗദൂദി സാഹിബ്‌ ഈ വാക്കുകള്‍ക്ക്‌ ഇപ്രകാരമൊരു കാലനിര്‍ണയം ബാധകമാക്കിയിട്ടില്ല.

    ReplyDelete
  4. അഥവാ അപ്രകാരം അദ്ദേഹം പറഞ്ഞിരുന്നുവെങ്കില്‍ മുസ്‌ലിംലോകം അദ്ദേഹത്തെ വെറുതെ വിടുമായിരുന്നില്ല. ഖുര്‍ആനിക വാക്കുകളെയും സൂക്തങ്ങളെയും അവയുടെ അവതരണ പശ്ചാത്തലവുമായി ബന്ധിപ്പിക്കുന്നത്‌ മനസ്സിലാക്കാനാവും. എന്നാല്‍, അവയുടെ അര്‍ഥങ്ങളെ പില്‍ക്കാല രാഷ്‌ട്രീയ സംഭവവികാസങ്ങളുമായി കൂട്ടിക്കെട്ടുന്നതും കെട്ടഴിക്കുന്നതും ശുദ്ധ വിവരക്കേടും അല്‍പത്തവുമാണ്‌. മൗദൂദി സാഹിബ്‌ അത്തരം ഒരു വിവരക്കേടിന്‌ മുതിരുമെന്ന്‌ ഈ ലേഖകന്‍ കരുതുന്നില്ല.

    അല്ലാഹു സ്രഷ്‌ടാവും(ഖാലിക്ക്‌) രക്ഷിതാവും (റബ്ബ്‌) അന്നദാതാവും (റാസിഖ്‌) ആണെന്ന പോലെ മനുഷ്യര്‍ക്കാവശ്യമായ പരമമായ നിയമനിര്‍മ്മാതാവ്‌ (ഹാകിം) ആണെന്ന്‌ ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക്‌ വാദിക്കുകയും വിശ്വസിക്കുകയും ചെയ്യാം. സൗകര്യവും സാഹചര്യവും ഒത്തുവരുമ്പോള്‍ ഒരിസ്‌ലാമിക രാഷ്‌ട്രീയത്തിന്ന്‌ അതിന്റെ ഭരണഘടനയുടെ മൗലികമായ മാര്‍ഗദര്‍ശനമായിരിക്കേണ്ടത്‌ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമായിരിക്കുമെന്ന വാദം ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ന്യായീകരിക്കാവുന്നതാണ്‌.

    എന്നാല്‍ അപ്രകാരമെല്ലാം നിരവധി തവണ പറയുകയും എഴുതുകയും ലോകത്തെ ബോധ്യപ്പെടുത്താന്‍ പരമാവധി പരിശ്രമിക്കുകയും സ്വന്തം സംഘടനയുടെ അടിസ്ഥാനാദര്‍ശമായി അക്കാര്യം അംഗീകരിക്കുകയും ചെയ്‌തശേഷം നേര്‍ വിപരീതമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്‌ അക്ഷന്തവ്യവും മാപ്പര്‍ഹിക്കാത്ത നിലപാടു മാറ്റവുമാണ്‌. ഇക്കാര്യത്തില്‍ ഈ ലേഖകന്റെ അഭിപ്രായത്തില്‍ സയ്യിദ്‌ മൗദൂദിയല്ല പ്രതിക്കൂട്ടില്‍. മറിച്ചു അദ്ദേഹത്തിന്റെ ദാര്‍ശനികാടിത്തറയെ സ്വന്തം പാര്‍ട്ടിയുടെ നിലപാടു തറയായി അംഗീകരിച്ചശേഷം പാര്‍ലമെന്ററീ വ്യാമോഹം മൂലമോ എന്തോ, അതിന്‍മേല്‍ തികച്ചും വിരുദ്ധമായ, ഒരു രാഷ്‌ട്രീയ സ്വപ്‌നസൗധം പണിതുയര്‍ത്താന്‍ പാടുപെടുന്നവരാണ്‌.

    ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ മറ്റേതൊരു ഇന്ത്യന്‍ സംഘടനയും പോലെ രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിക്കാനും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും വോട്ടുചെയ്യാനും സ്വാതന്ത്ര്യമുണ്ട്‌. അന്നേരം പക്ഷെ, ഇതെല്ലാം മതദൃഷ്‌ട്യാ തെറ്റും കുറ്റവുമാണെന്ന്‌ നേരത്തെ പറഞ്ഞുവച്ച മൗദൂദി കൃതികളെ തങ്ങളിതാ കയ്യൊഴിഞ്ഞിരിക്കുന്നുവെന്ന്‌ ഉറക്കെ പ്രഖ്യാപിക്കുകയും അവക്കിതാ ഞങ്ങള്‍ തീ കൊടുക്കുന്നു എന്ന്‌ പരസ്യമായി പ്രഖ്യാപിക്കുകയും വേണം. മൗദൂദി സാഹിബ്‌ എല്ലാ കാര്യത്തിലും ഞങ്ങള്‍ക്ക്‌ മാതൃകയല്ല എന്ന ഒഴുക്കന്‍ മട്ടിലുള്ള പ്രസ്‌താവന വഴിയൊന്നും രക്ഷപ്പെടാന്‍ കഴിയുന്ന വിധം നിസ്സാരമല്ല പ്രശ്‌നം എന്നു ചുരുക്കം. അല്ലാഹുവില്‍ നിക്ഷിപ്‌തമായ പരമാധികാരം ജനങ്ങളിലേക്കു മാറ്റി പ്രതിഷ്‌ഠിക്കുക എന്ന `പരമ പാപം' ചെയ്യുമ്പോള്‍ അത്‌ തആവുന്‍ ഫില്‍ മഅ്‌റൂഫ്‌ -നന്മയില്‍ സഹകരിക്കല്‍-ആണ്‌ എന്ന്‌ പറഞ്ഞു വ്യാഖ്യാനിക്കാമെങ്കില്‍, മാറിയ പരിതസ്ഥിതിയില്‍ ബിംബാരാധനയില്‍ പങ്കുചേര്‍ന്ന്‌ അത്‌ ബഹുസ്വരതയെ അംഗീകരിക്കാനും മാനിക്കാനുമാണ്‌ എന്നു പറഞ്ഞു ന്യായീകരിക്കാനും പറയത്തക്ക വിഷമം ഉണ്ടാവേണ്ടതില്ല. ആസ്‌പത്രി ശുചീകരണങ്ങള്‍ നടത്തുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കുക മുതലായ സല്‍ക്കര്‍മങ്ങള്‍ പോലത്തെ ഒരു സല്‍ക്കര്‍മം മാത്രമാണ്‌ പാര്‍ലമെന്ററി ജനാധിപത്യത്തിലിടപെട്ടു അല്ലാഹുവിന്റെ സ്ഥാനത്തു നിയമനിര്‍മ്മാണം നടത്തലെങ്കില്‍ അക്കാര്യം അല്‍പം നേരത്തെ പറയാമായിരുന്നു!

    ജമാഅത്തു വിളിച്ചുചേര്‍ത്ത പാര്‍ട്ടിയിലെ തെരഞ്ഞെടുത്ത നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം. കെ സി അബ്‌ദുല്ല മൗലവി, ടി കെ അബ്‌ദുല്ല സാഹിബ്‌ എന്നീ രണ്ടു മുന്‍ ജമാഅത്ത്‌ അമീറുമാര്‍ സ്‌റ്റേജിലിരിക്കുന്നു.

    വിഷയം: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാമോ, പാടില്ലേ?

    രാജ്യം എകാധിപത്യത്തിന്നോ ഫാസിസത്തിന്നോ വഴിമാറുന്നു എന്ന്‌ കാണുന്ന മാത്രയില്‍ പങ്കെടുക്കാമെന്ന്‌ ഒരു വിഭാഗവും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ ശിര്‍ക്കാകയാല്‍ ഒരു പരിതസ്ഥിതിയിലും പാടില്ലെന്നു മറുഭാഗവും. വിവാദം കൊഴുക്കുന്നതിനിടെ ഈ ലേഖകന്‍ ചോദിച്ചു: തെരഞ്ഞെടുപ്പ്‌ നടക്കാന്‍ പോവുന്ന കേരളത്തില്‍ അത്തരത്തിലുള്ള നിര്‍ബന്ധമായും വോട്ടു രേഖപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല. ഇവിടെ ഒരേകാധിപത്യവും സംസ്ഥാന ഭരണം കയ്യടക്കാന്‍ പോവുന്നില്ല. ഹൈന്ദവ ഫാസിസ്റ്റുകള്‍ക്കാവട്ടെ സംസ്ഥാന നിയമസഭയില്‍ ഒരംഗം പോലുമില്ല. എന്നിരിക്കെ ഇവിടെ ശിര്‍ക്ക്‌ ചെയ്യുന്നതിന്‌ എന്ത്‌ ന്യായീകരണമാണുള്ളത്‌?

    രണ്ട്‌ മുന്‍ അമീറുമാരില്‍ ഒരാള്‍ എന്റെ പക്ഷം ചേര്‍ന്നു. മറ്റെ ആള്‍ മറുപക്ഷവും. സ്റ്റേജില്‍ വച്ചു ഇരുവരും തമ്മില്‍ തുറന്ന ആശയ സംഘട്ടനം. രംഗം മോശമാവുന്നത്‌ കണ്ട ഞാന്‍ ഉടനെ എഴുന്നേറ്റു പറഞ്ഞു: ഞാന്‍ ചോദ്യം പിന്‍വലിച്ചിരിക്കുന്നു!

    ReplyDelete
  5. ഇത്തരം സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുന്നത്‌ ഒഴിവാക്കാം! പക്ഷെ ജമാഅത്ത്‌ സാഹിത്യ ശേഖരങ്ങളില്‍ മൗദൂദി സാഹിബിന്റെ തഫ്‌ഹീമും തന്‍മീഹാത്തും ഖുതുബാത്തും ഇസ്‌ലാം മതവും ഖുര്‍ആനിലെ നാലു സാങ്കേതിക പദങ്ങളും ഉള്ളേടത്തോളം കാലം വൈരുധ്യങ്ങള്‍ ജമാഅത്തിനെ വേട്ടയാടുന്നത്‌ എങ്ങിനെ ഒഴിവാക്കാനാവും.

    വാല്‍ക്കഷ്‌ണം: ജമാഅത്ത്‌ അഭിമുഖീകരിക്കുന്ന പ്രത്യയ ശാസ്‌ത്ര പ്രതിസന്ധിയെക്കുറിച്ചു എസ്‌ ഡി പി ഐയുടെ പ്രമുഖ നേതാവ്‌ പ്രതികരിച്ചതിങ്ങനെ: ഞങ്ങളെ ഇത്തരം യാതൊന്നും വേട്ടയാടുകയില്ല: കാരണം ഞങ്ങള്‍ക്ക്‌ പുസ്‌തകങ്ങളില്ല!

    ReplyDelete
  6. http://shababweekly.net/index.php?option=com_content&view=article&id=1220:2012-01-14-07-50-22&catid=47:lead2

    ReplyDelete
  7. മുജാഹിദ്‌-ജമാഅത്ത്‌ സംവാദ വിശകലനം ഒരു അനുബന്ധം
    - പ്രതികരണം -

    കെ പി എസ്‌ ഫാറൂഖി

    2011 ഡിസംബറില്‍ മുക്കത്ത്‌ നടന്ന മുജാഹിദ്‌-ജമാഅത്ത്‌ സംവാദത്തെ വിശകലനം ചെയ്‌തുകൊണ്ട്‌ ഒ അബ്‌ദുല്ല എഴുതിയ നിരീക്ഷണലേഖനമാണ്‌ (ലക്കം 23) ഈ കുറിപ്പിന്നാധാരം. സംവാദസദസ്സില്‍ മുഴുസാന്നിധ്യമായി ഉണ്ടായിരുന്ന അദ്ദേഹം നിരീക്ഷിക്കുന്നതിങ്ങനെ: ``രണ്ടു വിഭാഗങ്ങളിലായി മുപ്പത്‌ വീതം പേര്‍ സംബന്ധിച്ച അഞ്ച്‌ മണിക്കൂര്‍ നേരം നീണ്ടുനിന്ന സംവാദത്തില്‍ ആരും ജയിക്കുകയോ തോല്‌ക്കുകയോ ഉണ്ടായില്ല എന്നാണ്‌ നിഷ്‌പക്ഷമായ വിലയിരുത്തല്‍. എന്നല്ല, ഇരു കൂട്ടര്‍ക്കും തങ്ങളാണ്‌ ജയിച്ചത്‌ എന്ന തോന്നല്‍ ബാക്കി നിര്‍ത്തിക്കൊണ്ടാണ്‌ നിശ്ചിതസമയം കടന്നുപോയതും.''
    ഈ നിരീക്ഷണം വസ്‌തുതാപരമല്ല എന്ന്‌ ആദ്യമേ സൂചിപ്പിക്കട്ടെ. ആരും ജയിക്കുകയോ തോല്‍ക്കുകയോ ഉണ്ടായില്ല എന്നത്‌ നിഷ്‌പക്ഷമായ വിലയിരുത്തലുമല്ല.

    ഇതല്‍പം വിശദീകരിക്കാം: ഇബാദത്ത്‌-അര്‍ഥവും വ്യാപ്‌തിയും എന്ന വിഷയത്തിലാണ്‌ കക്കാട്‌ ജമാഅത്തെ ഇസ്‌ലാമി കാര്‍ക്കൂന്‍ഹല്‍ഖയും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കക്കാട്‌ ശാഖയും തമ്മില്‍ മുക്കത്തെ സ്റ്റാര്‍ഹോട്ടലില്‍ വൈജ്ഞാനിക സംവാദം നടത്തിയത്‌. അരമണിക്കൂര്‍ വീതമുള്ള വിഷയാവതരണം, രണ്ടര മണിക്കൂര്‍ നേരം പത്ത്‌ മിനിറ്റ്‌ വീതമുള്ള ഖണ്ഡന-മണ്ഡന പ്രസംഗം, ഒന്നര മണിക്കൂര്‍ നേരം ചോദ്യോത്തരം അഥവാ രണ്ട്‌ മിനിറ്റ്‌ വീതം ചോദ്യങ്ങളും അഞ്ചുമിനിട്ട്‌ വീതമുള്ള ഉത്തരങ്ങളും. ഇങ്ങനെ വളരെ മുന്നൊരുക്കത്തോടെയും ഉഭയകക്ഷി സമ്മതത്തോടെയും പരസ്‌പരധാരണയോടെയും പരസ്‌പരബഹുമാനത്തോടെയും വ്യവസ്ഥാപിതമായുമാണ്‌ ഏകദേശം അഞ്ച്‌ മണിക്കൂര്‍ നീണ്ടുനിന്ന സംവാദം നടന്നത്‌.

    ReplyDelete
  8. വിഷയാവതരണത്തിലും ഖണ്ഡന-മണ്ഡന സന്ദര്‍ഭത്തിലും ചോദ്യോത്തര വേളയിലും-ആദ്യാവസാനം മുജാഹിദ്‌പക്ഷം ഒ അബ്‌ദുല്ല സാഹിബ്‌ പറഞ്ഞതുപോലെ `തങ്ങള്‍ക്ക്‌ ലഭിച്ച അവസരം ശരിക്കും മുതലാക്കി. ഇബാദത്തിന്‌ കുറെ അര്‍ഥങ്ങള്‍ പൂര്‍വകാല പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ഇബാദത്തിന്‌ അനുസരണം, അടിമവൃത്തി എന്നീ അര്‍ഥങ്ങളും ആരാധന ഏന്ന അര്‍ഥത്തിന്റെ കൂടെ പരിഗണിക്കുന്നതിനും വിരോധമില്ല എന്ന്‌ സമര്‍ഥിക്കാനാണ്‌ ജമാഅത്ത്‌ പണ്ഡിതന്‍ ഇ എന്‍ ഇബ്‌റാഹീം മൗലവി തന്റെ വിഷയാവതരണത്തില്‍ ശമിച്ചത്‌. എന്നാല്‍ മുജാഹിദ്‌ പക്ഷത്തുനിന്ന്‌ സംസാരിച്ച അബ്‌ദുല്‍ഹസീബ്‌ മദനി വിഷയത്തിന്റെ മര്‍മത്തില്‍ നിന്ന്‌ വ്യതിചലിക്കാന്‍ അനുവദിക്കാതെ ഇബാദത്തിന്‌ - ഇയ്യാക്ക നഅ്‌ബുദുവിന്‌ ഈ മൂന്നര്‍ഥവും ഒരേപോലെ പരിഗണിക്കേണ്ടതുണ്ടോ എന്ന്‌ വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയും അഭിപ്രായവ്യത്യാസമില്ലാത്ത കാര്യം-ഇബാദത്തിന്‌ പല അര്‍ഥങ്ങളുണ്ടെന്ന കാര്യം- പറഞ്ഞ്‌ സമയം കളയരുതെന്നഭ്യര്‍ഥിക്കുകയും ജമാഅത്ത്‌ പണ്ഡിതനെ തുടര്‍ന്നങ്ങോട്ട്‌ അവസാനം വരെയും വിഷയത്തിന്റെ മര്‍മത്തില്‍ തന്നെ തളച്ചിടുകയും ചെയ്‌തു.

    വിഷയാവതരണത്തിലും ഖണ്ഡന-മണ്ഡനത്തിലും മുജാഹിദ്‌ പക്ഷത്തിനു മേല്‍ക്കൈ ലഭിച്ച സ്ഥിതിക്ക്‌ ചോദ്യോത്തര സന്ദര്‍ഭത്തില്‍ മുജാഹിദ്‌ പണ്ഡിതന്മാരെ വെള്ളം കുടിപ്പിക്കാമെന്ന്‌ കരുതിയ ജമാഅത്ത്‌ പക്ഷം തെരഞ്ഞെടുത്ത ചോദ്യം ഒരു വികലചോദ്യമായതിനാല്‍ സ്വയം വെള്ളത്തിലാവുന്നതാണ്‌ സദസ്സിന്‌ കാണാന്‍ കഴിഞ്ഞത്‌. മുജാഹിദുകളെ കുടുക്കാന്‍ തയ്യാറാക്കിക്കൊണ്ടുവന്ന ചോദ്യം ഇതായിരുന്നു. മുസ്‌ലിംകള്‍ ഇസ്‌ലാമിന്‌ പുറത്തുള്ളവരെ അനുസരിക്കാമെന്നതിന്‌ ഖുര്‍ആനില്‍ നിന്ന്‌ ഒരൊറ്റ ആയത്തെങ്കിലും ഉദ്ധരിക്കാമോ? മുജാഹിദ്‌ പക്ഷത്തുനിന്‌ ഖുര്‍ആന്‍ 5:6, 60:8 തുടങ്ങിയ ആയത്തുകളും സ്രഷ്‌ടാവിനെതിരില്‍ സൃഷ്‌ടികളെ അനുസരിക്കക്കരുത്‌ എന്ന ആശയത്തിലുള്ള ഹദീസും ചരിത്രരേഖകളും വെച്ച്‌, ആവര്‍ത്തിക്കപ്പെട്ട ഈ ചോദ്യത്തിന്‌ കൃത്യമായും വ്യക്തമായും മറുപടി പറഞ്ഞു. എന്നാല്‍ മുജാഹിദ്‌ പക്ഷം ഉദ്ധരിച്ച ആയത്ത്‌ അനുസരണത്തിനുള്ള തെളിവല്ലെന്നും സഹകരണത്തിനുളള തെളവാണെന്നും പറഞ്ഞ്‌ ജമാഅത്ത്‌ പണ്ഡിതന്‍ രണ്ടാമതും മൂന്നാമതും നാലാമതും അതേ ചോദ്യം ആവര്‍ത്തിച്ചു.

    ReplyDelete
  9. നാലാമത്തെ തവണ മുജാഹിദ്‌ പക്ഷത്തുനിന്ന്‌ മറുപടിയായി ഒരു ചോദ്യം അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍ ഇപ്രകാരം തൊടുത്തുവിട്ടു. മറുപക്ഷം പ്രതിനിധീകരിക്കുന്നത്‌ ജമാഅത്തെ ഇസ്‌ലാമിയെയാണോ ഖുര്‍ആന്‍ മാത്രം മതി എന്ന്‌ പറയുന്ന ചേകന്നൂര്‍ പ്രസ്ഥാനത്തെയാണോ? വാദപ്രതിവാദ വ്യവസ്ഥയില്‍ ഇരുകൂട്ടരും ഉദ്ധരിക്കേണ്ട പ്രമാണങ്ങളില്‍ ഖുര്‍ആന്‍, സുന്നത്ത്‌, ഇജ്‌മാഅ്‌, ഖിയാസ്‌ എന്നിങ്ങനെ നാലെണ്ണം എഴുതിയത്‌ മറന്നുവോ? മറുപക്ഷം ഉന്നയിച്ച ചോദ്യത്തിന്‌ രണ്ടാം പ്രമാണത്തില്‍ നിന്ന്‌ കൃത്യമായ തെളിവുദ്ധരിച്ച സ്ഥിതിക്ക്‌ ഖുര്‍ആനില്‍ നിന്ന്‌ തന്നെ തെളിവുദ്ധരിക്കാന്‍ ആവശ്യമുന്നയിക്കുന്നവര്‍ ഖുര്‍ആന്‍കൊണ്ട്‌ ഒരു റക്‌അത്ത്‌ നമസ്‌കരിക്കേണ്ട രൂപം വിശദീകരിക്കാമോ?

    സ്രഷ്‌ടാവിനെതിരില്‍ സൃഷ്‌ടികള്‍ക്ക്‌ അനുസരണമില്ല എന്നതിന്റെ മറുവശം സ്രഷ്‌ടാവിന്റെ കല്‍പനക്ക്‌ വിരുദ്ധമാകാത്ത വിധത്തില്‍ ആരെയും അനുസരിക്കാമെന്നാണ്‌ എന്ന്‌ മുജാഹിദ്‌ പക്ഷത്തു നിന്ന്‌ സമര്‍ഥിക്കുക കൂടി ചെയ്‌തപ്പോള്‍ ജമാഅത്ത്‌ പണ്ഡിതന്‍ വാദി പ്രതിയാവുന്ന ദയനീയാവസ്ഥയിലാവുകയാണുണ്ടായത്‌.

    സംവാദത്തിന്റെ മൂന്നാംഘട്ടമായ ചോദ്യോത്തര വേളയില്‍ ചോദ്യംചോദിച്ച്‌ മുജാഹിദ്‌ പക്ഷത്തെ തോല്‍പിച്ച്‌ കളയാമെന്ന്‌ കരുതിയവര്‍ക്ക്‌ ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന അവസ്ഥയാണ്‌ സംജാതമായത്‌.

    ReplyDelete
  10. മുജാഹിദ്‌ പക്ഷത്തുനിന്നുള്ള ആദ്യ ചോദ്യം തന്നെ ജമാഅത്തിന്‌ ശക്തമായ ആഘാതമാവുകയും ജമാഅത്തുകാര്‍ സാധാരണ പറയാന്‍ ഒരിക്കലും സാധ്യതയില്ലാത്ത മറുപടി പറഞ്ഞ്‌ ജമാഅത്ത്‌ മതരാഷ്‌ട്രവാദം മൗദൂദിയുടെ മാത്രം ഉല്‍പന്നമാണ്‌ എന്ന്‌ വരുത്തിത്തീര്‍ത്ത്‌ വരുംനാളുകളില്‍ ജമാഅത്തിന്‌ വലിയ തലവേദനയായി മാറുന്ന ഒരു മറുപടിയാണ്‌ ഇ എന്‍ ഇബ്‌റാഹീം മൗലവിയില്‍ നിന്നുണ്ടായത്‌. അക്കാര്യം ഈ ലേഖകന്‌ തോന്നിയ അതേ അത്ഭുതത്തോടെയും കൗതുകത്തോടെയും ഒ അബ്‌ദുല്ല സാഹിബ്‌ വിശദീകരിച്ച ഭാഗം തന്നെ ഉദ്ധരിക്കട്ടെ:

    ``ഇബാദത്തിന്‌ ആരാധന, അനുസരണം, അടിമവൃത്തി എന്നീ മൂന്നര്‍ഥങ്ങളുണ്ടെന്നും സൂറത്തുല്‍ ഫാതിഹയിലെ ഇയ്യാക്ക നഅ്‌ബുദു എന്നിടത്ത്‌ ഒരേ സമയം ഈ മൂന്നര്‍ഥങ്ങളും വിവക്ഷിതമാണെന്നുമുള്ള മൗദൂദി സാഹിബിന്റെ അഭിപ്രായം അദ്ദേഹത്തിന്‌ മുമ്പ്‌ ആരെങ്കിലും പറഞ്ഞതായി ഉദ്ധരിക്കാമോ എന്ന്‌ അവര്‍ ആവര്‍ത്തിച്ചു ചോദിച്ചു. ഈ ചോദ്യത്തെ ഒരു കൂസലുമില്ലാതെ `ഇല്ല' എന്ന്‌ പറഞ്ഞുകൊണ്ട്‌ ഇ എന്‍ നേരിട്ടത്‌ സദസ്സില്‍ കൗതുകമുണര്‍ത്തി. ഇ എന്നിന്‌ മുമ്പ്‌ ജമാഅത്ത്‌ പക്ഷത്തുനിന്ന്‌ മറ്റാരും ഇങ്ങനെ പറഞ്ഞതായി അറിയില്ല.'' (ശബാബിലെ ലേഖനത്തില്‍ നിന്ന്‌)

    ഇ എന്‍ അല്ലാതെ മറ്റൊരു ജമാഅത്തുകാരനും ഇങ്ങനെ സത്യസന്ധമായി മറുപടി പറഞ്ഞ്‌ വാദപ്രതിവാദത്തില്‍ തോല്‍ക്കുമെന്നും തോന്നുന്നില്ല. ജമാഅത്തെ ഇസ്‌ലാമി ഇബാദത്തിന്റെ അര്‍ഥത്തില്‍ വരുത്തിയ ആദര്‍ശമാറ്റത്തിന്‌ ചരിത്രത്തിന്റെയോ പ്രമാണങ്ങളുടെയോ പണ്ഡിതന്മാരുടെയോ പിന്തുണയില്ലാ എന്ന്‌ വ്യംഗ്യമായി സമ്മതിക്കുന്ന ജമാഅത്ത്‌ ചരിത്രത്തിലെ ഒരു വഴിത്തിരിവായി മാറിയേക്കാവുന്ന മറുപടിയാണ്‌ ഇ എന്‍ എന്ന ജമാഅത്ത്‌ പണ്ഡിതന്റെ `ഇല്ല' എന്ന ഉത്തരം എന്ന്‌ വ്യക്തം.

    ReplyDelete
  11. അപ്പോള്‍ തങ്ങള്‍ ഇബാദത്തിന്‌ മൂന്നര്‍ഥം നല്‍കി മൗദൂദിയുടെ വികലമായ മതരാഷ്‌ട്രവാദത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ സിദ്ധാന്തങ്ങള്‍ക്ക്‌ നിലനിര്‍ക്കാന്‍ ധാര്‍മികമായി അര്‍ഹതയില്ല എന്ന്‌ സ്വയം സമ്മതിക്കുന്ന ഈ വാദപ്രതിവാദ പരിണതി എങ്ങനെയാണ്‌ `ആരും ജയിക്കുകയോ തോല്‍ക്കുകയോ ഉണ്ടായില്ല' എന്ന നിഷ്‌പക്ഷ നിരീക്ഷണമാവുക? ആരുടെ ആദര്‍ശമാണ്‌ സമര്‍ഥിക്കപ്പെട്ടതെന്നും ആരുടെ ആദര്‍ശമാണ്‌ സമര്‍ഥിക്കപ്പെടാന്‍ കഴിയാതെ `കുള'മായതെന്നും നിഷ്‌പക്ഷനായ മധ്യസ്ഥന്‍ പരിശോധിച്ച്‌ തനി സ്വരൂപത്തില്‍ പുറത്തിറക്കപ്പെടുന്ന സിഡി കണ്ടാല്‍ ഏവര്‍ക്കും ബോധ്യപ്പെടാവുന്നതുമാണ്‌.

    അടിക്കുറിപ്പ്‌: മതവിഷയത്തിലുള്ള സംഘടനാ വാദപ്രതിവാദങ്ങളെല്ലാം `കാളപൂട്ടാ'ണെന്നും മദ്യംപോലെ വര്‍ജിക്കപ്പെടേണ്ടതാണ്‌ സംഘടനകള്‍ തമ്മിലുള്ള വാദപ്രതിവാദമെന്നുമുള്ള ജമാഅത്തിന്റെ പഴയതും പുതിയതുമായ നിലപാടുകള്‍ക്കു നേരെയുള്ള ഒരു പൊളിച്ചെഴുത്ത്‌ കൂടിയാണ്‌ മുക്കത്ത്‌ നടന്ന മുജാഹിദ്‌-ജമാഅത്ത്‌ സംവാദം.

    ReplyDelete
  12. "ലാ ഇലാഹ ഇല്ലല്ലാ മുഹമ്മദു റസൂലുല്ലാ" എന്ന സത്യത്തില്‍ വിശ്വസിച്ച് നടക്കുന്ന ഒരു മുസ്ലീമിനെ കണ്‍ഫ്യൂഷ്യനിലാക്കുന്ന സുന്നി-ജമാഅത്ത്-മുജാഹിദ് സംഘടനകളെ എന്താ പറയേണ്ടത്?

    ReplyDelete
  13. @ഫിയൊനിക്സ് കൺഫ്യൂഷനാക്കുന്നവരെ ജമാ‌അത്തെ ഇസ്‌ലാമി എന്നു പറയാമല്ലോ!

    ReplyDelete

വന്നതിനും വായിച്ചതിനും നന്ദി . . താങ്കള്‍ക്കു വിഷയവുമായി ബന്ധപ്പെട്ടു പറയുവാനുള്ളത് ഇവിടെ എഴുതുക. കമന്റ്‌ moderation ഉണ്ട് . കോപ്പി പേസ്റ്റ് കമന്റ്‌ കല്‍ അനുവദനീയമല്ല .
മറ്റുള്ളവ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും .